ആലപ്പുഴ: സംസ്ഥാനത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ 20ന് പ്രവർത്തനം ആരംഭിക്കുമ്പോൾ ജില്ലയിൽ മിഴി തുറക്കുന്നത് 41 എണ്ണം. പകൽ പോലെ തന്നെ രാത്രി ദൃശ്യങ്ങളും തെളിമയോടെ ഈ കാമറകൾ പകർത്തും. പിഴത്തുക ഓൺലൈനായും അക്ഷയ വഴിയും അടയ്ക്കാം. 30 ദിവസത്തിനകം അടച്ചില്ലെങ്കിൽ ഇരട്ടിത്തുക കോടതിയിൽ അടയ്‌ക്കേണ്ടി വരും.
കാമറകളും പരിവാഹൻ സൈറ്റും സംയോജിപ്പിക്കുന്നതിലെ കാലതാമസം പ്രവർത്തനം വൈകിപ്പിച്ചെങ്കിലും കാമറ സജീവമാകുന്നതോടെ റോഡപകടങ്ങൾ കുറയുന്നതിനൊപ്പം ഖജനാവിലേക്ക് പണം ഒഴുകിയെത്തുമെന്നാണ് സർക്കാർ പ്രതീക്ഷ. ജില്ലയിൽ മൂന്ന് മാസത്തിനിടെ നൂറ് കണക്കിന് പേർക്കാണ് വാഹനാപകടങ്ങളിൽ ഗുരുതര പരിക്കേറ്റത്. ഇടതുവശത്തുകൂടിയുള്ള ഓവർടേക്കിംഗ്, സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്ര, അമിതവേഗം തുടങ്ങിയവയ്‌ക്കെല്ലാം പിടിവീഴും. ഇൻഷ്വറൻസ്, ടാക്‌സ് ഉൾപ്പെടെയുള്ള മറ്റ് കാര്യങ്ങൾ ഭാവിയിൽ ഉൾപ്പെടുത്താവുന്ന രീതിയിലാണ് ഘടന. റോഡ് ലൈൻ മാറിപ്പോകുന്നതും കാൽനടക്കാരുടെ ക്രോസിംഗിൽ വണ്ടി നിറുത്തുന്നതുമെല്ലാം പിടികൂടും. കൃത്യമായ പഠനം നടത്തി അപകടസാദ്ധ്യതമേഖല കണ്ടെത്തിയാണ് കാമറ സ്ഥാപിച്ചിരിക്കുന്നത്.
ജില്ലയിലെ കാമറ സ്പോട്ടുകൾ
മുക്കട കവല, കായംകുളം ഗവ ആശുപത്രി റോഡ്, ചാരുംമൂട്, പുല്ലുകുളങ്ങര, കറ്റാനം, കുറ്റിത്തെരുവ് കവല, മുതുകുളം ഗവ. സ്‌കൂൾ കവല, മാങ്കാംകുഴി, തട്ടാരമ്പലം, ചൂണ്ടുപലക കവല മുട്ടം, കൊല്ലകടവ്, മൈക്കിൾ കവല, തൃക്കുന്നപ്പുഴ, ഐക്യ കവല, മാധവ കവല, മുളക്കുഴ, നങ്ങ്യാർകുളങ്ങര (തൃക്കുന്നപ്പുഴ റോഡ്), മാർക്കറ്റ് കവല കച്ചേരി കവല, വീയപുരം, മാന്നാർ, കല്ലിശേരി, എടത്വ, തോട്ടപ്പള്ളി, അമ്പലപ്പുഴ (എടത്വ റോഡ്), വളഞ്ഞവഴി (എസ്.എൻ കവല), കൈചൂണ്ടി, കൈതവന, വലിയകുളം കവല, സക്കറിയ ബസാർ, പവർഹൗസ് പാലം, ജില്ലാക്കോടതി, വലിയചുടുകാട്, ഇരുമ്പുപാലം, മുഹമ്മ, തണ്ണീർമുക്കം ബണ്ട്, ചേർത്തല കോടതിക്കവല, കാട്ടൂർ, ശക്തീശ്വരം കവല, തുറവൂർ ടി.ഡി കവല, തൈക്കാട്ടുശേരി ഫെറി, അരൂക്കുറ്റിപ്പാലം
പൊലീസ് വകുപ്പിന്റെ കാമറകളുള്ള സ്ഥലം ഒഴിവാക്കിയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ജില്ലയിൽ കൺട്രോൾ റൂം പ്രവർത്തിക്കും. നിയമലംഘനത്തിന്റെ അറിയിപ്പ് തത്സമയം വാഹന ഉടമയുടെ മൊബൈലിൽ എത്തുന്ന തരത്തിലാണ് സംവിധാനം
മോട്ടോർ വാഹന വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |