SignIn
Kerala Kaumudi Online
Wednesday, 07 June 2023 12.50 AM IST

ചൂട് കൂടുതലാണെന്ന് കരുതി വീട്ടിൽ ഫുൾ ടൈം എസി ഇടരുതേ, വൻ അപകടമാണ്

ac

മതിയായ അറ്റകുറ്റപ്പണി നടത്തി വർഷാവർഷം ഫയർഫോഴ്‌സിന്റെ എൻ.ഒ.സി വാങ്ങണമെന്ന നിബന്ധന കേരളത്തിൽ എത്ര കെട്ടിട ഉടമകൾ പാലിക്കുന്നുണ്ടെന്ന് അന്വേഷിച്ചാൽ, ഭൂരിഭാഗവും നിയമലംഘനം നടത്തുന്നുണ്ടെന്ന് വ്യക്തമാകും. എൻ.ഒ.സി വാങ്ങിയ കെട്ടിടങ്ങളിലാണെങ്കിൽ, അഗ്‌നിശമന ഉപകരണങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടാവില്ല. ചിലയിടങ്ങളിൽ അതെങ്ങനെ പ്രവർത്തിപ്പിക്കണമെന്ന് അറിയുന്നവരുമുണ്ടാകില്ല. തീപ്പിടിത്തങ്ങൾ ഉണ്ടാകുമ്പോൾ ഫയർഫോഴ്സിന്റെ പരിശോധനയിൽ നിയമലംഘനങ്ങളെല്ലാം കണ്ടെത്താറുണ്ട്. ഏഴ് നവജാത ശിശുക്കൾ ചികിത്സയിലിരിക്കേ കഴിഞ്ഞദിവസം സ്വകാര്യആശുപത്രിയിലെ നവജാത ശിശുവിഭാഗം ഐ.സി.യുവിൽ തീപിടിത്തമുണ്ടായത് ജനങ്ങളെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തിയത്. ഉടൻ തീ അണയ്ക്കാനായതിനാൽ വൻ ദുരന്തം ഒഴിവായി.

വേനൽച്ചൂടിൽ നാട് പൊള്ളിനിൽക്കുമ്പോൾ, ഉച്ചയ്ക്ക് 12.20നായിരുന്നു തീപ്പിടിത്തം. ഉടനെ നഴ്‌സുമാർ കുട്ടികളെ മാറ്റി. ഫയർഫോഴ്‌സെത്തി വേഗം തീയണച്ചു. ഐ.സി.യുവിൽ നിന്ന് ലേബർ റൂമിലേക്കും പുകപടർന്നു. രണ്ട് ഗർഭിണികൾ ഇവിടെയുണ്ടായിരുന്നു. ഇവരെയും സുരക്ഷിതരാക്കി. ജനൽച്ചില്ല് പൊട്ടിച്ചാണ് ഫയർഫോഴ്‌സ് ഐ.സി.യുവിൽ പ്രവേശിച്ചത്. ഉപകരണങ്ങളെല്ലാം നശിച്ചു. ആശുപത്രികളിൽ ഉടമകളിൽ പലരും അഗ്നിശമന നിയമങ്ങളും നിർദ്ദേശങ്ങളും പാലിക്കുന്നില്ലെന്ന് തീപ്പിടിത്തം വ്യക്തമാക്കുന്നു. തീപിടിത്ത ശേഷം പരിശോധന നടത്തുമ്പോഴാണ് മതിയായ വായുസഞ്ചാരവും രക്ഷാമാർഗങ്ങളും ഉറപ്പാക്കുന്നില്ലെന്നത് കണ്ടെത്തുന്നത്. ഭൂരിഭാഗം കെട്ടിടങ്ങളിലും ഫയർ ഹൈഡ്രന്റുകൾ പ്രവർത്തനരഹിതമാകുന്നതും പതിവാണ്. ആശുപത്രിയിൽ തീപിടിത്തമുണ്ടായപ്പോൾ നടത്തിയ പരിശോധനയിൽ വാട്ടർ സ്പ്രിങ്ക്‌ളർ പ്രവർത്തിക്കുന്നില്ലായിരുന്നെന്ന് ഫയർഫോഴ്‌സ് കണ്ടെത്തിയിരുന്നു. ഒന്നരവർഷം മുൻപ് ആശുപത്രികൾ പരിശോധിച്ച് ജില്ലാഭരണകൂടത്തിന് റിപ്പോർട്ട് നൽകിയിരുന്നതായി ജില്ലാ ഫയർ ഓഫീസർ വ്യക്തമാക്കിയെങ്കിലും, പരിശോധനകൾ കടുപ്പിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

പരിശോധനയിൽ ചൂണ്ടിക്കാണിക്കുന്ന അപാകതകളും ഉപകരണങ്ങളുടെ തകരാറും പരിഹരിച്ച് വേണം ഫയർ എൻ.ഒ.സി പുതുക്കാൻ. ആധുനിക നിർമ്മാണരീതികളും സൗന്ദര്യവത്കരണത്തിന്റെ ഭാഗമായുള്ള നിർമ്മാണവും തീ അണയ്ക്കലിനും രക്ഷാപ്രവർത്തനത്തിനും തടസമാകുന്നുണ്ട്. ഷോർട്ട് സർക്യൂട്ട് മാത്രമോ കാരണം? ആശുപത്രിയിലെ ശീതികരണ സംവിധാനത്തിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. തുടരന്വേഷണങ്ങളുണ്ടാവാത്തതിനാൽ പ്രാഥമികനിഗമനത്തിൽ അന്വേഷണം നിലയ്ക്കും. ഭൂരിഭാഗം തീപിടിത്തങ്ങളിലും പ്രാഥമിക അന്വേഷണം എത്തിനിൽക്കുന്നത് 'ഷോർട്ട് സർക്യൂട്ട്' എന്ന വില്ലനിലേക്കാണ്. വൻ സുരക്ഷാ പാളിച്ചകളുള്ള കെട്ടിടങ്ങളിൽ തീപിടിച്ചാലും ഉടമകൾ പഴിചാരുക ഷോർട്ട് സർക്യൂട്ടിനെയാവും.

എല്ലാ തീപിടിത്തങ്ങൾക്കും കാരണം ഷോർട്ട് സർക്യൂട്ട് ആകണമെന്നില്ല. കറന്റ് കടന്നുപോവുന്ന ഫേസ് വയറിലെ കമ്പി ന്യൂട്രൽ വയറിലെ കമ്പിയുമായി സമ്പർക്കത്തിൽ വരുന്നതാണ് ഷോർട്ട് സർക്യൂട്ട് . അത് സാധാരണ ഈ വയറുകളിലൂടെ പ്രവഹിക്കുന്നതിന്റെ പലമടങ്ങ് ഇരട്ടി കറന്റ് പ്രവഹിക്കാൻ കാരണമാവും. അമിതമായി പ്രവഹിക്കുന്ന കറന്റിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ കെട്ടിടത്തിലെ വയറിംഗിൽ ഇല്ലെങ്കിൽ വയർ ഉരുകിപ്പോവാനും പരിസരത്തെ തീപിടിത്ത സാദ്ധ്യതയുള്ള വസ്തുക്കളെ കത്തിക്കാനും കാരണമാവും. തണുപ്പിക്കുന്ന എ.സിയും കത്തും എ.സി തുടർച്ചയായി പ്രവർത്തിച്ചാൽ അകത്തെ വയറിംഗ് ചൂടായി ഉരുകി തീപ്പൊരിയുണ്ടായേക്കാം. തീ പിടിച്ചാൽ തണുപ്പുനൽകുന്ന വാതകം ചോർന്നുണ്ടാകുന്ന പുക, കാഴ്ചയും ശ്വസനവും തടസപ്പെടുത്തും. ഉപകരണങ്ങൾക്ക് സമീപത്തെ പെട്ടെന്ന് തീപിടിക്കുന്ന കർട്ടൻ, പ്ലാസ്റ്റിക് എന്നിവയും വൻതീപിടിത്തത്തിന് വഴിയൊരുക്കും. പഴക്കം ചെന്നതും അശാസ്ത്രീയവുമായ വയറിംഗും നിലവാരമില്ലാത്ത വയർ ഉപയോഗിക്കുന്നതും അപകടമുണ്ടാക്കും.

ഈയിടെ കുട്ടനെല്ലൂരിൽ കാർ ഷോറൂമിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. തൊട്ടുപിന്നാലെ ഇവൻ്റ് മാനേജ്മെൻ്റ് കമ്പനിയുടെ ഗോഡൗണും കെട്ടിടവും കത്തിനശിച്ചു. കഴിഞ്ഞമാസം മാത്രം നഗരപരിധിയിൽ നിന്ന് തൃശൂർ ഫയര്‍‌സ്റ്റേഷനിലേക്കെത്തിയ കോളുകൾ 135 ആണ്. തീപ്പിടിത്തം കൂടുമ്പോൾ ഓടിത്തളർന്ന് നട്ടംതിരിയുകയാണ് ഫയർഫോഴ്‌സ് ജീവനക്കാർ. ഫയർഫോഴ്‌സിന് നിലവിലുള്ള വാഹനങ്ങളും ജീവനക്കാരും മതിയാകുന്നില്ല. തൃശൂരിലെ ഒരേയൊരു വാട്ടർബ്രൗസർ കൊച്ചിയിലേക്ക് കൊണ്ടുപോയപ്പോഴായിരുന്നു തൃശൂരിൽ കാർ ഷോറൂം കത്തിയത്. ഫയർഫോഴ്‌സ് വെള്ളത്തിനായി നട്ടംതിരിഞ്ഞു. മൂന്ന് സ്റ്റേഷനിൽ നിന്ന് വെള്ളമെത്തിച്ചിട്ടും തീയണയ്ക്കാനായില്ല. പിന്നീട് പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ നിന്ന് വാട്ടർ ടാങ്കറെത്തിച്ചാണ് തീയണച്ചത്.

വേനൽ കടുക്കുന്ന പശ്ചാത്തലത്തിൽ തീപ്പിടിത്തവും കൂടുമെന്ന് ഉറപ്പാണ്. അതുകൊണ്ട് കൂടുതൽ വാട്ടർടാങ്കറും വാട്ടർബ്രൗസറും ജീവനക്കാരും എല്ലാ ഫയർസ്റ്റേഷനുകളിലും വേണ്ടിവരും. തീപിടിത്തമുണ്ടായ കെട്ടിടത്തിന് മുകളിലേയ്ക്ക് ഹോസുമായി വലിഞ്ഞുകയറാതെ തന്നെ ജീവനക്കാർക്ക് വാട്ടർ ബ്രൗസർ പ്രവർത്തിപ്പിക്കാനാകും. ബഹുനില കെട്ടിടങ്ങൾക്ക് മുകളിൽവരെ വെള്ളം ചീറ്റാൻ ശേഷിയുള്ള അത്യാധുനിക യന്ത്രമാണിത്. ആറുവർഷം മുൻപ് തിരുവനന്തപുരത്തും കൊച്ചിയിലുമാണ് വാട്ടർ ബ്രൗസർ ആദ്യമെത്തിയത്. ജലപീരങ്കിക്ക് സമാനമാണ് വാട്ടർ ബ്രൗസറിന്റെ പ്രവർത്തനം. വെള്ളത്തിനൊപ്പം ഫോമും വാട്ടർ ബ്രൗസറിൽ ശേഖരിക്കാൻ കഴിയും. നിലവിലുള്ള ഫയർ എൻജിനുകളുടെ ശേഷി ഇതിന്റെ നാലിലൊന്ന് മാത്രമാണ്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ ഫയർസ്റ്റേഷനുകളിലേക്ക് നേരിട്ട് ലഭ്യമായാൽ വെള്ളത്തിന്റെ ക്ഷാമവും പരിഹരിക്കാനാകും.

വനപ്രദേശത്തെ ജാഗ്രത

വനത്തോട് ചേർന്ന പ്രദേശങ്ങളിൽ ഫയർലൈൻ സ്ഥാപിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് ഉറപ്പുവരുത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കാട്ടിനുള്ളിൽ പാചകം ചെയ്യാനോ പുകവലിക്കാനോ പാടില്ല. വിനോദ ആവശ്യങ്ങൾക്കും തീ ഉപയോഗിക്കാൻ പാടില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പക്ഷേ, ഇതെല്ലാം പാലിക്കുന്നവർ വളരെ കുറവാണ്. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് നിയമങ്ങളെക്കുറിച്ച് പലരും ബോധവാന്മാരാകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AC, HEAT, CHANCE FOR FIRE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.