ഗുവാഹത്തി; കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്‌ട കേസ് നൽകുമെന്ന് അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ. അദാനിയുമായി ബന്ധപ്പെടുത്തി രാഹുൽ കഴിഞ്ഞ ദിവസം ശർമ്മയുടെ പേരും ഉന്നയിച്ചിരുന്നു. ഏപ്രിൽ 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുവാഹത്തി സന്ദർശനത്തിനു ശേഷമാണ് രാഹുലിനെതിരെ കോടതിയെ സമീപിക്കുകയെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാഹുൽ ഹിന്ദിയിൽ പങ്കുവച്ച ട്വീറ്റിൽ നേതാക്കളുടെ പേരുകളിലെ അക്ഷരങ്ങൾ ചേർത്തുള്ള ‘അദാനി’ എന്ന ചിത്രം ചേർത്തിരുന്നു. ''അദാനി കമ്പനികളിൽ നിക്ഷേപിച്ച 20,000 കോടി ബിനാമി പണം ആരുടേതാണ്?"" എന്ന ചോദ്യവും ഉന്നയിച്ചിരുന്നു. ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, ഹിമന്ത ബിശ്വ ശർമ്മ, കിരൺ കുമാർ റെഡ്ഡി, അനിൽ കെ. ആന്റണി എന്നിവരുടെ പേരുകളാണ് രാഹുൽ ട്വീറ്റിൽ സൂചിപ്പിച്ചത്. ഈ അഞ്ചു പേരിൽ ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടിയുണ്ടാക്കി. മറ്റു നാലു പേർ ബി.ജെ.പിയിൽ ചേർന്നു. സിന്ധ്യയിപ്പോൾ കേന്ദ്രമന്ത്രിയാണ്.
രാഹുൽ ഗാന്ധി 2019 ഏപ്രിൽ 13ന് കർണ്ണാടകയിലെ കോലാറിൽ നടത്തിയ മോദി പ്രസ്താവനയാണ് രാഹുലിന് പുറത്തേക്കുള്ള വഴി തുറന്നത്. ''എന്തുകൊണ്ടാണ് നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്ന പേരുകൾ സാധാരണമായത്?എല്ലാ കള്ളന്മാരുടെയും കുടുംബപ്പേര് മോദി എന്നായത് എന്തുകൊണ്ടാകും"" എന്നായിരുന്നു രാഹുലിന്റെ വിവാദ പ്രസ്താവന. ഇതിനെതിരെ ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ പൂർണേഷ് മോദിയാണ് മാനനഷ്ടക്കേസ് ഫയൽ സൂറത്ത് കോടതിയിൽ ചെയ്തത്. രാഹുൽ ഗാന്ധിയെ രണ്ട് വർഷം ശിക്ഷിച്ചുക്കൊണ്ടാണ് കോടതി ഉത്തരവായത്. ഇതോടെ ലോക്സഭ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കി പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |