മിഷൻ ഉദ്ഘാടനം 25ന്
തിരുവനന്തപുരം: റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് അർഹതയുള്ള എല്ലാവർക്കും പട്ടയം ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള പട്ടയം മിഷന്റെ നടത്തിപ്പിന് അഞ്ച് സമിതികൾ രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്നോ നാളെയോ ഇറങ്ങും. ഈ മാസം 25ന് കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പട്ടയം മിഷൻ ഉദ്ഘാടനം ചെയ്യും.
വിവിധ സർക്കാർ വകുപ്പുകളുടെ കൈവശം ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി കണ്ടെത്തി ഭൂരഹിതർക്ക് വിതരണം ചെയ്യുകയാണ് മിഷനിലൂടെ ലക്ഷ്യമിടുന്നത്. ഏറെക്കാലമായി ഭൂമി കൈവശമുള്ള പാവപ്പെട്ടവർക്ക് കൈവശാവകാശ രേഖ കിട്ടാൻ നിയമതടസ്സമുണ്ടെങ്കിൽ അത് നീക്കാനും നടപടിയെടുക്കും.
സംസ്ഥാനത്ത് 1200 കോളനികളിലെ 18,000ത്തിലധികം കുടുംബങ്ങൾക്ക് പട്ടയം കിട്ടാനുണ്ട്. ഇവരുടെ സമഗ്ര ഡേറ്റ തയ്യാറാക്കും. എല്ലാ അസംബ്ളി നിയോജക മണ്ഡലങ്ങളിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ യോഗങ്ങൾ ചേരും. തഹസിൽദാറിൽ കുറയാത്ത റവന്യു ഉദ്യോഗസ്ഥനാവും നോഡൽ ഓഫീസർ. താമസിക്കുന്ന ഭൂമിക്ക് രേഖയില്ലെങ്കിലും പട്ടയം നൽകാനുള്ള നടപടിയെടുക്കും.
സമിതികൾ ഇങ്ങനെ
1. മിഷന്റെ മൊത്തത്തിലുള്ള പ്രവർത്തന മേൽനോട്ടത്തിന് റവന്യുവകുപ്പ് അഡി. ചീഫ് സെക്രട്ടറി കൺവീനറായുള്ള സംസ്ഥാനതല നിരീക്ഷണ സമിതി. തദ്ദേശം, വനം, പൊതുമരാമത്ത്, വൈദ്യുതി, ജലവിഭവ വകുപ്പുകളുടെ സെക്രട്ടറിമാർ അംഗങ്ങൾ. വിവിധ വകുപ്പുകളുടെ കൈവശമുള്ള ഭൂമി കണ്ടെത്തി വിതരണത്തിന് സൗകര്യമൊരുക്കുന്നതും ചുമതല.
2. പദ്ധതി നടത്തിപ്പിന് സംസ്ഥാനതലത്തിൽ ലാൻഡ് റവന്യുകമ്മിഷണർ കൺവീനറായുള്ള സമിതി. ലാൻഡ് റവന്യുവകുപ്പിലെ ലാ ഓഫീസർ, ജോയിന്റ് കമ്മിഷണർ, അസി.കമ്മിഷണർ എന്നിവർ അംഗങ്ങൾ.
3. ജില്ലാതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ കളക്ടർ ചെയർമാനായുള്ള സമിതി.
ഡെപ്യൂട്ടികളക്ടർ (എൽ.ആർ), ആർ.ഡി.ഒ, സബ്കളക്ടർ എന്നിവർ അംഗങ്ങൾ.
4. ഭൂമി കണ്ടെത്തി കൈമാറാനും പട്ടയത്തിന് അർഹരെ കണ്ടെത്താനുമായി തഹസിൽദാർ ചെയർമാനും ഡെപ്യൂട്ടി തഹസിൽദാർ കൺവീനറുമായി താലൂക്കുതല സമിതി. വിവിധ വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥർ അംഗങ്ങൾ.
5. ഏറ്റവും താഴെത്തട്ടിൽ പ്രവർത്തിക്കുന്നതിന് വില്ലേജ് തല സമിതി. നിലവിലെ വില്ലേജ്തല ജനകീയ സമിതികൾക്കാവും ഇതിന്റെ അധികച്ചുമതല.
1342
ലാൻഡ് ബോർഡിൽ
തീർപ്പാക്കാനുള്ള കേസുകൾ
23,000 ഏക്കർ
കേസുകൾ തീർപ്പായാൽ
വിതരണം ചെയ്യാവുന്ന ഭൂമി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |