തെറ്റിദ്ധാരണ പരത്തരുതെന്ന് രാജീവ് ചന്ദ്രശേഖർ
ന്യൂഡൽഹി: വ്യാജ വാർത്ത പിൻവലിക്കാനുള്ള അധികാരം പി.ഐ.ബിക്ക് നൽകിയ ഐ.ടി ഭേദഗതി നിയമം പിൻവലിക്കണമെന്ന് എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു. രാജ്യത്തെ മാദ്ധ്യമ സ്വാതന്ത്ര്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഭേദഗതി പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. ഈ നിയമം സെൻസർഷിപ്പിന് സമാനമാണ്. അപ്പീൽ നൽകാനുള്ള വ്യവസ്ഥ പോലുമില്ലാത്ത വിജ്ഞാപനം പിൻവലിച്ച് മാദ്ധ്യമ സംഘടനകളോടും സ്ഥാപനങ്ങളോടും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകണമെന്നും എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു.
ഐ.ടി ചട്ട ഭേദഗതി പിൻവലിക്കണമെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോയും ആവശ്യപ്പെട്ടു. നേരിട്ടുള്ള സെൻസർഷിപ്പിന് തുല്യവും ജനാധിപത്യ വിരുദ്ധവുമായതിനാൽ അംഗീകരിക്കാനാവില്ലെന്നും പൊളിറ്റ്ബ്യൂറോ വ്യക്തമാക്കി.
തെറ്റിദ്ധാരണ പരത്തരുതെന്ന് രാജീവ് ചന്ദ്രശേഖർ
ജനങ്ങളിൽ മനഃപൂർവ്വമായ തെറ്റിദ്ധാരണയുണ്ടാക്കുകയെന്നതാണ് സി.പി.എം ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഐ.ടി ഭേദഗതി ചട്ടത്തിനെതിരായ സീതാറാം യെച്ചൂരിയുടെ ട്വീറ്റിനുള്ള മറുപടിയായാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. കേരളത്തിൽ വാർത്താ ചാനലുകളെ റെയ്ഡ് ചെയ്യുന്ന പിണറായി സർക്കാരിനെതിരെ ഇത്തരം പരാമർശങ്ങൾ ഉപയോഗിക്കുന്നതാവും കൂടുതൽ ഉചിതമെന്ന് കേന്ദ്ര മന്ത്രി മറുപടി ട്വീറ്റിൽ വ്യക്തമാക്കി. ചട്ടത്തിൽ ആർക്കും അമിതാധികാരം നൽകിയിട്ടില്ലെന്നും ട്വിറ്ററിൽ കുറിച്ചു. തങ്ങളുടെ ഉള്ളടക്കം ശരിയാണെന്ന് വിശ്വസിക്കുന്നവർക്ക് വാർത്ത പിൻവലിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ, ബന്ധപ്പെട്ട വകുപ്പ് നിയമപരമായി മുന്നോട്ട് പോയാൽ ഇടനിലക്കാർ കോടതി നടപടികളെ നേരിടേണ്ടി വരുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |