
ആലപ്പുഴ: സംസ്ഥാന പൊലീസ് സേനയ്ക്ക് പ്രൗഢി പകരുന്ന അശ്വാരൂഢസേനയിൽ ഇന്ത്യൻ കുതിരകൾക്കു പകരം ഇനി ബ്രിട്ടീഷ് കുതിരകൾ വാഴും. തൊറോബ്രഡ് (Thoroughbred)ഇനത്തിലുള്ള അഞ്ചു കുതിരകളെ യു.പിയിലെ മിലിട്ടറി ക്യാമ്പിൽനിന്ന് കൊണ്ടുവരും. ഇംഗ്ളണ്ടിൽ കുതിരപ്പന്തയത്തിനായി 18 -ാം നൂറ്റാണ്ടിൽ വികസിപ്പിച്ചെടുത്ത പ്രത്യേക ഇനമാണിത്.
ഇന്ത്യൻ കുതിരകളെക്കാൾ കരുത്തും കായികക്ഷമതയും വേഗതയുമുണ്ട്. മാസങ്ങൾക്കു മുമ്പ് ഇന്ത്യൻ ആർമിയിലെ റീമൗണ്ട് വെറ്ററിനറി സർവീസിൽ നിന്നെത്തിച്ച ടിപ്പു, നിലിയ, കബനി എന്നിവ പെരുമാറ്റത്തിലും സ്വഭാവഗുണങ്ങളിലും നൂറിൽ നൂറായതോടെയാണ് അവശനിലയിലുള്ളവയ്ക്ക് പകരം അഞ്ചു കുതിരകളെ വാങ്ങാൻ ആഭ്യന്തരവകുപ്പ് അനുമതി നൽകിയത്. ധനവകുപ്പ് 42 ലക്ഷം രൂപ അനുവദിച്ചു. സൈനിക ക്യാമ്പിൽ നിന്ന് അനുമതി ലഭിച്ചാലുടൻ പ്രത്യേക ട്രക്കിൽ കുതിരകൾ തലസ്ഥാനത്തെത്തും.
1961ൽ രൂപീകരിക്കുകയും 1981മുതൽ കേരള പൊലീസിന്റെ ഭാഗമായി മാറുകയും ചെയ്ത തലസ്ഥാനത്തെ മൗണ്ടഡ് പൊലീസിന് 25 കുതിരകളാണുള്ളത്. ഇതിൽ പകുതിയും പ്രായവും രോഗങ്ങളും കാരണം അവശരാണ്. 14 കുതിരകളാണ് നിലവിൽ സേവനത്തിലുള്ളത്. രാജസ്ഥാനുൾപ്പെടെ വടക്കേഇന്ത്യൻ സംസ്ഥാനങ്ങളിലെ കുതിരയോട്ടക്കാരിൽ നിന്നും ക്ളബ്ബുകളിൽ നിന്നും വാങ്ങിയ ഇന്ത്യൻ ബ്രീഡ് കുതിരകളാണിവ.
പോറ്റാനും എളുപ്പം തൊറോബ്രഡ്
1.സൈനിക ക്യാമ്പിൽ നിന്ന് പരിശീലനം ലഭിച്ചവയായതിനാൽ ഇവയ്ക്ക് ട്രൂപ്പർ പരിശീലനം ആവശ്യമില്ല. മിലിട്ടറി ക്യാമ്പിൽ മനുഷ്യരുമായി അടുത്തിടപഴകുകയും ആഹാരത്തിലും വ്യായാമത്തിലുമെല്ലാം കൃത്യമായ ചിട്ട ഉണ്ടാവുകയും ചെയ്തതിനാൽ പോറ്റാനും എളുപ്പമാണ്
2. സ്വാതന്ത്ര്യ, റിപ്പബ്ളിക്ക് ദിന പരേഡുകൾ, സർക്കാരിന്റെ ഘോഷയാത്രകൾ, പട്രോളിംഗ്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട്, പളളിവേട്ട, നവരാത്രി ഘോഷയാത്രകൾ എന്നിവയ്‌ക്കെല്ലാം കുതിരപ്പൊലീസ് അനിവാര്യമാണ്
3. പൊലീസ് സേനയുടെ ഭാഗമായ കുതിരകൾക്ക് പരിശീലനം നൽകിയിട്ടും ആൾക്കൂട്ടങ്ങളിൽ അവ ഹാലിളക്കവും കുറുമ്പും കാട്ടിയിരുന്നത് പലപ്പോഴും തലവേദനയായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |