കോട്ടയം: പഴയിടത്ത് റിട്ട. പൊതുമരാമത്ത് സൂപ്രണ്ട് തീമ്പനാൽ (ചൂരപ്പാടിയിൽ) എൻ. ഭാസ്‌കരൻ നായർ (75), ഭാര്യ തങ്കമ്മ (69, റിട്ട. കെ.എസ്.ഇ.ബി) എന്നിവരെ ചുറ്റികയ്‌ക്ക് തലയ്‌ക്കടിച്ച് കൊന്ന കേസിൽ ബന്ധു ചൂരപ്പാടിയിൽ അരുൺ ശശിക്ക് (39) വധശിക്ഷ. കൊല്ലപ്പെട്ടവരുടെ മക്കൾക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോട്ടയം അഡിഷണൽ സെഷൻസ് ജഡ്ജി ജെ. നാസർ വിധിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസിൽ പ്രതി ദയ അർഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി.
ഭവന ഭേദനത്തിന് അഞ്ച് വർഷം കഠിന തടവും 5,000 രൂപ പിഴയും, കവർച്ചയ്ക്ക് ഏഴ് വർഷം കഠിന തടവും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം. 2013 ആഗസ്റ്റ് 28നാണ് തങ്കമ്മയുടെ സഹോദര പുത്രനായ അരുൺ ഇരുവരെയും തലയ്‌ക്കടിച്ച് കൊന്നത്. തലയണയ്ക്ക് മുഖത്ത് അമർത്തി മരണം ഉറപ്പാക്കി. തുടർന്ന് സ്വർണവും പണവും അപഹരിച്ചു. കഞ്ഞിക്കുഴിയിൽ വീട്ടമ്മയുടെ മാല മോഷ്ടിക്കുന്നതിനിടെ അരുൺ കോട്ടയം ഈസ്റ്റ് പൊലീസിന്റെ പിടിയിലായതോടെയാണ് ക്രൂരതയുടെ ചുരുളഴിഞ്ഞത്.
ആഡംബര ജീവിതത്തിന് അരുംകൊല
രണ്ട് പെൺമക്കളും വിവാഹിതരായതിനാൽ മകനെപ്പോലെയായിരുന്നു ദമ്പതികൾക്ക് അരുൺ. മാതാവ് മരിച്ച അരുണിനെ സാമ്പത്തികമായി സഹായിച്ചിരുന്ന ഭാസ്കരൻ നായരോട് പുതിയ കാർ വാങ്ങാൻ പണം ചോദിച്ചെങ്കിലും കൊടുത്തില്ല. ഇതിലുള്ള വിരോധമാണ് കൊലയിലേക്ക് നയിച്ചത്. വിധി കേൾക്കാനായി മക്കളായ ബിനുവും ബിന്ദുവും മരുമകൻ രാജുവും മറ്റു ബന്ധുക്കളും കോടതിയിൽ എത്തിയിരുന്നു. മോഷണക്കേസുകളിൽ ജയിലിലുള്ള അരുണിനെ തിരുവനന്തപുരം സെൻട്രൽ ജയിലേക്ക് മാറ്റി.
'പ്രാർത്ഥനയ്ക്ക് ഫലമുണ്ടായി. വിധിയിൽ സന്തോഷം. ഒപ്പം നിന്ന എല്ലാവർക്കും നന്ദി".
- മക്കളായ ബിനു, ബിന്ദു
' പ്രോസിക്യൂഷൻ വാദങ്ങളെല്ലാം കോടതി അംഗീകരിച്ചു. പണത്തിനായി ക്രൂരത ചെയ്യുന്നവർക്കുള്ള താക്കീതാവണം വിധിയെന്ന് കോടതി പറഞ്ഞു".
- അഡ്വ. കെ. ജിതേഷ്, പ്രോസിക്യൂട്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |