ഞാൻ 'ഇന്നു"എന്നാണ് ഇന്നസെന്റേട്ടനെ വിളിച്ചിരുന്നത്. ഏതു സന്ദർഭത്തിലും കോമഡിയിൽ പൊതിഞ്ഞ കഥ പറഞ്ഞ് ചിരിപ്പിക്കും. ഇന്നസെന്റ് കഥകൾ വായിച്ച് ഞാനൊരിക്കൽ ഇന്നുവിനോട് പറഞ്ഞു: എനിക്കൊരു കഥ വേണം സിനിമ ചെയ്യാൻ. ഇന്നു ചിരിച്ചു. ഇന്നുവിന്റെ സ്വന്തം അനുഭവം 80% ചേർത്ത കഥ ഞാൻ സിനിമയാക്കി.
അതാണ് 'സമ്മർ ഓഫ് 92"എന്ന തമിഴ് ചിത്രം. തമിഴിലെ ഹാസ്യനടനെന്നതിലുപരി മികച്ച നടനെന്ന് വിശേഷിപ്പിക്കാവുന്ന യോഗിബാബു വാണ് മുഖ്യ കഥാപാത്രമായ വേലുസ്വാമിയെ അവതരിപ്പിക്കുന്നത്. തമിഴിലെ പ്രമുഖ ഹാസ്യനടനായ വേലുസ്വാമി താൻ പഠിച്ച സ്‌കൂളിലെ വാർഷിക പരിപാടി ഉദ്ഘാടനം ചെയ്യാനായി എത്തുന്നതാണ് പ്രമേയം. താൻ പഠിക്കുന്ന കാലത്ത് നേരിടേണ്ടിവന്ന അനുഭവങ്ങൾ വേലുസ്വാമി പ്രസംഗത്തിൽ പറയുന്നതിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. വലിയ പഠിത്തമൊന്നുമില്ലെങ്കിലും ജീവിതത്തിൽ വിജയിക്കാനാകുമെന്ന് വേലുസ്വാമി പറയുന്നു.
എന്നെ സംബന്ധിച്ചിടത്തോളം ഇന്നുവിന്റെ പൊതുസ്വാഭാവം ലാളിത്യമായിരുന്നു. ശാഠ്യം കാണിക്കേണ്ട സ്ഥലത്ത് ശാഠ്യം, സ്‌നേഹം കാണിക്കേണ്ട സ്ഥലത്ത് സ്‌നേഹം, അല്പം അഹങ്കാരം കാണിക്കേണ്ടിടത്ത് അത്; എല്ലാം ഈ മനുഷ്യന് വഴങ്ങുമായിരുന്നു.
ജീവിതത്തിന്റെ ഏത് അവസ്ഥയിലും നിന്ന് ചിരിക്കാനും ചിരിപ്പിക്കാനുമുള്ള കഴിവ് ഇന്നുവിനുണ്ടായിരുന്നു. അല്പദിവസങ്ങൾക്കുമുമ്പുവരെ ഇന്നു എന്തൊക്കെയോ പറഞ്ഞ് എന്നെ ചിരിപ്പിച്ചു. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും ഏതു നിമിഷത്തിലും ഞാൻ ഇന്നുവിന്റെ കാൾ പ്രതീക്ഷിക്കും. അത് വരുകയും ചെയ്യും. ആ ഫോൺകാളിൽ ഞാനെന്റെ എല്ലാ വിഷമങ്ങളും മറക്കും.
സംസാരത്തിനിടയിൽ ചിലപ്പോൾ കിട്ടുണ്ണിയും ലൈൻമാൻ കുറുപ്പുമൊക്കെ വരും.
കിലുക്കത്തിലെ ഇന്നസന്റിന്റെ കിട്ടുണ്ണി ഗതികേടുകൊണ്ട് ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്നവരുടെ പ്രതിനിധിയാണ്.
ഒരു സുപ്രഭാതത്തിൽ ഈ ചങ്ങല പൊട്ടിച്ചെറിയണമെന്ന് അവരെല്ലാം ആഗ്രഹിക്കുന്നു. ആ പൊട്ടിത്തെറിയാണ് കിട്ടുണ്ണിച്ചേട്ടന് ലോട്ടറിയടിച്ചപ്പോൾ മുതലാളിക്കെതിരെ പതഞ്ഞുപൊങ്ങിയത്.
ലോട്ടറിയടിച്ചെന്നറിയുമ്പോൾ ഞെട്ടി വീണിട്ട് വീണ്ടും ഇന്നു ഒന്നുകൂടി എഴുന്നേൽക്കാൻ ശ്രമിച്ച് വീഴുന്നൊരു സീനുണ്ട്. എന്റെ നിർദ്ദേശമായിരുന്നു അത്. അപ്പോൾ കൂടുതൽ കൃത്രിമത്വം തോന്നുമെന്നായിരുന്നു ഇന്നുവിന്റെ വാദം. രണ്ടാമത് ചിരിക്കുന്നത് ചേട്ടന്റെ ആത്മാവാണ് എന്നു ഞാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |