ആലപ്പുഴ : വേനലവധിക്കാലം എത്തിയതോടെ കുട്ടിക്കൂട്ടം കളിചിരിയുടെ ലോകത്തേക്ക് ഇറങ്ങുമ്പോൾ ആശങ്കയോടെ രക്ഷിതാക്കൾ. മുൻ വർഷങ്ങളിൽ വേനലവധിക്കാലത്തെ കളികൾ വലിയ അപകടങ്ങളിലേക്ക് വഴിവെച്ച ധാരാളം സംഭവങ്ങളുണ്ട്.
കൊവിഡ് കാലത്ത് കുട്ടികൾ വീട്ടിൽ തന്നെയായിരുന്നെങ്കിലും, പുറത്തിറങ്ങാൻ നിയന്ത്രണങ്ങളുണ്ടായിരുന്നത് മൂലം അപകട നിരക്ക് ഗണ്യമായി കുറഞ്ഞിരുന്നു. അവധി വേളയിൽ ഡ്രൈവിംഗ് പരിശീലനത്തിലടക്കം കൈ വയ്ക്കുന്ന വിരുതന്മാരുണ്ട്. പലപ്പോഴും മുതിർന്നവർ കൂട്ടുനിൽക്കുന്നത് അപകട സാധ്യത വർദ്ധിപ്പിക്കും. മുതിർന്നവരുടെ സാന്നിദ്ധ്യമില്ലാത്ത വേളയിൽ പോലും കുട്ടികൾ വാഹനം തനിയെ ഓടിക്കാൻ ശ്രമിച്ചെന്നിരിക്കും. ഇത്തരം അഭ്യാസങ്ങൾക്ക് കൂട്ട് നിൽക്കരുതെന്ന് മോട്ടാർ വാഹന വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ബന്ധുവീടുകളിൽ വിരുന്നെത്തി അപകടത്തിൽപ്പെട്ടുള്ള മരണങ്ങളും അവധിക്കാലത്ത് വാർത്താകോളങ്ങളിൽ നിറയാറുണ്ട്. കുട്ടികളുടെ കാര്യത്തിൽ വരുന്ന ചെറിയ അശ്രദ്ധ പോലും വലിയ ദുരന്തത്തിന് കാരണമായേക്കാം.
കളരികൾ ചെറിയ ആശ്വാസം
ജോലിക്ക് പോകുന്ന രക്ഷിതാക്കൾക്ക് പകൽ സമയത്ത് കുട്ടികളെ സുരക്ഷിതമായി ഏൽപ്പിക്കാൻ പറ്റുന്ന സ്ഥലമാണ് വേനലവധി കളരികൾ. അവിടെ അവർ ആട്ടവും പാട്ടും അറിവുകളുമായി സമയം ചെലവഴിക്കും. ഇതോടെ കുട്ടികളെ കുറിച്ചുള്ള രക്ഷിതാക്കളുടെ ആശങ്കയും കുറയും.
പുത്തൻ അറിവുകൾ നേടാം
പഠനത്തിന് പുറമേ പുത്തൻ അറിവുകൾ നേടാനുള്ള സമയമായി അവധിക്കാലം പ്രയോജനപ്പെടുത്തണമെന്നാണ് വിദഗ്ദ്ധാഭിപ്രായം. ജീവൻ രക്ഷയ്ക്ക് ഉപകരിക്കുന്ന നീന്തൽ, കായിക ക്ഷമതയും പ്രതിരോധ ശേഷിയും വർദ്ധിപ്പിക്കുന്ന കരാട്ടെ, സ്കേറ്റിംഗ്, യോഗ, കളരി, ഒപ്പം തന്നെ നൃത്ത - സംഗീത അഭ്യാസങ്ങളും ആരംഭിക്കാൻ കുട്ടികൾക്ക് വലിയ ഇടവേളക്കാലം പ്രയോജനപ്പെടുത്താം.
അവധി ആരംഭിച്ചു. ആദ്യത്തെ ഒരാഴ്ച്ച അവരെ കളിക്കാൻ അനുവദിക്കുക. പിന്നീടുള്ള ദിവസങ്ങളിൽ രാവിലെയും വൈകിട്ടും ഒരു മണിക്കൂർ വീതം കഥാ പുസ്തകങ്ങൾ വായിപ്പിക്കുകയും. വായിച്ചവ എഴുതാൻ പ്രേരിപ്പിക്കുകയും വേണം. കണക്കുകളും രസകരമായി ചെയ്യിക്കണം. കുട്ടികളുടെ അഭിരുചികൾ തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കാനും അവധിക്കാലം പ്രയോജനപ്പെടും.- അദ്ധ്യാപകർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |