ന്യൂഡൽഹി:സർവസൈന്യാധിപയായ രാഷ്ട്രപതി ദ്രൗപദി മുർമു യുദ്ധവിമാനമായ സുഖോയ് 30 എം.കെ.ഐയിൽ പറന്നു. അസാമിലെ തേസ്‌പൂർ വ്യോമ സേനാ താവളത്തിൽ നിന്ന് ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് മുർമുവുമായി സുഖോയ് പറന്നത്. ആന്റി ഗ്രാവിറ്രി സ്യൂട്ട് ധരിച്ചാണ് മുർമു സഞ്ചരിച്ചത്.
106 സ്‌ക്വാഡ്രണിലെ കമാൻഡിംഗ് ഓഫീസർ ഗ്രൂപ്പ് ക്യാപ്ടൻ നവീൻ കുമാറാണ് വിമാനം പറത്തിയത്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം ര
രണ്ട് കിലോമീറ്റർ ഉയരത്തിൽ മണിക്കൂറിൽ 800 കിലോമീറ്റർ വേഗതയിൽ വിമാനം പറന്നു. ബ്രഹ്മപുത്രയുടെയും തേസ്‌പൂർ താഴ്‌വരയുടെയും മുകളിലൂടെയും ഹിമാലയത്തിന്റെ ദൃശ്യങ്ങൾ കണ്ടും അര മണിക്കൂറോളം പറന്നതായി രാഷ്‌ട്രപതിഭവൻ ട്വിറ്ററിലൂടെ അറിയിച്ചു.
സുഖോയ് യുദ്ധവിമാനത്തിലെ യാത്ര ആവേശകരമായ അനുഭവമായിരുന്നെന്ന് മുർമു സന്ദർശക പുസ്തകത്തിൽ രേഖപ്പെടുത്തി. ഇന്ത്യയുടെ പ്രതിരോധ ശേഷി കര,വായു,കടൽ തുടങ്ങി എല്ലാ അതിർത്തികളിലേക്കും വ്യാപിച്ചത് അഭിമാനകരമാണ്. വ്യോമസേനയേയും തേസ്‌പൂർ എയർ ഫോഴ്സ് സംഘത്തെയും അഭിനന്ദിക്കുന്നെന്നും മുർമു കുറിച്ചു.
സുഖോയ് യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്ന രണ്ടാമത്തെ വനിതാ രാഷ്ട്രപതിയാണ് ദ്രൗപദി മുർമു. 2009ൽ അന്നത്തെ രാഷ്ട്രപതി പ്രതിഭ പാട്ടീൽ സുഖോയിൽ സഞ്ചരിച്ചു. മുൻ രാഷ്ട്രപതിമാരായ രാംനാഥ് കോവിന്ദ്, എ.പി.ജെ അബ്‌ദുൾ കലാം എന്നിവരും യുദ്ധവിമാനത്തിൽ സഞ്ചരിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തെ അസാം സന്ദർശനത്തിനെത്തിയ രാഷ്ട്രപതി മുർമി ഗുവാഹത്തിയിൽ നിന്നാണ് തേസ്‌പൂരിലെത്തിയത്. മാർച്ചിൽ ഐ.എൻ.എസ് വിക്രാന്ത് സന്ദർശിച്ച മുർമു ഉദ്യോഗസ്ഥരുമായും നാവികരുമായും ആശയവിനിമയം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |