ന്യൂഡൽഹി: കോൺഗ്രസ് വിട്ടവരെ അദാനിയുടെ പേരിലെ അക്ഷരങ്ങൾ ചേർത്ത് പരിഹസിച്ച് രാഹുൽ ഗാന്ധി. മുതിർന്ന നേതാക്കൾക്കൊപ്പം കഴിഞ്ഞ ദിവസം ബി.ജെ.പിയിലെത്തിയ അനിൽ ആന്റണിയുടെ പേരും ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതേസമയം രാഹുലിന്റെ ട്വീറ്റിനെ തിരിച്ച് പരിഹസിച്ച് അനിൽ രംഗത്തെത്തി.
പതിറ്റാണ്ടുകളോളം കോൺഗ്രസിൽ പ്രവർത്തിച്ച ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ കുമാർ റെഡ്‌ഡി, ഹിമന്ത ബിശ്വ ശർമ എന്നിവരോടോപ്പം തന്റെ പേരും ചേർത്തത് കണ്ടപ്പോൾ സന്തോഷവും ദുഃഖവും തോന്നിയെന്ന് അനിൽ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. താൻ കോൺഗ്രസിൽ മൂന്നോ നാലോ വർഷമേ ആയിട്ടുള്ളൂ, അത്തരത്തിലുള്ള ഒരാളെ ഇത്രയും വലിയ നേതാക്കളുടെ പട്ടികയിൽ ചേർത്തല്ലോ? അതിൽ സന്തോഷം, എന്നാൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്ന രാഹുലിന്റെ പ്രവൃത്തി വെറും ട്രോളന്മാരുടെ നിലവാരത്തിലേക്ക് താഴ്‌ന്നു പോയതിൽ ദുഃഖമുണ്ട് - അനിൽ കൂട്ടിച്ചേർത്തു.
കെ. സുധാകരന്റെ വിമർശനത്തിന് പരോക്ഷമായി മറുപടി നൽകിയ അനിൽ ആന്റണി, തന്നെ കുഴിയാന എന്നു വിശേഷിപ്പിക്കുന്നവർ ഇത് കാണുമെന്ന് കരുതുന്നുവെന്ന് പറഞ്ഞു. അരിക്കൊമ്പനാണെന്ന് കരുതി ബി.ജെ.പി കൊണ്ടുപോയത് കുഴിയാനയെ ആണെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്റെ പരിഹാസം.അതേസമയം അദാനിയുടെ പേരിനൊപ്പം കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന നേതാക്കളെയും ബന്ധപ്പെടുത്തി നടത്തിയ ട്വീറ്റിനെതിരെ കോടതിയെ സമീപിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ബൊഫോഴ്സ്, നാഷണൽ ഹെറാൾഡ് അഴിമതികളിൽ നിന്നുമുള്ള കുറ്റകൃത്യങ്ങളിലൂടെയുള്ള പണം എവിടെയാണ് ഒളിപ്പിച്ചതെന്ന് ഒരിക്കലും ചോദിക്കാത്തത് ഞങ്ങളുടെ മാന്യതയാണ്. എന്തായാലും നമുക്ക് കോടതിയിൽ കാണാം. ഹിമന്ത ബിശ്വ ശർമ്മ ട്വിറ്ററിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |