കൊല്ലം: ഇത്തിക്കര ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗവും സി.പി.ഐ ജില്ലാ കൗൺസിൽ അംഗവുമായ ശ്രീജ ഹരീഷിനെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 26 വോട്ടിൽ 23 ഉം നേടിയാണ് ശ്രീജ ഹരീഷ് വൈസ് പ്രസിഡന്റായത്.
വരണാധികാരിയായ കളക്ടർ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ സത്യവാചകം ചൊല്ലിക്കൊടുത്തു. പി.കെ.ഗോപൻ ശ്രീജ ഹരീഷിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ.എസ് കല്ലേലിഭാഗം പിന്താങ്ങി.
യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കലയപുരം ഡിവിഷനിലെ ആർ. രശ്മിക്ക് മൂന്ന് വോട്ടുകൾ ലഭിച്ചു. തുടർന്ന് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ആർ.ബീനറാണിയുടെ സാന്നിദ്ധ്യത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ചടയമംഗലം ഡിവിഷനിൽ നിന്നുള്ള അംഗവും സി.പി.ഐ ജില്ലാ അസി. സെക്രട്ടറിയുമായ സാം.കെ.ഡാനിയൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമായും, ഓച്ചിറ ഡിവിഷനിലെ ഗേളി ഷണ്മുഖൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. പി.കെ.ഗോപൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതോടെ ഒഴിവ് വന്ന ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പിന്നീട് തിരഞ്ഞെടുപ്പ് നടക്കും.
സി.പി.ഐ ജില്ലാ സെന്റർ, എക്സിക്യുട്ടീവ് യോഗങ്ങൾ രാവിലെ ചേർന്നാണ് ശ്രീജയെ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്. ജില്ലാ സെന്റർ യോഗത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നു. എന്നാൽ പിന്നീട് ചേർന്ന ജില്ലാ എക്സിക്യുട്ടീവ് യോഗം കാര്യമായ എതിർപ്പുകളില്ലാതെ ജില്ലാ സെന്റർ നിർദേശം അംഗീകരിച്ചു. ചാത്തന്നൂർ ഏറം സ്വദേശിനിയാണ് ശ്രീജ ഹരീഷ്. നേരത്തെ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായിരുന്നു. സി.പി.ഐ ചാത്തന്നൂർ മണ്ഡലം കമ്മിറ്റി അംഗം എച്ച്. ഹരീഷ് ഭർത്താവാണ്. അവസാന വർഷ എൻജിനിറിംഗ് വിദ്യാർത്ഥിനി നിരഞ്ജന, പത്താം ക്ലാസ് വിദ്യാർത്ഥിനി നേഹ നിധി എന്നിവരാണ് മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |