ബീജിംഗ്: തായ്‌വാന് ചുറ്റും ചൈനയുടെ സൈനികാഭ്യാസം. തായ്‌വാൻ പ്രസിഡന്റ് സായ് ഇംഗ്- വെൻ യു.എസ് ജനപ്രതിനിധി സഭാ സ്പീക്കർ കെവിൻ മക്കാർത്തിയുമായി കാലിഫോർണിയയിൽ വച്ച് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ചൈനയുടെ പ്രകോപനം. ഇന്നലെ ആരംഭിച്ച സൈനികാഭ്യാസങ്ങൾ മൂന്ന് ദിവസം തുടരും. തായ്‌വാനെ ചുറ്റും നിന്നും വളയുന്ന തരത്തിലെ സൈനിക പരിശീലനങ്ങൾ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഈസ്റ്റേൺ തിയേറ്റർ കമാൻഡിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. സ്വേച്ഛാധിപത്യത്തിനെതിരെ യു.എസ് അടക്കമുള്ള സമാന ചിന്താഗതിയുള്ള രാജ്യങ്ങളുമായി പ്രവർത്തിക്കുന്നത് തുടരുമെന്ന് സൈനികാഭ്യാസത്തെ അപലപിച്ച സായ് ഇംഗ് - വെൻ പറഞ്ഞു. തായ്‌വാൻ കടലിടുക്കിൽ കടൽ, വ്യോമ പരിധിയിൽ അത്യാധുനിക യുദ്ധ വിമാനങ്ങൾ, യുദ്ധ കപ്പലുകൾ, മിസൈൽ ബോട്ടുകൾ തുടങ്ങിയവ വിന്യസിച്ചാണ് ചൈനയുടെ പടപ്പുറപ്പാട്. ഇന്നലെ ചൈനയുടെ 9 യുദ്ധക്കപ്പലുകളും 71 യുദ്ധവിമാനങ്ങളും തായ്‌വാൻ കടലിടുക്കിലെ വിഭജന രേഖ കടന്നതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റിൽ യു.എസ് ജനപ്രതിനിധി സഭ മുൻ സ്പീക്കർ നാൻസി പെലോസി ചൈനയുടെ എതിർപ്പ് മറികടന്ന് തായ്‌വാൻ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെ തായ്‌വാൻ - ചൈന ബന്ധത്തിൽ വിള്ളലുണ്ടാവുകയും ചൈനീസ് സൈന്യം തായ്‌വാൻ കടലിടുക്കിൽ അഭ്യാസപ്രകടനങ്ങൾ നടത്തി യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
സ്വയംഭരണാധികാരമുള്ള ദ്വീപായ തായ്‌വാനെ തങ്ങളുടെ ഭാഗമായാണ് ചൈന കാണുന്നത്. തായ്‌വാന്റെ സ്വാതന്ത്ര്യ നീക്കത്തെ എതിർക്കുന്ന ചൈന ആവശ്യമെങ്കിൽ ബലപ്രയോഗത്തിലൂടെ തായ്‌വാനെ പിടിച്ചെടുക്കാൻ മടിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |