കോട്ടയം . പൊള്ളുന്ന ചൂടിന് നേരിയ ആശ്വാസമേകി വേനൽ മഴയെത്തിയെങ്കിലും പിന്നാലെ വൈറൽ പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികളും പിടിമുറുക്കുന്നു. പനിക്കൊപ്പം ചൂടിൽ ചിക്കൻപോക്‌സും ശുദ്ധജല ലഭ്യത കുറഞ്ഞതോടെ ജലജന്യ രോഗങ്ങളും വർദ്ധിച്ചു. രാവിലെ കടുത്ത മഞ്ഞും പിന്നാലെയുള്ള ചൂടും ചേർന്ന കാലാവസ്ഥാ മാറ്റമാണ് പനി ബാധിതർ ഏറാൻ കാരണം. ഈ മാസം ഇതുവരെ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണം 6835 ആണ്. ഇന്നലെ മാത്രം 419 പേർ. രണ്ടു മൂന്നു ദിവസം കൊണ്ട് പനി വിട്ടാലും ചുമയും ശാരീരിക ക്ഷീണവും മാറുന്നില്ല. ചിലർക്ക് ആസ്മയ്ക്ക് സമാനമായ കടുത്ത ശ്വാസം മുട്ടലും ചുമയുമുണ്ടാകും. ഇത് ശ്വാസനാളികളിലെ നീർക്കെട്ടിനിടയാക്കും. ഈ മാസം 158 പേർക്കാണ് ചിക്കൻപോക്സ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് 410 പേരും ചികിത്സയിലുണ്ട്.
കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്
പുറത്തു നിന്ന് വെള്ളവും ഭക്ഷണവും കഴിക്കുന്നവരാണ് ഏറെയും വയറിളക്കത്തിന് ഇരകൾ. ഭക്ഷ്യവിഷബാധ, വയറിളക്ക രോഗങ്ങളുമായി ഈ ആഴ്ച 130 പേരാണ് ചികിത്സ തേടിയത്. ചൂട് കാലമായതിനാൽ ജ്യൂസും സർബത്തുമായി നിരവധി വഴിയോരക്കടകളാണുള്ളത്. ഇവയിലുപയോഗിക്കുന്ന വെള്ളവും ഐസുമാണ് വില്ലൻ.
ഇന്നലെ ചൂട് 36.5 ഡിഗ്രി
മുൻകരുതലെടുക്കാം
രോഗത്തിന് പൂർണ വിശ്രമം
തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക
സ്വയം ചികിത്സ ഒഴിവാക്കുക
ഡി.എം.ഒ ഡോ. എൻ.പ്രിയ പറയുന്നു
കുടിവെള്ളം പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ പകർച്ചവ്യാധികൾക്കുമുള്ള ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |