കൊല്ലം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കൊട്ടിയം, പാരിപ്പള്ളി, ചാത്തന്നൂർ ജംഗ്ഷനുകളിൽ എലിവേറ്റഡ് ഫ്ലൈ ഓവർ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വി.മുരളീധരൻ ഉടൻ ദേശീയപാത, ഉപരിതലഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് ചർച്ച നടത്തും. നിതിൻ ഗഡ്കരിയുടെ ഓഫീസിലാകും ചർച്ച. ദേശീയപാത അതോറിട്ടി തിരുവനന്തപുരം റീജണൽ ഓഫീസർ മീണയും ചർച്ചയിൽ പങ്കെടുക്കും.
കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി ജംഗ്ഷനുകളിൽ മണ്ണിട്ട് ഉയർത്തിയുള്ള പാലത്തിന് പകരം എലിവേറ്റഡ് ഫ്ലൈ ഓവർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാപ്രസിഡന്റ് ബി.ബി. ഗോപകുമാർ നിതിൻ ഗഡ്കരിക്കും വി.മുരളീധരനും നിവേദനം നൽകിയിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് മൂന്ന് ജംഗ്ഷനുകളും കേന്ദ്രീകരിച്ചുള്ള ആക്ഷൻ കൗൺസിലുകളും വി. മുരളീധരന് നിവേദനം നൽകിയിട്ടുണ്ട്. ബി.ബി.ഗോപകുമാർ നേരിൽ കണ്ട് നിവേദനം നൽകിയപ്പോൾ തന്നെ, ഇതുസംബന്ധിച്ച റിപ്പോർട്ട് നിതിൻ ഗഡ്കരി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജംഗ്ഷനുകളിൽ വാഹനങ്ങൾക്ക് ആറുവരിപ്പാത മുറിച്ചുകടക്കാൻ പാലത്തിന് അടിയിൽ ഒന്നോ രണ്ടോ ഓപ്പണിംഗുകൾ അനുവദിക്കാമെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥർ. ഈ സാഹചര്യത്തിലാണ് പുതിയ ശുപാർശ തയ്യാറാക്കുന്നതിന് മുന്നോടിയായി വി. മുരളീധരൻ, നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തുന്നത്.
മൂന്ന് ജംഗ്ഷനുകളിലും മൺമതിൽ പൂർണമായും ഒഴിവാക്കി എലിവേറ്റഡ് ഫ്ലൈ ഓവർ നിർമ്മിക്കണമെന്ന ആവശ്യം വി. മുരളീധരൻ മുന്നോട്ടുവയ്ക്കുമെന്നാണ് സൂചന. കരുനാഗപ്പള്ളി ജംഗ്ഷനിൽ ഫ്ലൈ ഓവറിനുള്ള ശുപാർശ ദേശീയപാത അതോറിട്ടി റീജിണൽ ഓഫീസ് നേരത്തെ തന്നെ ഹെഡ് ക്വാർട്ടേഴ്സിന് നൽകിയിരുന്നു.
അധിക ഓപ്പണിംഗ് ഗുണകരമല്ല
മൺമതിൽ കെട്ടിയുള്ള ഫ്ലൈ ഓവറിന് അടിയിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ കൂടുതൽ ഓപ്പണിംഗുകൾ അനുവദിച്ചതുകൊണ്ട് കാര്യമായ ഗുണമുണ്ടാകില്ല. അപകടങ്ങൾക്കുള്ള സാദ്ധ്യത കൂടുകയേയുള്ളു. പാർക്കിംഗ് പ്രശ്നവും പരിഹരിക്കപ്പെടില്ല.
നിരക്ക് വർദ്ധനയും ചർച്ചയാകും
വിവിധ നിർമ്മാണ സാമഗ്രികളുടെ 2021ലെ വില അടിസ്ഥാനമാക്കിയുള്ള നിരക്ക് പ്രകാരമാണ് ദേശീയപാത 66 വികസനത്തിന്റെ കരാർ ഒപ്പിട്ടിരിക്കുന്നത്. മൂന്ന് ജംഗ്ഷനുകളിലും ഈ നിരക്ക് പ്രകാരം എലിവേറ്റഡ് ഫ്ലൈ ഓവർ നിർമ്മിക്കാനാകില്ലെന്ന നിലപാടിലാണ് കരാർ കമ്പനികൾ. അതിനാൽ, നിരക്ക് വർദ്ധന സംബന്ധിച്ച ചർച്ചയും മന്ത്രി തല കൂടിക്കാഴ്‌ചയിൽ ഉയരാൻ സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |