ഇടവ: വൃദ്ധയെ ആക്രമിച്ച് മാല കവരാൻ ശ്രമിച്ചക്കേസിലെ പ്രതിയെ അയിരൂർ പൊലീസ് പിടികൂടി. ചെമ്മരുതി മുട്ടപ്പലം വട്ടപ്ലാംമൂട് കോളനിയിൽ കൊച്ചുമോൻ എന്ന് വിളിക്കുന്ന ശരത്തിനെയാണ് (23) അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിൽ 16ന് വൈകിട്ട് 6.30ഓടെ വർക്കല ശ്രീനിവാസപുരം കൃഷ്ണ നിവാസിൽ 94കാരിയായ ദേവകിയെയാണ് പ്രതി ആക്രമിച്ച് മാല കവരാൻ ശ്രമിച്ചത്. വീടിന്റെ ഹാളിൽ ടിവി കണ്ടിരുന്ന ദേവകിയുടെ കഴുത്തിൽ പ്രതി അമർത്തി പിടിച്ച് മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ദേവകിയുടെ ബഹളം കേട്ട് ഓടിയെത്തിയ മകൻ കൃഷ്ണനെ തള്ളിമാറ്റി പ്രതി ഓടി രക്ഷപ്പെട്ടു.
സമാനമായ രീതിയിൽ ഏപ്രിൽ 10ന് കൃഷ്ണന്റെ ഭാര്യ രമണിയെയും മോഷ്ടാവ് ആക്രമിച്ചിരുന്നു. രാത്രിയിൽ പുറത്തേക്ക്ഇറങ്ങിയ രമണിയെ തള്ളിയിട്ടശേഷം പ്രതി കടന്ന് കളഞ്ഞു. നിലത്തു വീണ രമണിയുടെ ഒരു പല്ല് നഷ്ടപ്പെടുകയും ചെയ്തുവെന്ന് കാണിച്ചു അയിരൂർ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ അയിരൂർ എസ്.ഐ സജിത് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. സമീപ പ്രദേശത്തെ സി.സി ടിവികൾ പരിശോധിച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ശരത്ത് പകൽ സമയം അലഞ്ഞു തിരിഞ്ഞു നടക്കുകയും ആൾതാമസം ഇല്ലാത്തതും വൃദ്ധർ തമാസിക്കുന്നതുമായ വീടുകൾ കണ്ടെത്തി വച്ചശേഷം രാത്രിയിൽ മോഷണം നടത്തുകയുമാണ് രീതിയെന്ന് അയിരൂർ പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |