കൈനിറയെ പണം വേണം. വലംകൈയിലും ഇടംകൈയിലും അത് മുറുകെ പിടിച്ചിരിക്കണം - ഇടത്തരം കുടുംബത്തിലെ മൂത്തയാളായ ചന്ദ്രലേഖ ആശിച്ചതും പ്രാർത്ഥിച്ചതും അതായിരുന്നു. സമയം ഇഷ്ടംപോലെയുണ്ട്. കൂട്ടുകാരും ബന്ധുക്കളും ഇഷ്ടംപോലെ. ഇല്ലാത്തത് സമ്പത്തു മാത്രം. അച്ഛൻ പണത്തിന് ഒരു വിലയും കല്പിക്കില്ല. എല്ലാം അങ്ങു നടക്കും. കാശില്ലാതെ കോടാനുകോടി ജീവജാലങ്ങൾ പൂക്കുന്നില്ലേ? നദികൾ ഒഴുകുന്നില്ലേ? മനുഷ്യനു മാത്രമല്ലേയുള്ളൂ പണവും അതിനായുള്ള നെട്ടോട്ടവും ആർത്തിയും. അച്ഛന്റെ പണവിരുദ്ധ വാദങ്ങൾ കേൾക്കുമ്പോൾ അമ്മയ്ക്ക് കോപം വരും. നിസാരവിലയ്ക്ക് അച്ഛൻ വിറ്റ ഭൂമിയെക്കുറിച്ച് അമ്മ ഓർമ്മിപ്പിക്കും. പിന്നെ ഇരുവരും തമ്മിൽ തർക്കമാകും. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നതിനെക്കുറിച്ച് അമ്മ പല സ്വരത്തിലും ഭാവത്തിലും പറഞ്ഞുകൊണ്ടിരിക്കും. അപ്പോഴൊക്കെ ചന്ദ്രലേഖ ദൈവത്തോട് പ്രാർത്ഥിക്കും. കൈനിറയെ പണം വരുന്ന നാളിനായി.
പഠിച്ചിറങ്ങിയപ്പോൾത്തന്നെ ജോലികിട്ടി. അതും നല്ലൊരു കേന്ദ്ര സർക്കാർ വകുപ്പിൽ. ഭർത്താവും നല്ല ഉദ്യോഗസ്ഥൻ. ഇരുവർക്കും കൂടി നല്ലൊരു തുക െെകയിൽ വരും. ശമ്പളം വാങ്ങുന്ന ദിവസം കഷ്ടപ്പെടുന്ന ചില ബന്ധുക്കൾക്ക് പണം അയക്കും. അഞ്ചുവയസുവരെ വളർത്തിയ സഹായിയായ സ്ത്രീക്ക് മണിഓർഡർ അയയ്ക്കും. പണം അത്യാവശ്യത്തിന് വന്നപ്പോൾ ചന്ദ്രലേഖയെ അലട്ടാൻ തുടങ്ങിയത് സമയമില്ലായ്മ. ജോലിയും വീട്ടുകാര്യങ്ങളും കഴിഞ്ഞാൽ വേണ്ട കാര്യങ്ങൾക്കൊന്നും സമയമില്ല. വിവാഹം, മരണം, ഗൃഹപ്രവേശം, ഉറ്റവരുടെ രോഗാവസ്ഥ എന്നിവയ്ക്കൊന്നും സമയം കിട്ടാറില്ല. പണമില്ലായ്മയെക്കാൾ കഠിനമാണ് സമയമില്ലായ്മ. ഭർത്താവിനാകട്ടെ ഇത്തരം കാര്യങ്ങളിൽ വലിയ താല്പര്യമില്ല. വിവാഹം ക്ഷണിച്ചുവരുമ്പോൾത്തന്നെ ചില തന്ത്രങ്ങൾ പ്രയോഗിക്കും. അന്ന് അഞ്ച് കല്യാണമുണ്ട്. എങ്ങനെ ഓടിയെത്തും. ചിലരോട് ഔദ്യോഗികയാത്ര എന്നൊക്കെ തട്ടിവിടും. അതു കേൾക്കുമ്പോൾ ചന്ദ്രലേഖയ്ക്ക് ഉള്ളിൽ വിഷമം തോന്നും.
ഈയിടെ പിതാവിന്റെ പത്താം ചരമവാർഷിക ദിനത്തിൽ ബന്ധുക്കൾ ഒത്തുകൂടിയപ്പോഴാണ് ചന്ദ്രലേഖ ഓരോ സമയത്തും കടന്നുവരുന്ന 'ഇല്ലായ്മ"കൾ പങ്കുവച്ചത്. കേട്ടിരുന്നവരും അതിനോട് യോജിച്ചു. ചിലർ ശമ്പളവും കിമ്പളവുമെല്ലാം സ്വരുക്കൂട്ടിവയ്ക്കും. റിട്ടയർമെന്റിനു ശേഷം ഉല്ലാസയാത്രകൾ നടത്താൻ. പണവും സമയവും ഒത്തുവരുമ്പോൾ ആരോഗ്യമില്ലായ്മയായിരിക്കും ഭീഷണി. യാത്രകൾക്കുവേണ്ടി വലിയ വലിയ ചിട്ടികൾ കെട്ടിയവർ ഓർക്കാപ്പുറത്തെത്തിയ രോഗാരിഷ്ടതകളിൽ കുടുങ്ങിയതും ചർച്ചാവിഷയമായി. പണവും സമയവും ആരോഗ്യവും ഒത്തുവന്നവരിൽ പലർക്കും വീട്ടിലെ പ്രതികൂല സാഹചര്യങ്ങളാണ് വില്ലനാകുന്നത്. പേരക്കുട്ടികൾ, അവരുടെ വിദ്യാഭ്യാസം, അവരുടെ ആരോഗ്യപ്രശ്നങ്ങൾ എന്നിവയാണ്.
വിശക്കുമ്പോൾ ആഹാരം കഴിക്കണം. അതിന് രാഹുകാലവും ഗുളികകാലവും നോക്കിയിരുന്നാൽ ഇഷ്ടഭക്ഷണത്തിൽ പല്ലിയോ ചിലന്തിയോ പാറ്റയോ ഇഷ്ടക്കേടുണ്ടാക്കിയെന്ന് വരാം - കേട്ടിരുന്ന ഒരു വയസായ സ്ത്രീ പറഞ്ഞപ്പോൾ ചന്ദ്രലേഖയും യോജിച്ചു. കാഴ്ചയില്ലാത്തയാൾ ആനയെ സ്പർശിച്ച് തർക്കിച്ച് സമയം പാഴാക്കുന്നു. കാഴ്ചയുള്ളയാളും കണ്ണുകളടച്ച് ആനയെ കാണാൻ ശ്രമിച്ചാൽ കാര്യമുണ്ടോ. ഇല്ലായ്മകളൊഴിഞ്ഞിട്ട് ജീവിക്കാം എന്ന് കരുതുന്നതും അതുപോലെയല്ലേ. ആ ചോദ്യം ഉത്തരം കാണാതെ മൂളിപ്പറന്നു.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |