തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ ഏക ഭൗതിക തിരുശേഷിപ്പായ ദിവ്യ ദന്തങ്ങൾ നവി മുംബയിലെ ഗുരുദേവഗിരി കോംപ്ലക്‌സിലെ ക്ഷേത്രത്തിൽ തന്നെ ഭക്തർക്ക് ദർശന സൗഭാഗ്യമേകും. പ്രത്യേക സ്വർണ പേടകത്തിൽ വായുകടക്കാത്ത കവചത്തിലാക്കി സൂക്ഷിച്ചിട്ടുള്ള ദന്തങ്ങൾ ശിവഗിരിയിലെത്തിക്കില്ലെന്ന് ശ്രീനാരായണ മന്ദിരസമിതി ഭാരവാഹികൾ പ്രതികരിച്ചു. രണ്ടു കൃത്രിമ ദന്തങ്ങളും ഒരു അണപ്പല്ലുമുൾപ്പടെ മൂന്നെണ്ണമാണ് ഇവിടെയുള്ളത്.
ദന്തങ്ങൾ കൈവശമുണ്ടായിരുന്ന ഡോ. ജി.ഒ. പാലിന്റെ മകൻ ഡോ. ഗോപാൽ ശിവരാജ് പാൽ പ്രത്യേക കരാറെഴുതിയാണ് ശ്രീനാരായണ മന്ദിര സമിതിക്ക് കൈമാറിയത്. കരാർ പ്രകാരം ദന്തങ്ങളുടെ കൈവശാവകാശം ശ്രീനാരായണ മന്ദിര സമിതിക്കാണ്. എല്ലാ ഫെബ്രുവരിലും ആദ്യ വെള്ളി മുതൽ ഞായർ വരെയുള്ള ഗുരുദേവഗിരി തീർത്ഥാടനത്തിന്റെ അവസാന ദിവസമാണ് ദന്തങ്ങൾ വണങ്ങാൻ ഭക്തർക്ക് അവസരമുള്ളത്. ലക്ഷക്കണക്കിന് പേർക്ക് ദർശന സായൂജ്യം നൽകുന്ന ദന്തങ്ങൾ മുംബയിൽ തന്നെ തുടരണമെന്നാണ് ഭരണസമിതി ആഗ്രഹിക്കുന്നതെന്ന് പ്രസിഡന്റ് എം.ഐ. ദാമോദരൻ 'കേരളകൗമുദി"യോട് പറഞ്ഞു.
ശ്രീ നാരായണ ഗുരുദേവന്റെ തിരുശേഷിപ്പായ ദിവ്യ ദന്തങ്ങൾ കൈമാറാൻ സന്നദ്ധതയറിയിച്ച് ശിവരാജ് പാലടക്കം ആരും സമീപിച്ചിട്ടില്ലെന്നും, ദന്തങ്ങൾ കൈമാറാൻ തയ്യാറായാൽ സന്തോഷത്തോടെയും ഭക്തി ആദരവോടെയും ഏറ്റുവാങ്ങുമെന്നും ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും പറഞ്ഞു.
ദിവ്യ ദന്തങ്ങൾ ലഭിച്ചത് ഡോ. ജി.ഒ. പാലിന്
ഗുരുദേവനും ഡോ. ജി.ഒ. പാലിന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. 1925ൽ ഡോ. പാലിന്റെ വീട്ടിലെത്തിയപ്പോൾ തനിക്ക് കലശമായ പല്ലുവേദനയുണ്ടെന്ന് ഗുരുദേവൻ അറിയിച്ചു. തുടർന്ന് പല്ലെടുക്കാനുള്ള തയ്യാറെടുപ്പുകളോടെ ഡോ. പാൽ ശിവഗിരിയിലെത്തി. അണപ്പല്ലും അഞ്ച് വർഷം മുൻപ് ഘടിപ്പിച്ച രണ്ട് കൃതിമ പല്ലുകളും ഇളക്കി. ഇതാണ് ഡോക്ടർ നിധിപോലെ സൂക്ഷിച്ചത്. വർഷങ്ങൾക്ക് ശേഷം ഡോക്ടർ അമേരിക്കയിലുള്ള മകൻ ഡോ. ഗോപാൽ ശിവരാജ് പാലിന്റെ അടുത്ത് പോയപ്പോഴും ഇവ ഒപ്പം കൊണ്ടുപോയി. 1996ൽ മടങ്ങിയെത്തിയ ഡോ. പാൽ 96-ാമത്തെ വയസിൽ അന്തരിച്ചു. ദിവ്യദന്തങ്ങൾ സുഹൃത്തായ ആലുമൂട്ടിൽ ശിവദാസൻ മാധവനെ ഏൽപ്പിക്കണമെന്ന് മരിക്കും മുമ്പ് അദ്ദേഹം മകനോട് പറഞ്ഞിരുന്നു. ഒപ്പം ഭക്തർക്ക് ദർശനമേകും വിധം അനുയോജ്യമായ സ്ഥലത്ത് സൂക്ഷിക്കണമെന്നും നിർദ്ദേശിച്ചു. ഇതിനായി ശിവദാസൻ മാധവൻ ശ്രമിച്ചപ്പോഴാണ് ശ്രീനാരായണ മന്ദിര സമിതിയുടെ അന്നത്തെ പ്രസിഡന്റ് ഡോ. കെ.കെ. ദാമോദരൻ ദന്തങ്ങൾ സമിതിക്ക് നൽകാൻ അഭ്യർത്ഥിച്ചത്. തുടർന്ന് ടാറ്റാ സൺസ് മുൻ ഡയറക്ടർ ആർ.കെ. കൃഷ്ണകുമാർ ശിവദാസൻ മാധവനിൽ നിന്ന് ദിവ്യദന്തങ്ങൾ വാങ്ങി ഡോ. കെ.കെ. ദാമോദരന് കൈമാറി. ദന്തങ്ങൾ സൂക്ഷിക്കാൻ പ്രത്യേക ക്ഷേത്രവും നിർമ്മിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |