ചിറക്കൽ: ചിറക്കൽ കോവിലകം ദേവസ്വം പാരമ്പര്യ ട്രസ്റ്റി, കോലത്തിരി ചിറക്കൽ വലിയരാജ പൂയം തിരുനാൾ സി.കെ. രവീന്ദ്ര വർമ്മ (88) അന്തരിച്ചു. ചിറക്കൽ രാജാസ് ഹൈസ്‌കൂൾ പ്രധാനാദ്ധ്യാപകനായിരുന്നു. വളപട്ടണം വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സിൽ അക്കൗണ്ടന്റായും ദീർഘകാലം സേവനമനുഷ്ഠിച്ചു. കേരള ഫോക്‌ലോർ അക്കാഡമി, ക്ഷേത്ര കലാ അക്കാഡമി എന്നിവയിൽ ദീർഘകാലം അംഗമായിരുന്നു. സംഗീത നൃത്തനാടകങ്ങളും കവിതാ സമാഹാരങ്ങളും എഴുതിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാഡമി ഗുരുപൂജ പുരസ്‌കാരം, കെ.രാമവർമ്മ സാഹിത്യ പുരസ്‌കാരം തുടങ്ങിയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
കിളിമാനൂർ കൊട്ടാരത്തിൽ പരേതനായ കെ.ആർ. രാജരാജവർമ്മയുടെയും ചിറക്കൽ കോവിലകത്ത് പരേതയായ അനിഴം നാൾ ഓമന തമ്പുരാട്ടിയുടെയും മകനാണ്. ഭാര്യ: എണ്ണക്കാട് വടക്കേമഠം കൊട്ടാരത്തിൽ ശാന്തകുമാരി തമ്പുരാട്ടി (ചിറക്കൽ രാജാസ് ഹൈസ്‌കൂൾ മുൻ അദ്ധ്യാപിക). മക്കൾ: ഗായത്രി വർമ്മ (അദ്ധ്യാപിക, ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് ഹൈസ്‌കൂൾ, മുംബയ്), ഗംഗാ വർമ്മ (അദ്ധ്യാപിക, ഭവൻസ് വിദ്യാമന്ദിർ, എളമക്കര), ഗോകുൽ വർമ്മ (റീജണൽ ബിസിനസ് ഹെഡ്, ശ്രീരാം ഫൈനാൻസ്, കണ്ണൂർ). മരുമക്കൾ: പ്രദീപ് വർമ്മ (ടാക്‌സ് കൺസൾട്ടന്റ്, മുംബയ്), ആർ.വി. രവികുമാർ (ബിസിനസ്, എറണാകുളം), ലക്ഷ്മി വർമ്മ.
സഹോദരൻ ഉത്രട്ടാതി തിരുനാൾ സി.കെ. രാമവർമ്മ ഇളയരാജയായിരിക്കും അടുത്ത ചിറക്കൽ കോവിലകം വലിയ രാജയായി ചുമതലയേൽക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |