ന്യൂഡൽഹി: കൊതുകുതിരി കത്തിച്ചതിനെ തുടർന്നുണ്ടായ കാർബൺ മോണോക്‌സൈഡ് ശ്വസിച്ച് ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു. ശാസ്ത്രി പാർക്കിലെ വീട്ടിലാണ് ആറുപേരെ മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് നോർത്ത് ഈസ്റ്റ് ജില്ലാ ഡി സി പി അറിയിച്ചു.
രാത്രി ഉറങ്ങാൻ കിടക്കുമ്പോഴാണ് കൊതുകുതിരി കത്തിച്ചതെന്നാണ് വിവരം. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് കുടുംബാംഗങ്ങൾ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ വിവരമറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തുകയും എട്ട് പേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും ആറ് പേർ മരിച്ചിരുന്നു.
'രാത്രി വീടിന്റെ വാതിലുകളും ജനലുകളുമെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. ഇതോടെ പുക വീടിനുള്ളിൽ നിറഞ്ഞു. ഉറക്കത്തിനിടയിൽ കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതാണ് ആറ് പേരുടെയും മരണകാരണം.' - പൊലീസ് പറഞ്ഞു. ചികിത്സയിലുള്ളവരുടെ ആരോഗ്യനില ഗുരുതരമാണോയെന്ന് വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |