ന്യൂഡൽഹി: രാഹുലിനെതിരെ പരോക്ഷ വിമർശനവുമായി വീണ്ടും എൻ.സി.പി നേതാവ് ശരത് പവാർ. അദാനിയും അംബാനിയും രാജ്യത്തിന് നൽകിയ സംഭാവനകളെ കുറിച്ച് നാം ചിന്തിക്കണം. സർക്കാരിനെ വിമർശിക്കാൻ ടാറ്റയുടെയും ബിർളയുടെയും പേരുകൾ ഉപയോഗിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അവരും രാജ്യത്തിന്റെ വികസനത്തിന് അർഹമായ സംഭാവനകൾ നൽകിയിട്ടുണ്ട് - ശരത് പവാർ പറഞ്ഞു.
അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി (ജെ.പി.സി) അന്വേഷണമെന്ന പ്രതിപക്ഷ നിലപാടിനെയും അദ്ദേഹം തള്ളി. തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകരുടെ പ്രശ്നങ്ങൾ തുടങ്ങിയ നിരവധി സുപ്രധാന വിഷയങ്ങൾ പ്രതിപക്ഷത്തിന് മുന്നിലുണ്ട്. ജെ.പി.സിയിലെ 21 അംഗങ്ങളിൽ 15 പേർ ഭരണപക്ഷത്തും ആറ് പേർ പ്രതിപക്ഷത്തും ഉള്ളവരാണ്. അതിനാൽ അന്വേഷണത്തിൽ സത്യം കണ്ടെത്താനുള്ള സാധ്യത വിരളമാണമാണ്. ഹിൻഡൻബർഗ് വിഷയത്തിന് അമിതമായ പ്രാധാന്യമാണ് പ്രതിപക്ഷം നൽകിയതെന്ന് ശരത് പവാർ വിമർശിച്ചു. നമ്മൾ ഇത് വരെ ഹിൻഡൻബർഗിനെ കുറിച്ച് കേട്ടിട്ടില്ല. ഹിൻഡൻബർഗ് വിഷയം ഉന്നയിച്ചപ്പോൾ രാജ്യത്താകെ പ്രശ്നമുണ്ടായി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയാണ് അത് ബാധിച്ചത്. ഒരു ടാർഗറ്റ് വച്ച് കാര്യങ്ങൾ നടപ്പിലാക്കുന്നതായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |