തിരുവനന്തപുരം: സി.പി.എം വനിതാ നേതാക്കൾക്കെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നടത്തിയ 'പൂതന" പരാമർശം സംസ്ഥാന രാഷ്ട്രീയത്തിൽ നീറിക്കത്തുന്നു. സി.പി.എം നേതാക്കൾക്കുപുറമെ കോൺഗ്രസ് നേതാക്കളും കടുത്ത ആക്രമണവുമായി രംഗത്ത് വന്നതോടെയാണ് കളം മൂത്തത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഇതിനെതിരെ തിങ്കളാഴ്ച രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തൊട്ടുപിന്നാലെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും സുരേന്ദ്രനെ ശക്തമായി ആക്രമിച്ചു. സുരേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ്. നായർ മുഖ്യമന്ത്രിക്കും വനിതാകമ്മിഷനും പരാതി നൽകി.
ഞയറാഴ്ച തൃശൂരിൽ നടന്ന സ്ത്രീശക്തി സംഗമത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തിലെ പ്രസംഗത്തിൽ നടത്തിയ പരാമർശമാണ് വിവാദമായത്. ' കേരളത്തിലെ മാർക്സിസ്റ്റ് വനിതാ നേതാക്കളെല്ലാം കാശടിച്ചുമാറ്റി തടിച്ചുകൊഴുത്തു പൂതനകളായി കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ്.." എന്നായിരുന്നു സുരേന്ദ്രൻ പറഞ്ഞത്.
സുരേന്ദ്രന്റെ പ്രസ്താവന അദ്ദേഹത്തിന്റെ നിലവാരവും സംസ്കാരവുമാണ് വ്യക്തമാക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചപ്പോൾ, പ്രസ്താവന പിൻവലിച്ച് സുരേന്ദ്രൻ മാപ്പുപറയണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടത്.
അത് സുരേന്ദ്രന്റെ സംസ്കാരം: മന്ത്രി മുഹമ്മദ് റിയാസ്
സി.പി.എം വനിതാ നേതാക്കൾക്കെതിരായ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പ്രസ്താവന അദ്ദേഹത്തിന്റെ സംസ്‌കാരവും നിലവാരവുമാണ് വ്യക്തമാക്കുന്നത്. ബോഡി ഷെയ്മിംഗ് ചർച്ചയാകുന്ന കാലഘട്ടത്തിലാണ് ഇത്തരം പരാമർശം ഉത്തരവാദപ്പെട്ട ഒരു നേതാവിൽ നിന്നുണ്ടാകുന്നത്. സുരേന്ദ്രന്റെ പ്രസ്താവന പരിശോധിക്കേണ്ടത് ബി.ജെ.പിയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇക്കാര്യത്തിലും സി.പി.എം വിരോധം കണ്ടെത്താനാണ് പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ ശ്രമിക്കുന്നതെന്നും ബി.ജെ.പിക്കെതിരെ നാവുകൊണ്ടു മാത്രം യുദ്ധം ചെയ്യുന്നവരല്ല ഇടതുപക്ഷമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സി.പി.എം മിണ്ടുന്നില്ല: വി.ഡി. സതീശൻ
സി.പി.എമ്മിലെ വനിതാ നേതാക്കൾക്കെതിരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ സഭ്യേതര പരാമർശം നടത്തിയിട്ടും ഒരു സി.പി.എം നേതാവു പോലും രംഗത്ത് വരാത്തത് ബി.ജെ.പിയോടുള്ള സ്‌നേഹബന്ധം കാരണമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പ്രസ്താവന പിൻവലിച്ച് സുരേന്ദ്രൻ മാപ്പു പറയണം. തിരുത്തിയില്ലെങ്കിൽ സുരേന്ദ്രനെതിരെ കേസെടുക്കണം.
എം.എൽ.എമാർക്കെതിരെ പോലും കള്ളക്കേസെടുത്ത മുഖ്യമന്ത്രി എവിടെപ്പോയി. സുരേന്ദ്രനെതിരെ സി.പി.എം നേതാക്കൾ പരാതി നൽകിയില്ലെങ്കിൽ പ്രതിപക്ഷം പൊലീസിൽ പരാതി നൽകും. ബി.ജെ.പി ഇതര സർക്കാരുകളെ ദ്രോഹിക്കാൻ കേന്ദ്ര ഏജൻസികൾ കള്ളക്കേസെടുക്കുന്നുണ്ടെന്ന ആരോപണത്തിൽ കോൺഗ്രസ് ഉറച്ചുനിൽക്കുന്നു. എന്നാൽ, കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്.
കേന്ദ്ര ഏജൻസികൾ കേരളത്തിലെ സി.പി.എമ്മുമായി ഒത്തുചേർന്നിരിക്കുകയാണെന്നും സതീശൻ പറഞ്ഞു.
സി.പി.എമ്മിനെ സഹായിക്കാനുള്ള വെപ്രാളം : പി. സുധീർ
രാഹുൽഗാന്ധി വിഷയത്തിൽ തങ്ങളെ സഹായിച്ച സി.പി.എമ്മിനെ തിരിച്ചു സഹായിക്കാനുള്ള വെപ്രാളമാണ് വി.ഡി. സതീശൻ പ്രകടിപ്പിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ പറഞ്ഞു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനെതിരെ കേസുകൊടുക്കുന്നതിനുമുമ്പ് പാലക്കാട് യൂത്ത് കോൺഗ്രസ് ക്യാമ്പിൽ പീഡിപ്പിക്കപ്പെട്ട ദളിത് യുവതിയുടെ പരാതി പൊലീസിന് കൈമാറുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യേണ്ടത്. കെ.സുരേന്ദ്രൻ നടത്തിയത് രാഷ്ട്രീയ പ്രസംഗമാണ്. കേരളത്തിലെ ജനങ്ങളുടെ പണം കൊള്ളയടിക്കുന്നവരെ തുറന്നുകാണിക്കുകയാണ് അദ്ദേഹം ചെയ്തത്. സ്ത്രീകൾക്കെതിരായ ഒരു പാരാമർശവും അതിലില്ലാത്തതുകൊണ്ടാണ് സി.പി.എം പ്രതികരിക്കാത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |