കോഴിക്കോട്: ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ഉത്തരവിട്ടു. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി അജിത് കുമാറിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും അന്വേഷണം. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി.വിക്രമൻ ആണ് സംഘത്തലവൻ. 18 അംഗങ്ങളാണ് സംഘത്തിലുള്ളത്.
ഭീകരവിരുദ്ധ സേന ഡിവൈ,എസ്,പി ബൈജു പൗലോസ്, കോഴിക്കോട് ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി.ബിജുരാജ്, താനൂർ ഡിവൈ.എസ്.പി വി.വി.ബെന്നി എന്നിവർ അംഗങ്ങളാണ്. കൂടാതെ വിവിധ സ്റ്റേഷനുകളിലെ ഇൻസ്‌പെക്ടർമാർ, സബ് ഇൻസ്‌പെക്ടർമാർ എന്നിവരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശിച്ചു.
ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് ആലപ്പുഴ - കണ്ണൂർ എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരൻ സഹയാത്രികർക്ക് നേരെ തീ കൊളുത്തിയത്. ഡി വൺ കമ്പാർട്ട്മെന്റിലെ യാത്രക്കാർ തമ്മിൽ വഴക്കുണ്ടായെന്നും പിന്നാലെ ഒരാൾ പെട്രോളൊഴിച്ച് സഹയാത്രികനെ തീകൊളുത്തിയെന്നുമാണ് പ്രാഥമിക വിവരം. കോഴിക്കോട് എലത്തൂർ വച്ചാണ് സംഭവം.സ്ത്രീകൾ ഉൾപ്പെടെ ഒൻപത് പേർക്ക് പൊള്ളലേറ്റിരുന്നു.പരിക്കേറ്റവരെ പൊലീസ് കോഴിക്കോട് മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. തീപിടിത്തത്തിനിടെ കാണാതായ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
മട്ടന്നൂർ സ്വദേശികളായ നൗഫിക്, റഹ്മത്ത്, സഹോദരിയുടെ മകൾ സഹറ എന്നിവരാണ് മരിച്ചത്. തീപിടിത്തമുണ്ടായപ്പോൾ ഇവർ ഭയന്ന് പുറത്തേയ്ക്ക് ചാടുകയായിരുന്നെന്നാണ് നിഗമനം. സംഭവത്തിന് ശേഷം അക്രമി രക്ഷപ്പെട്ടിരുന്നു, പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. നോയിഡ സ്വദേശി ഷഹറൂഖ് സെയ്‌ഫി എന്നയാളാണ് പ്രതി എന്ന് സൂചന കിട്ടിയതായി പൊലീസ് വ്യക്തമാക്കി. പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി പുറത്തുവിട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |