തിരുവനന്തപുരം : എറണാകുള തൃപ്പൂണിത്തുറയിൽ പൊലിസ് കസ്റ്റഡിയിൽ ഇരുമ്പനം സ്വദേശി മനോഹരൻ കുഴഞ്ഞു വീണ് മരിച്ചതിന് കാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടന്നത്. ശരീരത്തിൽ മർദ്ദനമേറ്റ പാടുകളില്ല. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ട്. ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
വാഹനപരിശോധനയ്ക്കിടെ മനോഹരനെ പൊലീസ് മർദ്ദിച്ചുവെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു.
അതേസമയം സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ കൊച്ചി പൊലീസ് കമ്മിഷണർക്ക് മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശം നൽകി.
ഇന്നലെ രാത്രി 9നാണ് ഇരുമ്പനം കർഷക കോളനിയിലെ വളവിൽ ഹിൽ പാലസ് പൊലീസ് സംഘം പരിശോധന നടത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന മനോഹരനെ ഇരുട്ടിൽ ഒരു പൊലീസുകാരൻ കൈകാണിച്ചു. വാഹനം നിറുത്താതെ മുന്നോട്ടുപോയ മനോഹരനെ വളവിൽ വച്ച് പൊലീസ് സംഘം തടഞ്ഞു. വണ്ടി നിറുത്താത്തത് ചോദ്യം ചെയ്ത പൊലീസ് മുഖത്തടിച്ചു എന്നാണ് ദൃക്സാക്ഷിയുടെ മൊഴി, പരിശോധനയിൽ മദ്യപിച്ചില്ല എന്ന് വ്യക്തമായതിന് പിന്നാലെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടു പോയി. പിന്നാലെ മനോഹരൻ കുഴഞ്ഞു വീഴുകയായിരുന്നു. ആദ്യം തൃപ്പൂണിത്തുറ ആശുപത്രിയിലും പിന്നാലെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്തുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |