പാലോട് ദിവാകരൻ
നാല് പതിറ്റാണ്ടോളം നീളുന്ന എഴുത്ത് ജീവിതത്തിൽ യാതൊരു രാഷ്ട്രീയ ചായ്വുമില്ലാതെ പാലോട് ദിവാകരൻ എന്ന തിരുവനന്തപുരം സ്വദേശി എഴുതി തീർത്തത് ആറ് മുൻ മുഖ്യമന്ത്രിമാരുടെ ജീവചരിത്രങ്ങൾ. ആർ. ശങ്കർ, സി. കേശവൻ, ഉമ്മൻചാണ്ടി, വി. എസ്. അച്യുതാനന്ദൻ, സി. അച്ചുതമേനോൻ എന്ന് തുടങ്ങി ഒടുവിൽ ഇപ്പോൾ ഇ.എം.എസിൽ എത്തി നിൽക്കുന്നു. ചെറുകഥകളും ജീവചരിത്രങ്ങളുമടക്കം 32 പുസ്തകങ്ങൾ രചിച്ചു. അതിൽ 30 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. എഴുത്തിനെ ജീവിതത്തിന്റെ ഭാഗമാക്കിയതിനൊപ്പം നാടകവും അഭിനയവും അദ്ദേഹത്തിന് എന്നും ഹരമാണ്. എസ്. എസ്.എൽ.സി പഠനകാലത്ത് ഏകാന്ത നാടകങ്ങളെഴുതി സ്കൂളിൽ അവതരിപ്പിക്കുകയും പിന്നീട് നാടകങ്ങൾ എഴുതി പുറത്ത് കൊടുക്കുകയും ചെയ്തിരുന്നു. ചെറുകഥകളാണ് ആദ്യം എഴുതിയത്.
ആറ്റിങ്ങൽ രഞ്ജിനി തീയേറ്റേഴ്സിന്റെ ലാൽസലാം എന്ന നാടകത്തിൽ ഡബിൾ ക്യാരക്ടർ അവതരിപ്പിച്ചു കൊണ്ടാണ് പ്രൊഫഷണൽ നാടകത്തിലേക്ക് പ്രവേശിക്കുന്നത്. സിനിമയിലും സീരിയലുകളിലുമായി എൺപത്തിയൊൻപതോളം വേഷങ്ങൾ ചെയ്തു കഴിഞ്ഞു. ബാലസാഹിത്യം, യാത്രാവിവരണം തുടങ്ങിയവ ഒഴിച്ചാൽ ബാക്കി എല്ലാ വിഷയങ്ങളിലും അദ്ദേഹം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. 37 വർഷം നീണ്ടുനിന്ന സഹകരണ മേഖലയിലെ തന്റെ ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ട് ദിവാകരൻ എഴുത്തിൽ മുഴുകിയിരിക്കുകയാണിപ്പോൾ.
ആ സായാഹ്നം മുതൽ
അദ്ദേഹത്തെ നെഞ്ചിലേറ്റി
പതിനാറാമത്തെ വയസ്സിൽ ടൈപ്പ് റൈറ്റിംഗ് പഠിക്കവെ ദിവാകരൻ ക്ലാസ് കഴിഞ്ഞ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമിറങ്ങിയ സമയത്ത് ഒരു കാർ തന്റെ മുൻപിൽ വന്ന് നിൽക്കുന്നതും ആ കാറിന്റെ ഇടതുഭാഗത്തെ ഡോർ തുറന്ന് ഒരാൾ കടയിലേക്ക് കയറുന്നതും കണ്ടു. ആ കടയിലേക്ക് തിരിഞ്ഞൊന്നു നോക്കിയപ്പോൾ അവിടെ അൻപത്തിയേഴിലെ മന്ത്രിസഭയുടെ ഒരു പടം ഉണ്ടായിരുന്നു. അങ്ങനെ അത് ഇ. എം. എസ് ആണെന്ന് മനസ്സിലാക്കിയ ആ കൊച്ചു ബാലൻ ആ സമയം ഇ.എം.എസ് നമ്പൂതിരിപ്പാട് സിന്ദാബാദ് എന്ന് വിളിച്ചു പറഞ്ഞു.
ഇ.എം.എസിന്റെ യോഗം ഉണ്ടായിരുന്നതിനാൽ പ്രവർത്തകരെല്ലാം അവിടെ നടക്കുന്ന പരിപാടിയുടെ ഡെക്കറേഷൻ വർക്കുകളിലായിരുന്നു. ഇ. എം. എസ് അന്ന് രണ്ടു മൂന്നു മണിക്കൂർ നേരത്തെ വന്നിരുന്നു. അങ്ങനെയാണ് സഖാവ് ഇ. എം. എസ് നമ്പൂതിരിപ്പാട് സിന്ദാബാദ് എന്ന് വിളിച്ചത്. അന്നു മുതൽ അതായത് 1967 മുതൽ അദ്ദേഹത്തെക്കുറിച്ച് എഴുതാൻ ആ കൊച്ചു ബാലൻ ആഗ്രഹിച്ചു. എന്നാൽ ആ ആഗ്രഹം പൂർത്തിയാക്കാൻ ഇത്രയും കാലം കാത്തിരുന്നു. തിരുവനന്തപുരം ജില്ലയിൽ ഇ.എം.എസിന്റെ പ്രസംഗങ്ങൾ എവിടെയുണ്ടോ അതെല്ലാം ഒന്നു പോലും വിടാതെ കേൾക്കുമായിരുന്നു.
ഓരോ ജീവചരിത്രത്തിന് പിന്നിലും ഓരോ കഥകൾ പാലോട് ദിവാകരന് പറയാനുണ്ട്. ഒന്നും രണ്ടും വർഷങ്ങളെടുത്താണ് ഓരോ ജീവചരിത്രങ്ങളും തയ്യാറാക്കുന്നത്. കൃത്യമായ വസ്തുതകൾ മക്കളിൽ നിന്നും അവരുടെ ബന്ധപ്പെട്ടവരിൽ നിന്നുമായി ശേഖരിക്കുന്നതാണ് ഒരാളെക്കുറിച്ചെഴുതുന്നതിന്റെ ആദ്യപടി.കൃത്യമായൊരു തയ്യാറെടുപ്പുണ്ടെങ്കിൽ യാതൊരു ബുദ്ധിമുട്ടും നമുക്ക് നേരിടേണ്ടി വരില്ലെന്ന് ദിവാകരൻ പറയുന്നു.
ചക്രവാളം, കൽപ്രതിമ, സമരം, ഡൊണേഷൻ, ഇരുളിൽനിന്ന് എന്നീ ലഘുനാടകങ്ങളും പൂജാരിയുടെ സ്വപ്നം, താളം തെറ്റിയ മനസ്സ്, മാരാരെ ചെണ്ട, യാത്രാമൊഴി, ദയാവധം, വാത്സല്യകോടതി, പഴുത്ത പ്ലാവില എന്നീ കവിതകളും യുഗങ്ങൾ, കൽവിളക്കുകൾ, സഹകരണ ദർപ്പണം, തനിയെ, ഇ.എം.എസ് മുതൽ വി.എസ് വരെ, മലയാള നാടകം അരങ്ങും അണിയറയും, ഗ്രാമത്തിനൊരു കാണിക്ക, കേരള നിയമസഭയിലെ വനിതാ സാമാജികർ, അനാമിക മകം നക്ഷത്രം, നമ്മുടെ മുഖ്യമന്ത്രിമാർ, പകച്ചുനിന്ന സൂര്യകിരണങ്ങൾ, അക്ഷരങ്ങളെ അഗ്നിയാക്കിയവർ, വിഎസ് ഒരു ജനവികാരം, ഭരണരഥം, ആറുപതിറ്റാണ്ട്, ഉമ്മൻചാണ്ടി, ആർ. ശങ്കർ എന്റെ ഇന്നലെകൾ, മലയാള സിനിമ അന്നും ഇന്നും, ഉർവശി ഭരത് ജേതാക്കൾ തുടങ്ങിയവ പാലോട് ദിവാകരന്റെ പ്രശസ്ത ഗ്രന്ഥങ്ങളാണ്. ഏറ്റവും നല്ല മലയാള നാടക ഗ്രന്ഥത്തിനുള്ള 2018ലെ തിക്കുറിശ്ശി അവാർഡ് മലയാളനാടകം അരങ്ങും അണിയറക്കും ലഭിച്ചിരുന്നു. 2021ൽ സത്യജിത് റേ ഗോൾഡൻ എ ആർ സി അവാർഡ് ലഭിച്ചു. ഭാര്യ ആർ. ശ്രീകല, മകൾ ലക്ഷ്മി നായർ മരുമകൻ എം. വി രാജേഷ്. പട്ടവും പനമ്പിള്ളിയും എന്ന ജീവചരിത്രത്തിന്റെയും തിരുമനസുകളുടെ തിരുവിതാംകൂറും തിരുവനന്തപുരവുമെന്ന ഗ്രന്ഥത്തിന്റെയും തയാറെടുപ്പിലാണ് പാലോട് ദിവാകരൻ.
പാലോട് ദിവാകരന്റെ ഫോൺ: 9496264171)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |