ടെഹ്‌റാൻ : രാജ്യത്തെ നിർബന്ധിത ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിക്കുന്നത് തടയാൻ നിരീക്ഷണം ശക്തമാക്കി ഇറാൻ. ഇതിന്റെ ഭാഗമായി പൊതു ഇടങ്ങളിൽ കാമറ സ്ഥാപിക്കുന്ന നടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഹിജാബ് ധരിക്കാത്ത സ്ത്രീകളെ തിരിച്ചറിഞ്ഞ് ശിക്ഷിക്കുകയാണ് ലക്ഷ്യം. ഇത്തരക്കാർക്ക് മുന്നറിയിപ്പ് സന്ദേശം കൈമാറുമെന്നും പൊലീസ് അറിയിച്ചു. സാമൂഹിക മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ സ്ഥാപന ഉടമകൾക്കും നിർദ്ദേശം നൽകി. കഴിഞ്ഞാഴ്ച ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയെന്ന പേരിൽ വടക്ക് പടിഞ്ഞാറൻ നഗരമായ മഷാദിൽ രണ്ട് സ്ത്രീകൾ ആക്രമിക്കപ്പെട്ടിരുന്നു. അക്രമിയ്ക്ക് പുറമേ ഹിജാബ് നിയമം ലംഘിച്ചെന്ന പേരിൽ ഈ സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹിജാബ് ധരിക്കാത്തതിന് സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മഹ്സ അമിനി എന്ന 22കാരി മരിച്ചതിന് പിന്നാലെ സെപ്തംബർ മുതൽ രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെയാണ് ഭരണകൂടത്തിന്റെ നടപടി. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് പേർ അറസ്റ്റിലായി. നാല് പേരെ വധശിക്ഷയ്ക്ക് വിധേയമാക്കി. എന്ത് സംഭവിച്ചാലും സ്ത്രീകൾ ഹിജാബില്ലാതെ പുറത്തിറങ്ങരുതെന്ന നിയമത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ഭരണകൂടത്തിന്റെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |