ആലപ്പുഴ: ശമ്പള വർദ്ധനവും സർവീസ് ആനുകൂല്യങ്ങളുമില്ലാതെ സർക്കാർ സ്കൂളുകളിലെ പ്രീ പ്രൈമറി ജീവനക്കാർ. പി.ടി.എ വഴി പ്രീ പ്രൈമറി ജീവനക്കാരെ നിയമിക്കാൻ 1988ൽ ഇറക്കിയ സർക്കാർ ഉത്തരവ് പ്രകാരം ജോലിയിൽ പ്രവേശിച്ചവർ പോലും സമര മുഖത്താണ്.
നിയമനം ലഭിച്ച് ഒരു വർഷത്തിനകം സ്ഥിരപ്പെടുത്തുമെന്ന ഉത്തരവ് വാഗ്ദാനമായി ശേഷിക്കുന്നു. മൂന്ന്, നാല് വയസുള്ള കുട്ടികളെ പഠിപ്പിക്കുന്ന പ്രീ പ്രൈമറി അദ്ധ്യാപകർക്ക് ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് അവസാനമായി ഓണറേറിയം തുക വർദ്ധിപ്പിച്ച് 12,500 രൂപയിലെത്തിയത്. ഇത് ലഭിക്കുന്നതാവട്ടെ, മാസങ്ങൾ കഴിഞ്ഞും. തൊഴിൽ മേഖലയിൽ വർഷങ്ങളായി അസ്ഥിരത നേരിടുകയാണെന്ന് പ്രീ പ്രൈമറി ജീവനക്കാർ പറയുന്നു.
രണ്ട് കോടതി ഉത്തരവുകളുണ്ടായിട്ടും പ്രീ പ്രൈമറി ജീവനക്കാർക്ക് സേവന വേതന വ്യവസ്ഥകൾ ഇന്നും അന്യമാണ്. പ്രായത്തിന്റെ അവശതകൾ നേരിടുന്നവർ പോലും പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാതെ ജോലി തുടരുന്നു. 30 വർഷത്തിലധികമായി ജോലി ചെയ്യുന്നവരുണ്ട്. പ്രായമായവർക്ക് പെൻഷൻ അനുവദിച്ച് വിരമിക്കാൻ അവസരം ഒരുക്കണമെന്നത് ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. ജീവനക്കാരെ പി.ടി.എ നിയമിക്കുന്നുവെന്ന പേരിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മുഖം തിരിച്ച് നിൽക്കുന്നത്. വിഷയത്തിൽ പഠനം നടത്താൻ കമ്മിഷനെ നിയോഗിച്ചത് മാത്രമാണ് മിച്ചം.
# ജീവനക്കാരുടെ ആവശ്യങ്ങൾ
ജോലി സ്ഥിരത ഉറപ്പ് വരുത്തുക
മെഡിസെപ്പ്, ഇ.എസ്.ഐ ലഭ്യമാക്കുക
60 വയസ് പിന്നിട്ടവർക്ക് പെൻഷൻ ലഭ്യമാക്കുക
പല തവണ മുഖ്യമന്ത്രിക്കടക്കം നിവേദനം നൽകി. പക്ഷേ ഒരു നടപടിയുമുണ്ടായില്ല. പ്രായാധിക്യം വേട്ടയാടുമ്പോൾ പോലും പെൻഷൻ ആനുകൂല്യം അനുവദിക്കാൻ സർക്കാർ തയാറാകുന്നില്ല
പ്രീ പ്രൈമറി അദ്ധ്യാപകർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |