തൃശൂർ: കാലാവസ്ഥാ വ്യതിയാനം മൂലം പശുക്കളിലും മൃഗങ്ങളിലുമുണ്ടാകുന്ന മാറ്റങ്ങളും പ്രശ്‌നങ്ങളും പഠിക്കാൻ വെറ്ററിനറി സർവകലാശാലയിൽ പ്രത്യേക കാലാവസ്ഥ ചേംബർ. മൃഗങ്ങളെ ചേംബറുകളിൽ (പ്രത്യേകം മുറികളിൽ) ആക്കിയുള്ള പഠനത്തിലൂടെ ക്ഷീരമേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്നാണ് പ്രതീക്ഷ.
ഇതിനായി ക്‌ളൈമറ്റ്, കംഫർട്ട് ചേംബറുകളുള്ള ഗവേഷണ സമുച്ചയം തയ്യാറായെന്ന് അധികൃതർ അറിയിച്ചു. 1.7 കോടി കേന്ദ്ര സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിയന്ത്രിത കാലാവസ്ഥയിലും അല്ലാതെയും മൃഗങ്ങളെ നിറുത്തി, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ശാരീരിക സമ്മർദ്ദങ്ങൾ പഠിക്കാനാകും.
യന്ത്രങ്ങൾ ഉപയോഗിച്ച് കൃത്രിമ കാലാവസ്ഥ സൃഷ്ടിക്കാനും സോഫ്ട് വെയറിന്റെ സഹായത്തോടെ അന്തരീക്ഷ ഊഷ്മാവും ആപേക്ഷിക ആർദ്രതയും യഥാക്രമം 5°C മുതൽ 50°C വരെയും, 95% വരെയും ക്‌ളൈമറ്റ് ചേംബറിൽ ക്രമീകരിക്കാം. മൃഗങ്ങൾക്ക് സുഖകരമായ കാലാവസ്ഥ നൽകുന്നതാണ് കംഫർട്ട് ചേംബർ.
പശു ഉൾപ്പെടെയുള്ള വലിയ മൃഗങ്ങളെയും, ചെറിയ മൃഗങ്ങളെയും നിറുത്താം. പരമാവധി 6 പശുക്കളെ ഒരേസമയം നിറുത്താവുന്നതാണ് ഗവേഷണ സമുച്ചയം. രണ്ട് അറകളിലും മൃഗങ്ങളുടെ ശാരീരിക പ്രവർത്തനവും സ്വഭാവവും നിരീക്ഷിക്കാനും 2 മൃഗങ്ങളെ സ്വാഭാവികാന്തരീക്ഷത്തിൽ പഠിക്കാനും സൗകര്യമുണ്ട്.
മലിനജലം സംസ്‌കരിക്കും
കാമ്പസിലെ പന്നി ഉത്പാദന, ഗവേഷണ കേന്ദ്രത്തിൽ മലിനജല സംസ്‌കരണം, പുനരുപയോഗം എന്നിവയ്ക്കും പുതിയ സംവിധാനം. ദിവസം 75,000 - 80,000 ലിറ്റർ മലിനജലം സംസ്‌കരിക്കാം. സംസ്‌കരിച്ച് വെള്ളം 5000 ലിറ്റർ വീതമുള്ള നാലു സംഭരണികളിലായി സൂക്ഷിച്ച് ആവശ്യാനുസരണം പമ്പ് ചെയ്യും. 50 ലക്ഷം ചെലവിലാണ് നിർമ്മിച്ചത്.
ഉദ്ഘാടനം 17ന്
കാലാവസ്ഥാ ചേംബർ സമുച്ചയത്തിന്റെ ഉദ്ഘാടനം 17ന് ഉച്ചയ്ക്ക് രണ്ടിന് മണ്ണുത്തി വെറ്ററിനറി കോളേജിൽ മന്ത്രി ചിഞ്ചുറാണിയും മലിനജല സംസ്‌കരണ പ്‌ളാന്റിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജനും നിർവഹിക്കും. മേയർ എം.കെ. വർഗീസ്, സർവകലാശാല ബോർഡ് അംഗങ്ങളും എം.എൽ.എമാരുമായ വാഴൂർ സോമൻ, ഒ.ആർ. കേളു. അഡ്വ. ടി. സിദ്ദിഖ് തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഡോ. കെ. വിജയകുമാർ, ഡോ. എ.പി. ഉഷ, ഡോ. എസ്. അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |