കോട്ടയം : താഴത്തങ്ങാടി ജുമാമസ്ജിദിൽ ജുമാ നമസ്കാരത്തിന് ശേഷം കൊത്തുപണികളുടെ ഭംഗി കണ്ട് ആഫ്രിക്കൻ രാജ്യമായ സെനഗൽ പ്രതിനിധി മുസ്തഫ കമാൽ ഗയൂ പറഞ്ഞു, 'ഫന്റാസ്റ്റിക്' ! നൂറ്റാണ്ടു മുൻപുള്ള നിർമ്മാണ രീതികൾ കണ്ട് അദ്ഭുതപ്പെട്ട മുസ്തഫ വിശ്വാസികൾക്കൊപ്പം ഫോട്ടോയടെുത്തും പള്ളിയുടെ വിശേഷങ്ങളോരോന്നും ചോദിച്ചറിഞ്ഞും ചീഫ് ഇമാമിന്റെ കൈയിൽ സമ്മാനത്തുകയും നൽകിയാണ് മടങ്ങിയത്.
ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനിൽ ഗ്രീൻ ജോബ്സ് പ്രോഗ്രാം തലവനായ മുസ്തഫ കുമരകത്ത് ജി 20 വികസന സമിതി യോഗത്തിനെത്തിയപ്പോഴാണ് താഴത്തങ്ങാടി പള്ളിയുടെ ചരിത്രമറിഞ്ഞത്. ഉടൻ വെള്ളിയാഴ്ച നിസ്കാരത്തിന് പോവണമെന്ന ആഗ്രഹം ലെയ്സൺ ഓഫീസർ കൂടിയായ കെ എ എസ് ഉദ്യോഗസ്ഥൻ രാര രാജിനോട് പങ്കിട്ടു. ഉച്ചയ്ക്ക് ഒന്നോടെ പൊലീസ് അകമ്പടിയിൽ എത്തിയപ്പോഴാണ് വിശ്വാസികളേറെപ്പേരും ഒപ്പം നിസ്കരിക്കുന്ന വി ഐ പിയെ അറിഞ്ഞത്. ചീഫ് ഇമാം ഹാഫിസ് അബു ഷമ്മാസ് മുഹമ്മദാലി മൗലവിയും പ്രസിഡന്റ് കെ.കെ.മുഹമ്മദ് സാലിയും കമ്മിറ്റിക്കാരും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ജുമാ നമസ്കാരം. '' പുണ്യമാസത്തിൽ നിങ്ങൾക്കൊപ്പമാവാൻ കഴിഞ്ഞത് അള്ളാഹുവിന്റെ അനുഗ്രഹമാണ്. ലോകത്തിലെ മുസ്ളിങ്ങളുടെ മുഴുവൻ പ്രശ്നങ്ങളും പരിഹരിക്കാൻ അള്ളാഹുവിനോട് ദുവാ ചെയ്യുന്നു. എല്ലാവരേയും അള്ളാഹു അനുഗ്രഹിക്കട്ടെ'' വിശ്വാസികളോടായി മുസ്തഫ പറഞ്ഞു.
വീതുളി കൊണ്ട് മിനുക്കിയെടുത്ത് എട്ട് തേക്കിൻ തുണുകളുടെ ഉറപ്പും പള്ളിയുടെ പഴക്കവും അറിഞ്ഞപ്പോൾ കണ്ണുകൾ തിളങ്ങി. കൊത്തുപണികളോരോന്നും ചോദിച്ചറിഞ്ഞു. പള്ളിയുടെ ചരിത്രവും നിർമാണവും രാര രാജ് വിസ്തരിച്ചു. മരഏണിയിലൂടെ താഴേയ്ക്കിറങ്ങുമ്പോൾ ഒറ്റക്കല്ലിന്റെ നടുഭാഗം ചതുരത്തിൽ തുരന്നെടുത്ത് വെള്ളം നിറയ്ക്കാനുള്ള തൊട്ടി കണ്ട് ഞെട്ടി. ഒറ്റക്കല്ല് നീളത്തിൽ മുറിച്ചെടുത്താണ് ഉണ്ടാക്കിയെന്നറിഞ്ഞപ്പോൾ വീണ്ടും അദ്ഭുതം. കേരളീയ നിർമ്മാണ രീതിയെ പുകഴ്ത്തി. തച്ചു ശാസ്ത്രത്തിന്റെ വിസ്മയമായ മുക്കൂറ്റി സാക്ഷയെപ്പറ്റി അറിഞ്ഞു. ഒരുമിച്ച് അടയ്ക്കാനും ഒരോന്നായി വലിച്ചു തുറക്കാനും പറ്റുന്ന മൂന്നു സാക്ഷകൾ തച്ചുശാസ്ത്രത്തിന്റെ തന്ത്രമാണെന്ന് ഭാരവാഹികൾ വിശദീകരിച്ചു.
'' എല്ലാ മത വിഭാത്തിലുള്ള ആളുകളും ഒരുമിച്ച് കഴിയുന്ന സുന്ദരനാടാണിത്. ക്രിസ്ത്യാനികൾക്ക് ഏറെ പ്രധാനപ്പെട്ട ദിവസമായ ദുഖവെള്ളി ദിനത്തിൽ ഇവിടെ എത്താൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. തടിയിലുള്ള നിർമ്മാണങ്ങളോരോന്നും അദ്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |