ന്യൂഡൽഹി : മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പെട്ട ഇ.ഡി കേസ് ലക്‌നൗവിൽ നിന്ന് കേരളത്തിലേക്ക് മാറ്റണമെന്ന ഹർജി സുപ്രീംകോടതി തള്ളി. കേസിലെ മറ്റൊരു പ്രതി കെ.എ. റൗഫ് ഷെരീഫ് സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസുമാരായ വി. രാമസുബ്രഹ്മണ്യനും, പങ്കജ് മിത്തലും അടങ്ങിയ ബെഞ്ച് തള്ളിയത്. കേസ് ഉത്തർപ്രദേശുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ടിന്റെ ദുരൂഹ ധനഇടപാടുകൾ സംബന്ധിച്ച വിഷയമാണെന്ന് ഇ.ഡി വാദിച്ചിരുന്നു. അക്കാര്യം പരിഗണിച്ച സുപ്രീംകോടതി, ലക്‌നൗ പ്രത്യേക കോടതിയുടെ അധികാരപരിധിയിലുള്ള കേസല്ലെന്ന വാദം നിലനിൽക്കില്ലെന്ന് വ്യക്തമാക്കി.
ഇ.ഡി കേസിലെ പത്തിൽ ഏഴ് പ്രതികളും മലയാളികളാണ് എന്നത് കോടതി മാറ്റത്തിന് പര്യാപ്‌തമായ കാരണമല്ല. ഭൂരിഭാഗം സാക്ഷികളും കേരളത്തിലാണെന്ന വാദവും സുപ്രീംകോടതി അംഗീകരിച്ചില്ല. വിദേശ ഫണ്ടിംഗ്, കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളാണ് കാപ്പനും കെ.എ. റൗഫ് ഷെരിഫും അടക്കമുള്ള പ്രതികൾ നേരിടുന്നത്. പ്രതികൾ 1.36 കോടി രൂപയുടെ ദുരൂഹ ഇടപാടുകൾ നടത്തിയെന്നാണ് ഇ.ഡി കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |