കോട്ടയം . ഈസ്റ്റർ മുന്നിൽക്കണ്ട് ചത്ത കോഴിയുടെ ഇറച്ചിയും (സുനാമി ഇറച്ചി), രാസവസ്തുക്കൾ ചേർത്ത പഴകിയ മത്സ്യങ്ങളും വിപണിയിൽ വ്യാപകമാകുന്നു. തമിഴ്നാട്ടിൽ നിന്ന് സുനാമി ഇറച്ചിയും ആന്ധ്രാ , മംഗലാപുരം എന്നിവിടങ്ങളിൽ നിന്ന് ഫോർമാലിൻ പുരട്ടിയ മത്സ്യങ്ങളും വിപണി കീഴടക്കിയിട്ടും ഭക്ഷ്യസുരാക്ഷാ വകുപ്പ് അനങ്ങാപ്പാറ നയം തുടരുകയാണ്. ചത്ത കോഴികളെ സംസ്കരിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ താത്പര്യമുള്ള കച്ചവടക്കാർക്ക് സൗജന്യമായാണ് നൽകുന്നത്. മുകൾത്തട്ടിലുള്ള ഇരുമ്പുകൂടുകളിൽ ജീവനുള്ള കോഴികളും ഇടയ്ക്ക് ചത്തകോഴികളെയും നിറച്ച് പുലർച്ചയോടെ കോഴിക്കടകളിലേക്ക് എത്തുന്ന വാഹനങ്ങളിൽ നിന്ന് ചത്ത കോഴികളെ മാറ്റി ഹോട്ടലുകൾക്ക് നൽകുന്ന നിരവധി കടകൾ ജില്ലയിലുണ്ട്. പുലർച്ചെ തന്നെ സുനാമി ഇറച്ചി ഡ്രസ് ചെയ്ത് ഫ്രീസറുകളിലാക്കും.ഹോട്ടലുകൾക്കു പുറമെ ബാർബിക്യു, ഷവർമ്മ കടകളിലും ഇത് എത്തുന്നു. പാതി വിലയ്ക്ക് ലഭിക്കുമെന്നതിനാൽ ഹോട്ടലുകളും ബേക്കറികളും കാറ്ററിംഗ് സ്ഥാപനങ്ങളും ഏറെ താത്പര്യമാണ് സുനാമി ഇറച്ചിയോട് കാട്ടുന്നത്.
മാസപ്പടി കിട്ടിയാൽ കണ്ണടയ്ക്കും
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരാരും പുലർച്ചെ റെയ്ഡ് നടത്താറില്ല. തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥരുടെ പരിശോധന കോഴിക്കടകളിൽ ഇല്ലാത്തതും സുനാമി ഇറച്ചി വ്യാപകമാകാൻ ഇടയാക്കുകയാണ്. മാസപ്പടി കൃത്യമായി ലഭിക്കുന്നതിനാൽ ഉദ്യോഗസ്ഥർ കണ്ണടക്കുകയാണെന്ന ആരോപണവും ശക്തമാണ്. കുഴിമന്തി കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധ ആരോപണം ഉയർന്നതോടെ 100 രൂപയിൽ താഴെ എത്തിയ കോഴിവില ഇന്നലെ കിലോയ്ക്ക് 128 രൂപയിലെത്തി. ഞായറാഴ്ച ഈസ്റ്റർ ആയതിനാൽ വില ഇനിയും ഉയർന്നേക്കാം. കോഴിയെ ശാസ്ത്രീയമായി കൊന്ന് നൽകുന്ന കടകൾക്ക് വിലകുറച്ച് സുനാമി ഇറച്ചി വിൽക്കുന്ന കടകൾ ഭീഷണിയാണ്. ഉപഭോക്താക്കൾ സുനാമി ഇറച്ചി വിൽപ്പന കടകളെക്കുറിച്ച് വിവരം നൽകിയാൽ കട ഉടമകൾക്കെതിരെ നടപടി എടുക്കുമെന്നാണ് അസോസിയേഷൻ നേതാക്കൾ വ്യക്തമാക്കുന്നത്.
വ്യാപകമാകാൻ കാരണം
ജില്ലയിൽ സർക്കാർ അംഗീകാരമുള്ള സ്ലോട്ടർ ഹൗസുകളുടെ എണ്ണം കുറഞ്ഞതിനാൽ സ്വകാര്യ വ്യക്തികൾ യാതൊരു പരിശോധനയുമില്ലാതെ മാടുകളെ അറക്കുന്നത് പതിവായതോടെയാണ് സുനാമി ഇറച്ചിയും വ്യാപകമായത്. കോട്ടയം നഗരസഭയിലെ സ്ലോട്ടർ ഹൗസ് പൂട്ടിയിട്ട് വർഷങ്ങളായി.
മീനിൽ സർവത്ര മായം
രാസവസ്തുക്കളായ ഫോർമാലിനും അമോണിയയും ചേർത്ത മത്സ്യ വില്പന ജില്ലയിൽ വ്യാപകമാണ്. നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്ന റെയ്ഡാണ് പലപ്പോഴും നടക്കുന്നത്. സ്ഥിരം പരിശോധന ഇല്ലാത്തതാണ് ഈസ്റ്റർ വിപണിക്കായി ട്രെയിനുകളിലും കണ്ടെയ്നർ ലോറികളിലും പഴകിയ മത്സ്യം എത്തുന്നതിന് കാരണം. മത്സ്യം വാങ്ങി വീട്ടലെത്തി ഡ്രസ്സ് ചെയ്യുമ്പോൾ അഴുകിയ നിലയിൽ കാണുന്നതും , വേവിച്ച് കഴിഞ്ഞ് പുളിരസം അനുഭവപ്പെടുന്ന സംഭവങ്ങളും ഏറുകയാണ്.
രാജേഷ് വാകത്താനം പറയുന്നു.
ഭക്ഷ്യസുരക്ഷാ വകുപ്പ് പരാജയപ്പെട്ടതാണ് സുനാമി ഇറച്ചി വൻതോതിൽ എത്താൻ കാരണം. ജീവനക്കാരുടെ കുറവ്, പരിശോധനാ സംവിധാനമില്ല തുടങ്ങിയ തൊടുന്യായങ്ങൾ നിരത്തി റെയ്ഡ് നടക്കുന്നില്ല. ജനങ്ങളുടെ ജീവൻ വച്ച് പന്താടരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |