കണ്ണൂർ: ന്യൂജെൻ പടക്കങ്ങളാണ് ഇത്തവണത്തെ വിഷുവും പെരുന്നാളും കളറാക്കുന്നത്.വൈവിധ്യങ്ങളോടെയുള്ള പടക്കങ്ങളുമായി വിപണി ഇതിനോടകം സജീവമായി കഴിഞ്ഞു.സാധാരണയിൽ നിന്നും വ്യത്യസ്തമായ പുതുമയുള്ള പടക്കങ്ങളോടാണ് ആളുകൾക്ക് പ്രിയമെന്ന് കച്ചവടക്കാർ പറഞ്ഞു.ടവർപോട്സ്, പോംപോം ,ഹൈവോൾട്ടേജ്,ഷോട്ട്സ്,കളർവേൾഡ് പൂക്കുറ്റി എന്നിവയാണ് ഇത്തവണത്തെ താരങ്ങൾ.വില അൽപ്പം കൂടുതലാണെങ്കിലും ആവശ്യക്കാർ ധാരാളമുണ്ട്.
ആകാശത്ത് പല നിറങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുന്ന ടവർപോർട്സിന് 600 രൂപയാണ്.പൊട്ടിതെറിക്കുന്ന പോപോംന് 150 രൂപയാണ്.ഒരു പാക്കറ്റിൽ 30 എണ്ണമുണ്ടാകും. നിറങ്ങൾ പലതുള്ള കളർവേൾഡ് പൂക്കുറ്റിക്ക് 600 രൂപയുമാണ് വില.കൂട്ടത്തിലെ താരം ഹൈ വോൾട്ടേജ് പടക്കമാണ്.ആകാശത്ത് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്ന ഇവയ്ക്ക് 6500 രൂപയാണ്.നൂറെണ്ണം ഒരുമിച്ച് പൊട്ടിതെറിക്കും.സ്കൈ ഷോർട്ട് പടക്കങ്ങൾക്കും ആവശ്യക്കാരേറെ.
ഇതിന് പുറമെ സാധരാണ കണ്ടു വരുന്ന കമ്പിത്തിരി,പൂക്കുറ്റി എന്നിവയും വിപണിയിലുണ്ട്.15 മുതൽ 250 രൂപ വരെയാണ് കമ്പിത്തിരിയുടെ വില.60 മുതൽ 650 വരെയാണ് പൂക്കുറ്റിയുടെ വില.60 മുതൽ 400 വരെ വിലയുള്ള നിലചക്രങ്ങളുമുണ്ട്.കുട്ടികൾക്കായുള്ള പ്രത്യേക പടക്കങ്ങളും വിപണിയിലുണ്ട്. 35 മുതൽ 12,000 രൂപ വരെയാണ് വില. 500, 1000, 1500 രൂപയുടെ കിറ്റുകളും ലഭ്യമാണ്.തീ കൊളുത്തിയാൽ ആകാശത്ത് വട്ടമിട്ട് പറന്ന് പൊട്ടുന്ന ഹെലികോപ്റ്റർ പടക്കങ്ങളുമുണ്ട്.
നിറം കൂടിയാൽ വിലയും കൂടും
ശബ്ദം മാത്രമുള്ള പടക്കങ്ങൾക്ക് വില കുറവാണ്.ശബ്ദവും വെളിച്ചവും നിറവുമെല്ലാം കൂടുന്നതിനനുസരിച്ച് വിലയും കൂടും.ശബ്ദം കൂടുലതില്ലാത്ത പടക്കങ്ങളാണ് വീടുകളിലേക്ക് ആളുകൾ വാങ്ങുന്നത്.കുട്ടികൾക്കും ഇതിനോടാണ് പ്രിയം.ശിവകാശിയിൽ നിന്നുമാണ് പടക്കങ്ങൾ ജില്ലയിലെത്തുന്നത്. വിഷുവിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ പടക്കങ്ങളിലെ വെറൈറ്റി അന്വേഷിച്ച് ആളുകളെത്തി തുടങ്ങി. കഴിഞ്ഞ വർഷത്തേക്കാൾ കച്ചവടം തുടക്കത്തിൽ തന്നെ ലഭിക്കുന്നുണ്ടെന്നും വിൽപ്പനക്കാർ പറഞ്ഞു.ജില്ലയിൽ ഒന്നരക്കോടിയുടെ വിൽപ്പനയാണ് നടക്കുന്നത് . ഇതിനിടെ പടക്കങ്ങളുടെ അനധികൃത വിൽപ്പന ലൈസൻസുള്ള കച്ചവടക്കാർക്ക് തിരിച്ചടിയാകുന്നുണ്ട്. ഓൺലൈൻ പടക്ക വിപണി നിരോധിച്ചതാണെങ്കിലും കച്ചവടങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്.
നാട്ടിൻ പുറങ്ങളും സജീവം
നാട്ടിൻ പുറങ്ങളിൽ വിഷു വിപണി മുന്നിൽ കണ്ട് നേരത്തെ തന്നെ പടക്ക വിൽപ്പനയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തി തുടങ്ങിയിരുന്നു.ആകർഷകമായ പരസ്യങ്ങളും ബാനറുകളുമെല്ലാം കൊണ്ട് നാട്ടിൻ പുറങ്ങൾ
വിപണിയിൽ സജീവമാവുകയാണ്.യുവാക്കളും വിവിധ കൂട്ടായ്മകളുടെയും നേതൃത്വത്തിൽ സ്റ്റാളുകളിൽ കച്ചവടം തുടങ്ങി കഴിഞ്ഞു.ഫാക്ടറി വിലകളിലും മറ്റ് ആകർഷകമായ ഒാഫറുകളിലുമെല്ലാം പലയിടത്തും വിൽപ്പന പൊടിപൊടിക്കുകയാണ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |