തിരുവനന്തപുരം: നിയമസഭ പാസാക്കിയെങ്കിലും ഒപ്പിടാതെ രാജ്ഭവനിൽ തടഞ്ഞുവച്ചിരിക്കുന്ന ആറ് ബില്ലുകൾക്ക് പുറമെ, കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പാസാക്കിയ വിവാദ ബില്ലുകളും ഗവർണർ തടയും. പൊതുജനാരോഗ്യ ബിൽ,സ്വകാര്യവനം ബിൽ എന്നിവയിലാണ് തർക്കം.
മുനിസിപ്പാലിറ്റി ഭേദഗതി ബിൽ, പഞ്ചായത്ത് രാജ് ഭേദഗതി ബിൽ അടക്കം എട്ട് ബില്ലുകളാണ് കഴിഞ്ഞമാസം നിയമസഭ പാസാക്കി അനുമതിക്ക് അയച്ചത്. പൊതുജനാരോഗ്യ ബില്ലിൽ ആയുഷ് വിഭാഗത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നാണ് പ്രധാന ആക്ഷേപം. പകർച്ചവ്യാധികൾ ബാധിക്കുന്നവർക്ക് രോഗമുക്തി സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർക്ക് നൽകിയെങ്കിലും ആയുർവേദ,ഹോമിയോ വിഭാഗങ്ങൾക്ക് ചികിത്സയ്ക്ക് പൂർണ സ്വാതന്ത്ര്യമില്ല. ചികിത്സാ പ്രോട്ടോക്കോൾ തീരുമാനിക്കാനുള്ള അധികാരം അലോപ്പതി ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കാണ്. അലോപ്പതി മെഡിക്കൽ ഓഫീസർക്ക് മുൻകൂർ അറിയിപ്പില്ലാതെ ആയുഷ് ചികിത്സാ കേന്ദ്രങ്ങളിൽ പരിശോധന നടത്തുവാനും രോഗികളെ മറ്റു സ്ഥലങ്ങളിലേക്ക് റഫർ ചെയ്യാനും അധികാരമുണ്ടാവും. ഈ ബിൽ കൂടുതൽ പരിശോധനയ്ക്കായി മാറ്റിവച്ചേക്കും.
അമ്പത് സെന്റ് വരെ സ്വകാര്യ വനഭൂമി കൈവശമുള്ള ചെറുകിട, നാമമാത്ര കർഷകർക്ക് ഇളവ് നൽകി 1971ലെ സ്വകാര്യവനങ്ങൾ നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും നിയമം ഭേദഗതി ചെയ്ത ബില്ലിലും വിശദ പരിശോധന വേണ്ടിവരുമെന്നാണ് ഗവർണറുടെ നിലപാട്.
കർഷകർ സമർപ്പിക്കുന്ന കൈവശാവകാശ രേഖകൾ തെളിവായി കണക്കാക്കി ഭൂമിയുടെ ഉടമാവകാശം അനുവദിക്കാനാണ് ബില്ലിലെ നിർദ്ദേശം. കർഷകർക്ക് ഇളവ് നൽകുന്നതിലും തെളിവിന്റെ കാര്യത്തിലും നേരത്തേ വനംവകുപ്പ് എതിർപ്പുയർത്തിയിരുന്നു. വനഭൂമിയുടെ കാര്യത്തിലും പട്ടയം ആധികാരിക രേഖയാണെന്ന 2019ലെ സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് ഭേദഗതി കൊണ്ടുവന്നതെന്നാണ് ഗവർണർക്ക് ലഭിച്ച വിവരം. പട്ടയത്തിന്റെ അടിസ്ഥാനത്തിൽ മാത്രം സ്വകാര്യവനങ്ങളുടെ ഉടമസ്ഥാവകാശം നിർണ്ണയിക്കുന്നതിൽ അപാകതയുണ്ടെന്നും 20000 ഹെക്ടർ നിബിഡ സ്വകാര്യ വനഭൂമി നഷ്ടപ്പെടുമെന്നും സ്വകാര്യ വനങ്ങൾ സംരക്ഷിക്കാനാണ് ഭേദഗതിയെന്നുമാണ് സർക്കാർ വാദം. ഏഴു തവണ ഓർഡിനൻസിറക്കിയശേഷമാണ് ഭേദഗതി ബിൽ പാസാക്കിയത്.
ഒപ്പിടാത്ത ബില്ലുകൾ
1. ഗവർണറെ നീക്കി അക്കാഡമിക് വിദ്ഗദ്ധരെ ചാൻസലറാക്കാനുള്ള ബിൽ
2. 2021നവംബറിൽ പാസാക്കിയ സർവകലാശാലാ നിയമഭേദഗതിക്കുള്ള 2ബില്ലുകൾ
3. വി.സി നിയമനത്തിൽ ഗവർണറുടെ അധികാരം കവർന്ന് 5അംഗ സെർച്ച് കമ്മിറ്റിക്കുള്ള ബിൽ
4. ലോകായുക്ത ഉത്തരവ് നിയമസഭയ്ക്കും മുഖ്യമന്ത്രിക്കും സർക്കാരിനും പുനഃപരിശോധിക്കാവുന്ന ഭേദഗതി
5. മിൽമ ഭരണസമിതിയിലേക്ക് നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടവകാശം അനുവദിക്കുന്ന ഭേദഗതി
ഗവർണർ
ബംഗളൂരുവിലേക്ക്
ഇന്ന് വൈകിട്ട് ബംഗളൂരുവിലേക്ക് പോവുന്ന ഗവർണർ അവിടെയും കോഴിക്കോട്ടുമുള്ള പരിപാടികൾക്ക് ശേഷം 11ന് തിരിച്ചെത്തും. അടുത്തദിവസം ഉത്തരേന്ത്യയിലേക്ക് പോവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |