കൊല്ലങ്കോട്: ഇടുക്കി ചിന്നക്കനാലിലെ അപകടകാരിയായ അരിക്കൊമ്പനെ പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ ഹർത്താൽ നടത്താൻ മുതലമട പഞ്ചായത്തിൽ കൂടിയ സർവ്വകക്ഷി യോഗത്തിൽ തീരുമാനം.
കെ.ബാബു എം.എൽ.എ മണ്ഡലാടിസ്ഥാനത്തിൽ കൊല്ലങ്കോട് വിളിച്ച സർവ്വകക്ഷി യോഗത്തിൽ കോടതിയെ സമീപിക്കാനും തീരുമാനമായി. പറമ്പിക്കുളം വനമേഖലയിൽ അരിക്കൊമ്പനെ വിടാനുള്ള നീക്കത്തിനെതിരെ ശക്തമായ സമര പരിപാടിയുമായി മുന്നോട്ടു നീങ്ങാൻ നാട്ടുകാർ തയ്യാറെടുക്കുമ്പോഴാണ് ചേരിതിരിഞ്ഞുള്ള യോഗങ്ങൾ നടന്നത്. അരിക്കൊമ്പനെ വിടുന്ന പറമ്പിക്കുളം വനമേഖലയിലെ മുതുവാരചാൽ ചാലക്കുടി പുഴ ഉൾപ്പെടുന്ന ഭാഗത്താണ്. അരി ഭക്ഷണ ശീലമാക്കായ കൊമ്പൻ പറമ്പിക്കുളം കോളനി ഭാഗത്തേയ്ക്കും നെല്ലിയാമ്പതി, ചാലക്കുടി ഭാഗത്തേക്കും നീങ്ങാൻ സാദ്ധ്യതയുണ്ട്.
വിദഗ്ദ്ധ സമിതി അംഗങ്ങളുടെ തെറ്റായ റിപ്പോർട്ടാണ് കോടതിയെ ഇത്തരം വിധി പ്രസ്താവത്തിലെച്ചതെന്ന് എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിൽ പരാമർശമുണ്ടായി. പറമ്പിക്കുളത്തെ വിവിധ കോളനികളിലും മറ്രുമായി നാലായിരത്തിൽ അധികം ആളുകളാണ് താമസിക്കുന്നത്. അരിക്കൊമ്പനെ മുതുവാരയിലെത്തിച്ചാൽ ചാലക്കുടി ഭാഗത്തേക്കും കുരിയാർകുറ്റി ഭാഗത്തേക്കും മനുഷ്യവാസമുള്ള സ്ഥലം തേടി എത്താനും സാദ്ധ്യതയുണ്ട്. കുരിയാർകുറ്റിയിൽ നിന്ന് വിക്ടോറിയ എസ്റ്റേറ്റ് വഴി നെല്ലിയാമ്പതിയിലെത്തിയാലും അപകടമാണ്. തോട്ടം തൊഴിലാളികൾക്കും ഭീഷണിയാകും. പറമ്പിക്കുളത്തേക്ക് നീങ്ങിയാൽ കച്ചിത്തോട് വഴി ചെമ്മണാമ്പതിയിലും സീതാർകുണ്ട് വഴി എലവഞ്ചേരി വരെയും എത്താൻ സാദ്ധ്യതയുണ്ട്. ഇത് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ കർഷകർക്ക് ഭീഷണിയാകും. 25 വർഷം മുമ്പ് പറമ്പിക്കുളത്തുള്ള കാട്ടാന ജനവാസ മേഖലയായ വടവന്നൂർ വരെ എത്തിയിരുന്നു. കുങ്കിയാനയുടെ സഹായത്തോടെയാണ് ഇതിനെ ഇവിടെ നിന്ന് മാറ്റിയത്. അരിക്കൊമ്പനെ പിടികൂടി കോടനാട് ആന സങ്കേതത്തിലേക്ക് മാറ്രുകയാണ് ഉചിതമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
കെ.ബാബു എം.എൽ.എ ചെയർമാനായും കൊല്ലങ്കോട് ബ്ലോക്ക് പ്രസിഡന്റ് ആർ.ചിന്നകുട്ടൻ കൺവീനറായും സമിതിയെ തിരഞ്ഞെടുത്തു.
എം.എൽ.എ വിളിച്ച യോഗത്തിലെ തീരുമാനങ്ങൾ
1.മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് വേണ്ട എന്ന പ്രമേയം പാസാക്കും.
2. നിയമപോദേശം തേടി കോടതിയെ സമീപിച്ച് വിധിക്കെതിരെ സ്റ്റേ അനുവദിച്ചു കിട്ടാനുള്ള നടപടി സ്വീകരിക്കും.
3. തിങ്കളാഴ്ച രാവിലെ പത്തിന് മുതലമട കാമ്പ്രത്ത്ചള്ളയിൽ ധർണ നടത്തും.
മുതലമട പഞ്ചായത്തിൽ സർവ്വകക്ഷി യോഗം നടത്തി
അരിക്കൊമ്പൻ വിഷയത്തിൽ പ്രതിഷേധിച്ച് പറമ്പിക്കുളം ഡി.എഫ്.ഒ ഓഫീസിന് മുന്നിൽ തിങ്കളാഴ്ച രാവിലെ പത്തിന് ധർണ നടത്താൻ മുതലമട പഞ്ചായത്തിൽ നടന്ന സർവകക്ഷി യോഗം തീരുമാനിച്ചു. ചൊവാഴ്ച രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ പഞ്ചായത്ത് പരിധിയിൽ ഹർത്താൽ നടത്തും. 13ന് വൈകിട്ട് നാലിന് കാമ്പ്രത്ത് ചള്ളയിൽ പൊതുയോഗം സംഘടിപ്പിക്കാനും തീരുമാനിച്ചു.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കല്പനാ ദേവി വിഷയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എം.താജുദ്ദീൻ അദ്ധ്യക്ഷനായി. എട്ടംഗ സബ് കമ്മറ്റിയെയും ചെയർമാനായി പി.മാധവൻ, കൺവീനറായി ആർ.ചന്ദ്രനെയും തിരഞ്ഞെടുത്തു.
നീക്കം ഉപേക്ഷിക്കണം: രമ്യ ഹരിദാസ് എം.പി
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നത് ഉപേക്ഷിക്കണമെന്ന് രമ്യ ഹരിദാസ് എം.പി ആവശ്യപ്പെട്ടു. എസ്റ്റേറ്റുകൾ നിറഞ്ഞതും തൊഴിലാളികൾ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ താമസിക്കുന്നതുമായ പ്രദേശത്തേക്ക് ആനയെ എത്തിക്കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. മുതുമല പോലുള്ള വന്യജീവി സങ്കേതങ്ങളിൽ പുനരധിവസിപ്പിക്കുന്ന കാര്യം ആലോചിക്കണം.
കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ തയ്യാറാകണം. അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം മന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകിയാതയും എം.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |