കോഴിക്കോട്: ട്രെയിനിൽ പെട്രോൾ ഒഴിച്ച് തീയിട്ട കേസിലെ പ്രതി ഷാരൂഖ് സെയ്ഫി കേരളം വിട്ടുപോയത് പൊലീസ് അന്വേഷണത്തിലെ വീഴ്ചയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സംഭവത്തിൽ ഇപ്പോഴും ദുരൂഹതകൾ തുടരുകയാണ്. വിവിധ ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. കേന്ദ്ര ഏജൻസികൾ പ്രാഥമിക അന്വേഷണം നടത്തിയെന്നും അദ്ദേഹം പ്രതികരിച്ചു. തീവയ്പിൽ പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അനിൽകുമാറിനെയും പരിക്കേറ്റ മറ്റുള്ളവരുടെ വീടുകളും സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന അനിൽ ആന്റണി കുഴിയാനയാണെന്ന കെ. സുധാകരന്റെ പ്രസ്താവനയെ മുരളീധരൻ വിമർശിച്ചു. കെ. സുധാകരൻ ആരെയാണ് കുഴിയാനയെന്ന് വിളിച്ചത്? അനിൽ ആന്റണിയെ ആണെങ്കിൽ എ.കെ. ആന്റണിയും കുഴിയാനയല്ലേ? എ.കെ. ആന്റണി ആദർശ ധീരനായ നേതാവാണ്. കെ. സുധാകരന്റെ സൈബർ സംഘമാണ് ആന്റണിയെ ആക്രമിക്കുന്നത്. ഇനിയും നേതാക്കൾ ബി.ജെ.പിയിലേക്ക് വരുമെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |