സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ജയം
റൗണ്ട് ഗ്ലാസ് പഞ്ചാബിനെ 3-1ന് കീഴടക്കി
കോഴിക്കോട് : സമീപകാലത്തെ തിരിച്ചടികളെ കരുത്താക്കി സൂപ്പർ കപ്പ് ഫുട്ബാളിന്റെ ആദ്യദിനം കേരളാ ബ്ലാസ്റ്റേഴ്സിന്റെ നിറഞ്ഞാട്ടം. ഇന്നലെ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തിയ ആരാധകരെ ആവേശത്തിൽ ആറാടിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി. ദിമിത്രിയോസ് ഡിയമെന്റകോസ് (പെനാൽറ്റി), നിഷുകുമാർ, കെ.പി. രാഹുൽ എന്നവരാണ് ബ്ലാസ്റ്റേഴ്സിനായി വലകുലുക്കിയത്. കൃഷ്ണാനന്ദ സിംഗാണ് റൗണ്ട് ഗ്ലാസ് പഞ്ചാബിന്റ സ്കോറർ.
ജയത്തോടെ മഞ്ഞപ്പട ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി.പഞ്ചാബ് നാലാമാതാണ്. ആദ്യകളിയിൽ സമനിലയിൽ പിരിഞ്ഞ ബംഗളൂരു എഫ്.സിയും ശ്രീനിധി ഡെക്കാനും രണ്ടാം സ്ഥാനം പങ്കിടുന്നു. ഗ്രൂപ്പിൽ നിന്ന് ഒരു ടീം മാത്രമാണ് സെമിയിലേക്ക് യോഗ്യത നേടുക.
തുടക്കം മുതൽ ആക്രമണ ഫുട്ബാൾ കാഴ്ചവെച്ച ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിലെത്തിയിരന്നു. 41ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ദിമിത്രിയോസ് ഡയമെന്റകോസാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ അക്കൗണ്ട് തുറന്നത്. 40ാം മിനിട്ടിൽ വലതുവിംഗിലൂടെ ബാളുമായെത്തിയ സൗരവ് മണ്ഡലിനെ ബോക്സിനകത്ത് പഞ്ചാബ് പ്രതിരോധ താരം വാൽപുയ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഡയമന്റകോസ് പിഴവില്ലാതെ വലയ്ക്കകത്താക്കി.
54-ാം മിനിട്ടിൽ നിഷുകുമാറിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡുയർത്തി. സഹലിൽ നിന്ന് ലഭിച്ച ബാൾ നിഷുകുമാർ പഞ്ചാബ് ഗോളിയ്ക്ക് അവസരം നൽകാതെ വലയിലെത്തിച്ചു. പകരക്കാരനായി ഇറങ്ങിയ കൃഷ്ണാനന്ദ സിംഗ് 73ാം മിനിട്ടിൽ പഞ്ചാബിനായി ഒരുഗോൾ തിരിച്ചടിച്ചു. . 78ാം മിനിട്ടിൽ ജുവാൻ മെറയുനടെ ലോംഗ് റേഞ്ചർ ബ്ലാസ്റ്റേഴ്സിന്റെ ക്രോസ് ബാറിൽ തട്ടിത്തെറിച്ചു.ഫ്രഡ്ഡിയുടെ റീബൗണ്ട് ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിൻ സുരേഷ് തടുത്തു. കളി തീരാൻ സെക്കൻഡുകൾ മാത്രമുള്ളപ്പോഴാണ് കെ.പി. രാഹുൽ ബ്ലാസ്റ്റേഴ്സിന്റെ വിജയമുറപ്പിച്ച ഗോൾ നേടിയത്. ഒറ്റയ്ക്ക് മുന്നേറിയ രാഹുൽ ഒന്നാന്തരം ഫിനിഷിലൂടെ പഞ്ചാബ് ഗോളിയെ മറികടക്കുകയായിരുന്നു.
കളിയുടെ തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്. കൗണ്ടർ അറ്റാക്കിംഗായിരുന്നു റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്.സിയുടെ തന്ത്രം. ഐ.എസ്.എൽ പ്ലേ ഓഫിലെ വോക്കൗട്ടിന് വിലക്കും പിഴയും ലഭിച്ചതും കളിക്കാരുടെ പരിക്കും തിരിച്ചടിയായ ബ്ലാസ്റ്റേഴ്സിന് വലിയ ആശ്വാസം നൽകന്നതാണ് ഈവിജയം.
ബംഗളൂരുവിനെ സമനിലയിൽ തളച്ച് ശ്രീനിധി
സൂപ്പർകപ്പിലെ ആദ്യ മത്സരത്തിൽ അനായാസ ജയം തേടിയെത്തിയ മുൻ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സിയെ 1-1ന് സമനിലയിൽ തളച്ച് ഐ ലീഗ് ടീം ശ്രീനിധി ഡെക്കാൻ. ബംഗളൂരുവിനായി ജാവിയിൽ ഹെർണാണ്ടസും ശ്രീനിധിയ്ക്കായി ഫൈസൽ ഷെയെസ്തെയുമാണ് വലകുലുക്കിയത്.
സുനിൽ ഛേത്രിയും റോയ് കൃഷ്ണയും അണിനിരന്ന ഐ.എസ്.എല്ലിലെ നിലവിലെ റണ്ണറപ്പായ ബംഗളൂരു മുന്നേറ്റനിരയുടെ മുനയൊടിച്ച ശ്രീനിധിയുടെ ഡിഫൻഡർ ബിജയ് ഛേത്രിയാണ് കളിയിലെ താരം. സമനില വഴങ്ങിയതോടെ കേരളബ്ലാസ്റ്റേഴ്സ് ആരാധകരുടെ കൂക്കി വിളികൾക്കിടയിലൂടെയാണ് ബംഗളൂരു താരങ്ങൾ മൈതാനം വിട്ടത്.
ബംഗളൂരുവിന്റെ ആക്രമണത്തോടെയായിരുന്നു കളി തുടങ്ങിയത്. രണ്ടാം മിനിട്ടിലും മൂന്നാം മിനിട്ടിലും കോർണർ ലഭിച്ചെങ്കിലും അവർക്ക് മുതലാക്കാനായില്ല. അഞ്ചാം മിനിട്ടിൽ ശ്രീനിധിയുടെ ഗബ്രിയേലിന്റെ ഷോട്ട് ബംഗളൂരു ഗോളി ഗുർപ്രീത് തട്ടിയകറ്റി.പത്താം മിനിട്ടിൽ സ്പാനിഷ് താരം ജാവിയർ ഹെർണാണ്ടസ് ഗോൺസാൽവസിലൂടെ ബംഗളൂരു മുന്നിലെത്തി. പെനാൽറ്റി ബോക്സനുള്ളിൽ നിന്ന് റോയ് കൃഷ്ണ തൊടുത്ത ഷോട്ട് ശ്രീനിധി ഗോളി ആര്യൻ ലാംബ തടുത്തിട്ടെങ്കിലും റീബൗണ്ട് പിടിച്ചെടുത്ത് ഹെർണാണ്ടസ് വലകുലുക്കുകയായിരുന്നു. 21ാം മിനിട്ടിൽ ഐ.എസ്.എൽ കരുത്തരെ ഞെട്ടിച്ച് ഐ ലീഗിലെ റണ്ണറപ്പായ ശ്രീനിധി സമനില നേടി. അഫ്ഗാൻ താരം ഫൈസൽ ഷയെസ്തെയാണ് സ്കോറർ. നൈജീരിയൻ താരം റിൽവാൻ ഹസന്റെ മികച്ച അസിസ്റ്റിൽ നിന്നായിരുന്നു മൂന്ന് പ്രതിരോധ താരങ്ങളെ മറികടന്നുള്ള ഫൈസലിന്റെ ഗോൾ.
രണ്ടാം പകുതിയിൽ ഇരുടീമുകളും ആക്രമണം നടത്തിയെങ്കിലും ഗോളടിക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |