മലപ്പുറം: ക്ഷേത്ര പുനരുദ്ധാരണത്തിന് അകമഴിഞ്ഞ് സഹായിച്ചവരോടുള്ള കടപ്പാടായി ഏഴ് വർഷമായി റംസാൻ ഇഫ്‌താർ നടത്തുകയാണ് വെട്ടിച്ചിറ പുന്നത്തലയിലെ ശ്രീലക്ഷ്മി നരസിംഹ മൂർത്തി വിഷ്ണു ക്ഷേത്രം കമ്മിറ്റി. 2017ലാണ് തുടക്കം.ഇപ്പോൾ അത് നാടിന്റെ സ്നേഹ സംഗമമാണ്. കഴിഞ്ഞ ദിവസം ക്ഷേത്ര പരിസരത്ത് നടന്ന ഇഫ്‌താറിൽ മതഭേദമന്യേ 500ഓളം പേർ പങ്കെടുത്തു.
ആയിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രം ഏഴ് വർഷം മുമ്പാണ് പുനരുദ്ധരിച്ചത്. 15 ലക്ഷം രൂപ ആവശ്യമായി വന്നു. 30ഓളം ഹൈന്ദവ കുടുംബങ്ങളേ ഇവിടെയുള്ളൂ. ഇത്രയും തുക സംഘടിപ്പിക്കാനാവാതെ പുനരുദ്ധാരണം പ്രതിസന്ധിയിലായി. ഇതറിഞ്ഞ് മുസ്‌ലീങ്ങൾ അകമഴിഞ്ഞ് സഹായിച്ചു. 2017 ജൂലായ് നാലിന് പുനഃപ്രതിഷ്ഠ നടന്നു. അന്ന് റംസാൻ കാലമായതിനാൽ പുനഃപ്രതിഷ്ഠയ്ക്ക് സഹായിച്ച മുസ്‌ലീങ്ങൾക്കായി ക്ഷേത്ര കമ്മിറ്റി ഇഫ്താർ വിരുന്നൊരുക്കി. നാടിന്റെ സ്നേഹം കൂട്ടിയിണക്കാൻ ഇഫ്‌താറിലൂടെ കഴിയുമെന്ന തിരിച്ചറിവിൽ അന്ന് തുടങ്ങിവച്ച ഇഫ്താർ സംഗമം കൊവിഡിലെ രണ്ട് വർഷമൊഴികെ തുടരുന്നുണ്ട്.
വെജിറ്റബിൾ ബിരിയാണിയും ജ്യൂസും ഫ്രൂട്ട്‌സുമെല്ലാം കഴിച്ചും മനംനിറഞ്ഞാണ് ഓരോരുത്തരും മടങ്ങുന്നത്. ഭക്ഷണം പാചകം ചെയ്യുന്നതും നാട്ടുകാരാണ്. വരുംവർഷങ്ങളിലും ഇഫ്താർ സംഗമം നടത്തുമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. എല്ലാ മതസ്ഥരും അടങ്ങിയതാണ് ക്ഷേത്ര കമ്മിറ്റി. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികൾക്കും നാട്ടുകാരുടെ പൂർണ്ണ പിന്തുണയുണ്ട്.
മതത്തിന്റെ പേരിൽ ആളുകളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്കിടയിൽ മനുഷ്യ സ്‌നേഹമാണ് ഉയർത്തിപ്പിടിക്കേണ്ടതെന്ന് പഠിപ്പിക്കുകയാണ് ഈ ഇഫ്താർ സംഗമം'.
ഉണ്ണിക്കൃഷ്ണൻ നായർ,ക്ഷേത്രം ട്രസ്റ്റി ബോർഡ് പ്രസിഡന്റ്
പരസ്പരം കലഹിക്കാനുള്ളതല്ല മതം. മതിൽക്കെട്ടുകളില്ലാത്ത ഈ ഒത്തുകൂടലിന്റെ ആഘോഷം മാതൃകയാണ്. എല്ലാ മതസ്ഥരെയും കൂട്ടിയിണക്കി ക്ഷേത്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമം പ്രശംസനീയമാണ്.
മമ്മു അരീക്കാടൻ ,ഇഫ്താർ സംഗമം ചെയർമാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |