SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.50 PM IST

വണ്ടിപിടിത്തം മൊത്തം ഡിജിറ്റലാക്കും; റോഡിലെ കാടത്തം നിറുത്തിക്കും

fine

തിരുവനന്തപുരം: വളവുകളിൽ മറഞ്ഞു നിന്ന് വാഹനത്തിനു മുന്നിൽ ചാടിവീണുള്ള വാഹനപരിശോധന നിയന്ത്രിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനം. നാലു വർഷം മുൻപ് ലോകബാങ്ക് സഹായത്തോടെ 1.86 കോടി ചെലവിൽ കൊണ്ടുവന്ന ഡിജിറ്റൽ ട്രാഫിക് പരിശോധനാ സംവിധാനം (മൊബൈൽ ആപ്ളിക്കേഷൻ) കർശനമായി നടപ്പാക്കും. പ്രാകൃത രീതി ആവർത്തിക്കുന്നവർക്കെതിരെ നടപടിയെടുക്കും. കൈമടക്ക് വാങ്ങി ശീലിച്ചവരാണ് ഡിജിറ്റൽ പരിശോധനയോട് മുഖംതിരിക്കുന്നതെന്നാണ് സർക്കാർ നിഗമനം.

ബൈക്കിൽ വീട്ടിലേക്ക് പോകവേ ഇടവഴിയിൽ വച്ച് എസ്.ഐയുടെ മർദ്ദനത്തിനിരയായി തൃപ്പൂണിത്തുറ സ്വദേശി മനോഹരൻ ദാരുണമായി മരണപ്പെട്ടതാണ് സർക്കാരിന്റെ കണ്ണ് തുറപ്പിച്ചത്. ഡിജിറ്റൽ സംവിധാനങ്ങളിലൂടെയുള്ള പിഴയിടലിന്റെയും ട്രാഫിക് പരിശോധനയുടെയും വിവരങ്ങൾ പൊലീസ് മേധാവിയോട് അടിയന്തരമായി തേടും. ഡിജിറ്റൽ പരിശോധന എത്രത്തോളം കാര്യക്ഷമമാണെന്ന് പഠിക്കും. പുതിയ മാർഗ്ഗനിർദ്ദേശവും ഉടൻ പുറപ്പെടുവിക്കും.

ഹൈക്കോടതിയുടെ അന്ത്യശാസനത്തെ തുടർന്നാണ് നാലുവർഷം മുൻപ് പൊലീസുകാരുടെ മൊബൈലിൽ അത്യാധുനിക ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് നിയമലംഘനം കണ്ടെത്തി പിഴയിടുന്ന സംവിധാനമൊരുക്കിയത്. അമിതവേഗത, അപകടകരമായ ഡ്രൈവിംഗ്, തെറ്റായ ഓവർടേക്കിംഗ്, ചുവപ്പ്സിഗ്നൽ, മഞ്ഞവര മറികടക്കൽ, വൺവേ ലംഘനം, തെറ്റായ പാർക്കിംഗ് എന്നിവ ഇതിലൂടെ കണ്ടെത്താം. തിരുവനന്തപുരത്താണ് കൺട്രോൾ റൂം.

പരിശോധനയുടെയും പെറ്റിയുടെയും പേരിൽ ജനങ്ങളെ റോഡിൽ തടയുന്നതും പിന്തുടരുന്നതും ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. 4000 പൊലീസുകാരെ വാഹനപരിശോധനയിൽ നിന്ന് പിൻവലിക്കാനും കഴിയുമായിരുന്നു. പെറ്റിക്കേസ് തയ്യാറാക്കൽ, നോട്ടീസെഴുതൽ, പിഴയീടാക്കൽ, രജിസ്റ്ററുണ്ടാക്കൽ, സമൻസ് അയയ്ക്കൽ എന്നിവയ്ക്കു വേണ്ട 2000 പൊലീസുകാരെയും കുറയ്ക്കാമായിരുന്നു.

നിർമ്മിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ആയിരത്തോളം കാമറകളും ഇതിനൊപ്പം സ്ഥാപിച്ചെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല. ഓട്ടോമാറ്റിക്കായി നമ്പർ പ്ലേറ്റുകൾ തിരിച്ചറിയാനും ഹെൽമറ്റില്ലാത്തവരെയും സിഗ്നൽ അവഗണിക്കുന്നവരെയും തിരിച്ചറിയാനും കാമറകൾക്കാവും. ഇവ ഏപ്രിലിൽ പ്രവർത്തനക്ഷമമാക്കും.

ഡിജിറ്റൽ പരിശോധന

 പൊലീസുകാരുടെ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്ലിക്കേഷനിൽ നിയമലംഘനങ്ങളുടെ ചിത്രമെടുത്ത് അത് സഹിതം ഉടമയുടെ വിലാസത്തിൽ പിഴ നോട്ടീസയയ്ക്കും

 ഓൺലൈനായോ അക്ഷയയിലോ 15 ദിവസത്തിനകം പിഴയടയ്ക്കാം. കൃത്രിമം കാട്ടാനാവില്ല. മറ്റൊരു ചിത്രമെടുത്ത് ആപ്ലിക്കേഷനിൽ അയയ്ക്കാനോ എഡിറ്റ് ചെയ്യാനോ സാധിക്കില്ല

കാടത്തത്തിന്

ഇരകൾ ഏറെ

 നടുറോഡിൽ തടഞ്ഞപ്പോൾ കൊല്ലത്ത് സ്കൂട്ടർ യാത്രികൻ ലോറിക്കടിയിൽപെട്ട് മരിച്ചത് 2021ൽ

 2003ൽ കാട്ടാക്കട കിള്ളിയിൽ ബൈക്ക് യാത്രക്കാരനെ അടിച്ചുവീഴ്ത്തിയത് പ്രക്ഷോഭത്തിൽ കലാശിച്ചു

 തിരുവനന്തപുരം കാഞ്ഞിരംകുളത്ത് പൊലീസ് ഹാൻഡിലിൽ പിടിച്ചപ്പോൾ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

 കോഴിക്കോട് പന്നിയങ്കരയിൽ പിറകിൽ നിന്ന് അടിച്ചപ്പോൾ രണ്ടു ബൈക്ക് യാത്രികർ ബസിനടിയിൽപെട്ട് മരിച്ചു

 ബാലരാമപുരത്ത് മൂന്നു വയസുകാരിയെ വാഹന പരിശോധനയ്ക്കിടെ ഏറെ നേരം കാറിൽ പൂട്ടിയിട്ടു

ഹൈക്കോടതി നിർദ്ദേശം

വാഹന പരിശോധനയ്‌ക്ക് ഡിജിറ്റൽ സംവിധാനം വേണം

 മുൻകൂട്ടി അറിയിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം പരിശോധന

 സുരക്ഷാ ശീലങ്ങൾ പഠിപ്പിക്കുകയായിരിക്കണം ലക്ഷ്യം

 വാഹനം നിറുത്തിക്കാൻ ചാടി വീഴരുത്, പിറകേ ഓടരുത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DIGITAL TRAFFIC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.