തിരുവനന്തപുരം: ഡോ. ശശി തരൂർ എം.പിയുടെ സമീപകാല പ്രതികരണങ്ങൾക്കെതിരെ കെ.പി.സി.സി സമ്പൂർണ നിർവാഹകസമിതി യോഗത്തിൽ മുതിർന്ന നേതാവ് പി.ജെ. കുര്യനടക്കമുള്ളവരുടെ രൂക്ഷവിമർശനം. വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷച്ചടങ്ങിൽ അവഗണിച്ചെന്നാരോപിച്ച് വിവാദം സൃഷ്ടിച്ച കെ. മുരളീധരനെതിരെയും വിമർശനമുയർന്നു.
താനായിരുന്നു പാർട്ടി നേതൃത്വത്തിലെങ്കിൽ ബി.ജെ.പി വിരുദ്ധ പോരാട്ടത്തിന്റെ നേതൃസ്ഥാനം പ്രാദേശിക കക്ഷിക്ക് നൽകിയേനെ എന്ന തരൂരിന്റെ പ്രസ്താവനയ്ക്കെതിരെയാണ് പലരും ആഞ്ഞടിച്ചത്. ഭൂരിഭാഗവും തരൂരിനോട് വിയോജിച്ചു. പാർട്ടിയുടെ നയപരമായ കാര്യങ്ങളിൽ തരൂർ ലക്ഷ്മണരേഖ ലംഘിക്കുന്നുവെന്ന് പി.ജെ. കുര്യൻ കുറ്റപ്പെടുത്തി. തരൂർ പാർട്ടിക്ക് ആവശ്യമുള്ള നേതാവാണ്. പാർട്ടിക്ക് പ്രതിസന്ധിയുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തുന്നത് ശരിയല്ല. സംഘടനാപരമായ അച്ചടക്കം തരൂരിനറിയില്ല.കെ.പി.സി.സി പ്രസിഡന്റ് തരൂരുമായി സംസാരിച്ച് കൃത്യമായ ഭാഷയിൽ നിർദ്ദേശം നൽകണം. ചെറിയ കാര്യങ്ങൾ പറഞ്ഞ് ദേശീയതലത്തിൽ പാർട്ടിയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളെ ആ നിലയിൽ കണ്ട് തിരുത്തണമെന്നും കുര്യൻ പറഞ്ഞു.
കേന്ദ്രത്തിലെ ഫാസിസ്റ്റ് സർക്കാരിനെതിരെ ശക്തമായ പോരാട്ടം അഖിലേന്ത്യാനേതൃത്വം നടത്തുമ്പോൾ അതിനെ ദുർബലപ്പെടുത്തുന്ന പ്രസ്താവനയാണ് തരൂർ നടത്തുന്നതെന്ന് ജോൺസൺ എബ്രഹാം കുറ്റപ്പെടുത്തി. പ്രാദേശികകക്ഷികൾക്ക് നേതൃസ്ഥാനം നൽകണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന പാർട്ടിയുടെ വിലപേശൽ ശേഷി ഇല്ലാതാക്കുന്നതാണ്. കുറച്ചുകാലമായി അദ്ദേഹം നടത്തുന്ന ഇത്തരം പ്രസ്താവനകൾ വകവച്ചു കൊടുക്കാനാവില്ല. ഗുരുതരമായ അച്ചടക്കലംഘനമായി കാണണമെന്നും ജോൺസൺ എബ്രഹാം പറഞ്ഞു.
മുതിർന്ന നേതാക്കൾ പോലും അച്ചടക്കലംഘനം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ അച്ചടക്കം ചൂരൽവടിയിലൂടെയോ ചാട്ടവാറിലൂടെയോ നടപ്പാക്കേണ്ടതല്ലെന്ന് പറഞ്ഞു. അത് സ്വയം പാലിക്കേണ്ടതാണ്.
വനിതകൾക്ക് അവസരം നൽകിയില്ല
വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി പാർട്ടി സംഘടിപ്പിച്ച അഞ്ച് ജാഥകളിൽ ഒന്നിന്റെ പോലും നേതൃസ്ഥാനം വനിതകൾക്ക് നൽകാതിരുന്നത് ശരിയായില്ലെന്ന് ഷാനിമോൾ ഉസ്മാൻ വിമർശിച്ചു.
മുരളിക്ക് കൊട്ട്
വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷവുമായി ബന്ധപ്പെട്ട് കെ.മുരളീധരൻ വിവാദം സൃഷ്ടിച്ചത് ശരിയായില്ലെന്ന് കെ.പി. ശ്രീകുമാർ വിമർശിച്ചു. പാർട്ടി ഓഫീസിന് നേരെ ദിവസം ഒരു കല്ലെങ്കിലും എറിഞ്ഞില്ലെങ്കിൽ ഉറക്കം വരാത്ത നേതാക്കളുണ്ടെന്ന് കെ. മുരളീധരനെ ഉന്നമിട്ട് എം.എം. നസീർ കുറ്റപ്പെടുത്തി. എത്ര നന്നായി പരിപാടി സംഘടിപ്പിച്ചാലും അവസാനം പ്രശ്നങ്ങളുണ്ടാകുന്നുവെന്നും അത് അത്തപ്പൂക്കളത്തിൽ നായ കയറി ഇരിക്കുന്നത് പോലാണെന്നും നസീർ പരിഹസിച്ചു.
പാർട്ടിയിൽ സ്ഥിരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന അരിക്കൊമ്പന്മാരെ പിടിച്ചുകെട്ടണമെന്ന് അൻവർ സാദത്ത് പറഞ്ഞു. മുതിർന്ന നേതാക്കൾ സംസാരിച്ച് തീർക്കേണ്ട വിഷയങ്ങൾ മാദ്ധ്യമവാർത്തകളാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് യോഗത്തിൽ മിക്കവരും നിലപാടെടുത്തു.
ചെന്നിത്തല, ഹസൻ, എം.പിമാർ യോഗത്തിനെത്തിയില്ല
തിരുവനന്തപുരം: ഇന്നലെ ചേർന്ന കെ.പി.സി.സി സമ്പൂർണ നിർവാഹകസമിതി യോഗത്തിൽ എം.പിമാരും മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, എം.എം. ഹസൻ എന്നിവരും പങ്കെടുത്തില്ല. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉച്ചയ്ക്ക് ശേഷമാണെത്തിയത്. കുട്ടനാട്ടിലെ നെൽകർഷകരുടെ വിഷയമേറ്റെടുത്തുള്ള യു.ഡി.എഫ് സമരത്തിൽ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് ഹസൻ എത്താതിരുന്നത്. പ്രതിപക്ഷനേതാവും ഉച്ചവരെ ആ സമരത്തിലായിരുന്നു.
രമേശ് ചെന്നിത്തല മുൻകൂട്ടി തീരുമാനിച്ച പരിപാടിയുള്ളതിനാൽ സ്ഥലത്തില്ലായിരുന്നു. എം.പിമാരെല്ലാവരും പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലാണ്. കെ.പി.സി.സി ഭാരവാഹികളും ജനപ്രതിനിധികളുമുൾപ്പെടെയുള്ള നിർവാഹകസമിതിയംഗങ്ങളെയും രാഷ്ട്രീയകാര്യ സമിതിയംഗങ്ങളെയുമാണ് യോഗത്തിന് ക്ഷണിച്ചിരുന്നത്.
കരുണാകരന്റെ മകൻ
സംഘിയാവില്ല:മുരളീധരൻ
ന്യൂഡൽഹി: താൻ ബി.ജെ.പിയിൽ ചേരുമെന്ന് പ്രചരിപ്പിക്കുന്നവർക്ക് ദുരുദ്ദേശ്യമുണ്ടെന്നും കെ.കരുണാകരന്റെ മകനെ സംഘിയാക്കേണ്ടെന്നും കെ.മുരളീധരൻ പ്രതികരിച്ചു. കെ.പി.സി.സി യോഗത്തിൽ തനിക്കെതിരെ ചില നേതാക്കൾ നടത്തിയ പരാമർശങ്ങൾക്ക് മറുപടി നൽകുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. അരിക്കൊമ്പൻമാരെ പിടിക്കരുതെന്നാണ് കോടതി വരെ പറഞ്ഞിട്ടുള്ളതെന്ന് അൻവർ സാദത്തിന്റെ പ്രസ്താവനയ്ക്ക് മുരളീധരൻ മറുപടി നൽകി.
ബി.ജെ. പിയിലേക്ക് എന്ന പ്രചാരണത്തിന് പിന്നിൽ സമീപകാലത്തെ സംഭവ വികാസങ്ങളാണ്. എല്ലാ കാലത്തും വർഗീയതയ്ക്കെതിരെ ഉറച്ചുനിന്ന കുടുംബമാണ് തന്റേത്. വ്യക്തിപരമായി തകർക്കാനാണ് ചിലരുടെ നീക്കം. കാലു മാറി കിട്ടുന്ന സ്ഥാനത്തേക്കാൾ വലുതാണ് കോൺഗ്രസിൽ സാധാരണ പ്രവർത്തകൻ എന്ന പദവി. പാർട്ടിയിൽ എന്നും ഉണ്ടാകും.
കെ.പി.സി യോഗത്തിൽ പങ്കെടുത്തിട്ടില്ല. അതിനാൽ അവിടെയുണ്ടായ പരാമർശങ്ങൾക്ക് മറുപടി ഇല്ല. എം.പിമാരില്ലാത്ത സമയത്താണ് കെ.പി.സി.സി യോഗം വിളിച്ചത്. വിമർശനം അതത് നേതാക്കളുടെ സാന്നിധ്യത്തിൽ വേണം.വിമർശിക്കുന്നവർ പഞ്ചായത്തിൽ പോലും ജയിക്കാത്തവരാണ്. പാർട്ടിക്കുള്ളിൽ സ്ഥിരം പരാതിക്കാരനാകാനില്ല. ഇനി പരാതി പറയില്ല. പരാതി പറയാൻ വേദിയുമില്ല. അതുകൊണ്ടാണ് പരാതി പരസ്യ പ്രസ്താവനയാകുന്നത്.
പാർട്ടിക്ക് ബാധ്യതയാണെന്ന് ചിലർ പറയുന്നതിനാൽ ഇനി പാർട്ടി കാര്യങ്ങളിൽ അഭിപ്രായം പറയാനില്ല. വടകരയിൽ മത്സരിക്കാനില്ലെന്ന നിലപാടിൽ മാറ്റമില്ല. പാർട്ടി ഏൽപിക്കുന്ന എന്ത് ജോലിയും ചെയ്യും.
ഇന്ത്യൻ ലായേഴ്സ് കോൺഗ്രസ്:
ഭാരവാഹി തിരഞ്ഞെടുപ്പ്ഇന്ന്
തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോഷക സംഘടനയായ ഇന്ത്യൻ ലായേഴ്സ് കോൺഗ്രസ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് രഹസ്യബാലറ്റിലൂടെ ഹൈക്കോടതിയിൽ ഇന്ന് നടക്കും. മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അഡ്വ. ആസിഫലി, മുൻ കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ലാലി വിൻസന്റ് തുടങ്ങിയവർ നാമനിർദ്ദേശപത്രികകൾ നൽകിയിട്ടുണ്ട്. ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകനായ അഡ്വ. വത്സലനാണ് സംസ്ഥാനതല റിട്ടേണിംഗ് ഓഫീസർ.
രഹസ്യ ബാലറ്റിലൂടെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത് ഇതാദ്യമാണ്. സംസ്ഥാനത്തെ 87 കോർട്ട് സെന്ററുകളിലും ശക്തമായ യൂണിറ്റും ഏറ്റവും കൂടുതൽ അംഗബലവുമുള്ള അഭിഭാഷക സംഘടനയാണ് ഇന്ത്യൻ ലായേഴ്സ് കോൺഗ്രസ്.
സംഘടനയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മര്യാപുരം ശ്രീകുമാർ നൽകിയ റിപ്പോർട്ടിന്റെ ചുവടുപിടിച്ചാണ് സംഘടനാതിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കാൻ കെ.പി.സി.സി നിർദ്ദേശിച്ചത്. പുനഃസംഘടനയ്ക്കാവശ്യമായ തുടർനടപടികളെടുക്കാൻ മര്യാപുരം ശ്രീകുമാറിനെയും കെ.പി.സി.സി ലീഗൽ എയ്ഡ് കമ്മിറ്റി ചെയർമാൻ അഡ്വ.വി.എസ്. ചന്ദ്രശേഖരനെയുമാണ് ചുമതലപ്പെടുത്തിയത്.
സംഘടനയിൽ വർഷങ്ങളായി തിരഞ്ഞെടുപ്പ് നടക്കാതിരിക്കുകയായിരുന്നു. സംസ്ഥാന ഘടകത്തിലെ 20ൽ 16 പേരും ഹൈക്കോടതിയിൽ നിന്ന് മാത്രമായി തുടരുകയായിരുന്നു.
ബൈലാ പ്രകാരം ജില്ലാതലങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളിൽ 10 ശതമാനം സംസ്ഥാനകമ്മിറ്റിയിലേക്കും 20 ശതമാനം ജില്ലാകമ്മിറ്റികളിലേക്കുമാണ്. സംസ്ഥാന, ജില്ലാ കൗൺസിൽ അംഗങ്ങളാകുന്നവരിൽ നിന്നാണ് സംസ്ഥാനത്തെയും ജില്ലകളിലെയും ഭാരവാഹികളെ തിരഞ്ഞെടുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |