ന്യൂയോർക്ക് : എസ്‌ട്രെല്ല ഡി ഫ്യൂറ....പോർച്ചുഗീസ് ഭാഷയിൽ ഫ്യൂറയുടെ നക്ഷത്രം എന്ന് അർത്ഥം. രത്നങ്ങളുടെ കൂട്ടത്തിലെ ഒരു നക്ഷത്രം തന്നെയാണ് ഈ 55.22 കാരറ്റ് മാണിക്യം. മൊസാംബീകിൽ നിന്ന് കനേഡിയൻ കമ്പനിയായ ഫ്യൂറ ജെംസ് കണ്ടെത്തിയ ഈ മാണിക്യക്കല്ല് ലോകത്തെ ഏറ്റവും അമൂല്യമായ രത്നങ്ങളിൽ ഒന്നാണ്. ലോകത്തെ ഏറ്റവും വലിയ മാണിക്യവും ഇതാണ്. വരുന്ന ജൂണിൽ ന്യൂയോർക്കിൽ എസ്‌ട്രെല്ല ഡി ഫ്യൂറയെ ലേലം ചെയ്യും. ഏകദേശം 3.03 കോടിയിലേറെ ഡോളറാണ് എസ്‌ട്രെല്ല ഡി ഫ്യൂറയ്ക്ക് പ്രതീക്ഷിക്കുന്നത്.
ന്യൂയോർക്ക് ആസ്ഥാനമായുള്ള ലോകപ്രശസ്ത ഫൈൻ ആർട്സ് കമ്പനിയായ സതബീസ് ആണ് എസ്‌ട്രെല്ല ഡി ഫ്യൂറയെ വില്പനയ്ക്കെത്തിച്ചിരിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന കടുംചുവപ്പ് നിറവും തിളക്കവുമാണ് എസ്‌ട്രെല്ല ഡി ഫ്യൂറയുടെ പ്രത്യേകത. നിലവിൽ 2015ൽ സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ വച്ച് 3.03 കോടി ഡോളറിന് ലേലത്തിൽ പോയ 25.59 കാരറ്റുള്ള സൺറൈസ് റൂബിയാണ് ഏറ്റവും ഉയർന്ന തുകയ്ക്ക് വിറ്റഴിക്കപ്പെട്ട മാണിക്യം. ഈ റെക്കാഡ് എസ്‌ട്രെല്ല ഡി ഫ്യൂറ മറികടക്കുമെന്ന് കരുതുന്നു.
കഴിഞ്ഞ വർഷം ജൂലായിലാണ് എസ്‌ട്രെല്ല ഡി ഫ്യൂറയെ കണ്ടെത്തിയത്. 101 കാരറ്റ് ഭാരമുണ്ടായിരുന്ന കല്ലാണ് ചെത്തിമിനുക്കി ഇപ്പോഴത്തെ രൂപത്തിലെത്തിച്ചത്. സതബീസിന്റെ ' മാഗ്നിഫിസെന്റ് ജുവൽസ് " എന്ന വില്പന പരമ്പരയിലാണ് എസ്‌ട്രെല്ല ഡി ഫ്യൂറയെ അവതരിപ്പിക്കുന്നത്.
ന്യൂയോർക്കിലെ ലേലത്തിന് മുമ്പ് ദുബായ്, സിംഗപ്പൂർ, ജനീവ തുടങ്ങിയ നഗരങ്ങളിൽ എസ്‌ട്രെല്ല ഡി ഫ്യൂറയെ പ്രദർശിപ്പിക്കുന്നുണ്ട്. 10.57 കാരറ്റ് ഭാരമുള്ള എറ്റേണൽ പിങ്ക് അടക്കമുള്ള അപൂർവ ഡയമണ്ടുകളും എസ്‌ട്രെല്ല ഡി ഫ്യൂറയ്ക്കൊപ്പം ലേലത്തിനെത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |