കീവ് : നാല് ദിവസത്തെ സന്ദർശനത്തിനായി യുക്രെയിൻ ഉപവിദേശകാര്യ മന്ത്രി എമിനി ജാപറോവ ഇന്ന് ഇന്ത്യയിലെത്തും. യുക്രെയിനിൽ റഷ്യൻ ആക്രമണം ആരംഭിച്ച ശേഷം ആദ്യമായാണ് യുക്രെയിൻ മന്ത്രി ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിന് എത്തുന്നത്. യുക്രെയിനുള്ള മാനുഷിക സഹായം, നയതന്ത്ര ബന്ധം, സംഘർഷത്തിന്റെ നിലവിലെ സ്ഥിതിഗതികൾ എന്നിവ ചർച്ചയാകും.
വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി, ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വിക്രം മിസ്രി എന്നിവരുമായി എമിനി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുക്രെയിനിലേക്ക് ക്ഷണിക്കും. സെപ്തംബറിൽ ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയെ ക്ഷണിക്കണമെന്ന് എമിനി അഭ്യർത്ഥിച്ചേക്കും.
മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങി ഇന്ത്യ നൽകി വരുന്ന മാനുഷിക സഹായങ്ങൾ കൂട്ടണമെന്നും റഷ്യൻ ആക്രമണങ്ങളിൽ തകർന്ന ഊർജ്ജ സംവിധാനങ്ങൾ പുനഃസ്ഥാപിക്കാൻ കൂടുതൽ ഉപകരണങ്ങൾ നൽകണമെന്നും അഭ്യർത്ഥിച്ചേക്കും. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് സമാധാനത്തിന്റെ ശക്തമായ സന്ദേശം നൽകാൻ ഇന്ത്യയോട് ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്.
ജൂലായിൽ ഷാങ്ങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിലും സെപ്തംബറിൽ ജി 20 ഉച്ചകോടിയിലും പങ്കെടുക്കാൻ പുട്ടിൻ ഇന്ത്യയിൽ എത്തിയേക്കുമെന്ന അഭ്യൂഹത്തിനിടെയാണ് യുക്രെയിന്റെ ഭാഗത്ത് നിന്നുള്ള നീക്കം. റഷ്യ - യുക്രെയിൻ സംഘർഷത്തിൽ അന്താരാഷ്ട്ര വേദികളിൽ നിഷ്പക്ഷ നിലപാടാണ് ഇന്ത്യ തുടരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |