SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.53 PM IST

താക്കോൽക്കൂട്ടങ്ങളുടെ താളം

ss

താക്കോലുകൾക്ക് ഒരു താളമുണ്ട്. ചിലർക്ക് അതു കിരീടമോ ചെങ്കോലോ ആണ്. അതു കൈയിലുണ്ടെങ്കിൽ ഒരു രാജ്യം കൈയിലുള്ളതുപോലെ. പല സമ്പന്നന്മാർക്കും താരാട്ടിനെക്കാൾ സുഖകരമാണ് താക്കോൽ താളം - ബാങ്ക് ഉദ്യോഗസ്ഥനായ പരമേശ്വരൻ ഇടയ്ക്കിടെ താക്കോൽ പുരാണം അയവിറക്കാറുണ്ട്.

അവഗണനകളുടെയും അവഹേളനങ്ങളുടെയും മൺകൂരയിലാണ് പരമേശ്വരന്റെ ബാല്യം. നാട്ടിലെ ഒരു മുതലാളിയുടെ സഹായിപ്പട്ടം കുഞ്ഞുന്നാളിലേ കിട്ടി. എത്ര ജോലിചെയ്താലും അദ്ദേഹത്തിന്റെ മുഖത്ത് സംതൃപ്തിയുണ്ടാകില്ല. പതിനാലു താക്കോലുകളുടെ ഒരു കൂട്ടം സദാ കൈയിലുണ്ടാകും. ഉറങ്ങുമ്പോൾ തലയിണക്കടിയിൽ സൂക്ഷിക്കും. ഈശ്വരവിശ്വാസിയാണെങ്കിലും ദൈവിക കാര്യങ്ങളിലും പിശുക്കാണ്. വിലകുറഞ്ഞ പഴം, പൂവ്, എന്നിവ കടയിൽ വാങ്ങാൻ പോകുമ്പോൾ പരമേശ്വരന് തന്നെ പുച്ഛം തോന്നും. അറുപിശുക്കനായ മുതലാളിക്ക് ഈ ദൈവം എന്തിനിങ്ങനെ വാരിക്കോരി സമ്പത്തു കൊടുക്കുന്നു എന്ന് പരമേശ്വരനും ചിന്തിച്ചിട്ടുണ്ട്. മുറ്റത്തെ ജോലിയൊക്കെ കഴിഞ്ഞ് പശുവിന് പുല്ലും ഇട്ടുകൊടുത്തിട്ട് ഒരു ഇരട്ടവര ബുക്കിന് കാശുചോദിച്ചുനിന്ന സായാഹ്നം പരമേശ്വരൻ ഒരിക്കലും മറക്കില്ല. ഇത്തരം കാര്യങ്ങൾ നിന്നെ ജനിപ്പിച്ച തന്തയോട് ചോദിച്ചാ മതി. പഠിച്ച് ജോലിയൊക്കെ കിട്ടി പോക്കറ്റ് നിറയെ കാശുവന്നെങ്കിലും ഇല്ലായ്മകളുടെ നാളുകൾ മനസിൽ പശവച്ച് ഒട്ടിച്ചപോലെ. എന്തിന്റെയെങ്കിലും പേരിലുളള അവഗണനയോ അവഹേളനമോ ഓർമ്മകളിൽ പുകഞ്ഞുകൊണ്ടിരിക്കും. നല്ല കാലം സമൃദ്ധമായി പെയ്താലും അതു കെട്ടടങ്ങില്ലെന്ന് പരമേശ്വരൻ പറയുന്നത് ശരിയാണെന്ന് കേട്ടിരിക്കുന്നവർക്കും തോന്നും. അത്ര സ്വാഭാവികമായ അവതരണമാണ് പരമേശ്വരന്റേത്.

ബാങ്കിന്റെ ലോക്കർ തുറക്കാനുള്ള താക്കോൽക്കൂട്ടമെടുക്കുമ്പോഴൊക്കെ മുതലാളിയുടെ പഴയ താക്കോൽ കൂട്ടത്തിന്റെ താളം പരമേശ്വരന് ഓർമ്മവരും. പ്രതാപത്തിന്റെയും അതിരില്ലാത്ത തന്റെ സാമ്രാജ്യത്തിന്റെയും എല്ലാം താക്കോൽ തന്റെ കൈയിലാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചിരുന്നു. നല്ല വസ്ത്രം, നല്ല ഭക്ഷണം, സ്വന്തമായ വാഹനം ഇതൊക്കെ ആഡംബരമാണെന്നും ധൂർത്താണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. പിതാവിന്റെ പിശുക്ക് കണ്ടും കേട്ടും വളർന്ന രണ്ട് ആൺമക്കളും അച്ഛന്റെ മുന്നിൽ പിശുക്കരായി അഭിനയിച്ചു. പുറത്തുപോകുമ്പോൾ സ്വന്തം സുഖങ്ങൾക്കായി ധൂർത്തടിച്ചു. മുതലാളി കിടപ്പിലായതറിഞ്ഞ് പരമേശ്വരൻ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചുനോക്കി. അതൊന്നും വേണ്ട. ഇതങ്ങു മാറിക്കൊള്ളും. പതിനാലു താക്കോലുകളുമായി അദ്ദേഹം കണ്ണടച്ചുകിടന്നു. അച്ഛന് ആശുപത്രിയിൽ പോകുന്നതിഷ്ടമല്ലെന്ന് നാട്ടുകാരെ ബോദ്ധ്യപ്പെടുത്തി മക്കളും മുഖം രക്ഷിച്ചു. ഇടയ്ക്ക് സന്ദർശിക്കാനെത്തിയ പരമേശ്വരൻ ശ്വാസഗതി ശ്രദ്ധിച്ചു. പണത്തിനുവേണ്ടി മാത്രം ജീവിതവും ജന്മവും ഉഴിഞ്ഞുവച്ച ആ രൂപത്തിന്റെ കിതപ്പ് പരമേശ്വരനെ അസ്വസ്ഥമാക്കി. സദാസമയവും ആ കണ്ണുകൾ കണ്ടതും ഉറ്റുനോക്കിയതും പണത്തിലായിരുന്നെങ്കിലും എപ്പോഴൊക്കെയോ തനിക്കും ഒരിറ്റ് വാത്സല്യം അതിൽനിന്ന് പൊഴിഞ്ഞിട്ടില്ലേ? അന്വേഷിച്ചെത്തിയവരുടെ എണ്ണം കൂടിയപ്പോൾ മക്കൾ ആശുപത്രിയിലേക്ക് മാറ്റാനൊരുങ്ങി. അപ്പോഴും ആ കൈയിൽ താക്കോൽക്കൂട്ടം മുറുകെപ്പിടിച്ചിരുന്നു. രണ്ടുദിവസത്തിനുശേഷം സായാഹ്നത്തിൽ ആംബുലൻസിൽ നിന്ന് വെള്ളപുതപ്പിച്ച ശരീരം ഇറക്കുമ്പോൾ താക്കോൽക്കൂട്ടം മറ്റാരുടെയോ കൈയിലായിരുന്നു.

മുതലാളിയുടെ ഒന്നാം ചരമവാർഷികത്തിന് ഒരു വൃദ്ധസദനത്തിൽ അമ്പതുപേർക്ക് പരമേശ്വരന്റെ വക ഉച്ചഭക്ഷണം നൽകി. അതൊരു വാശിയായിരുന്നു. കാരണം അക്കാര്യത്തിന് മക്കളെ സമീപിച്ചപ്പോൾ ഇത്തരം ആഡംബരങ്ങളൊന്നും അച്ഛന്റെ ആത്മാവിന് ഇഷ്ടപ്പെടില്ലെന്ന് പറഞ്ഞ് അവർ കൈമലർത്തിയത്രെ. സംതൃപ്തിയോടെ പറഞ്ഞുനിറുത്തിയ പരമേശ്വരൻ ഒരു കാര്യം കൂടി ഓർമ്മിപ്പിച്ചു: എല്ലാ താക്കോലുകളും ഒരുദിവസം കൈമാറാനുള്ളതാണ്.

ഫോൺ: 9946108220

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SPIRITUAL, SS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.