തിരുവനന്തപുരം: വേനലവധിക്കാലം വായനയ്ക്കും സിനിമ കാണാനുമായി മാറ്റിവയ്ക്കണമെന്ന് മുൻ ഡി.ജി.പി ഋഷിരാജ് സിംഗ്. സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലെ സമ്മർ സ്കൂൾ ക്യാമ്പിൽ മുഖാമുഖം പരിപാടിയിൽ കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഭാഷ മനസിലാക്കാൻ വായന വേണം. പത്രങ്ങളിലെ ഒന്നാം പേജിലെ തലക്കെട്ടുകൾ വായിക്കണം. പഠിച്ച് കുറേ മാർക്ക് വാങ്ങിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കളാണ് തന്റെ റോൾ മോഡലെന്ന് മറ്റൊരു ചോദ്യത്തിന് മറുപടി നൽകി. കുട്ടികളെക്കൊണ്ട് പാടിച്ചും പടം വരപ്പിച്ചും നൃത്തം ചെയ്യിച്ചും അദ്ദേഹം സമ്മർ സ്‌കൂൾ ആഘോഷമാക്കി. അഭിരു എന്ന കുട്ടി ഋഷിരാജ് സിംഗിന്റെ ചിത്രം വരച്ചു നൽകി.
പുരുഷൻമാർക്ക് മീശയുണ്ട്, ഗാന്ധിക്കും പിണറായിക്കും മീശയില്ലല്ലോ
പുരുഷൻമാരെയും സ്ത്രീകളെയും എങ്ങനെ തിരിച്ചറിയും? ലിംഗബോധവത്കരണ ക്ലാസിലെ ചോദ്യം കേട്ട കുട്ടികൾ ഉടനെ പറഞ്ഞു, ആണുങ്ങൾക്ക് മീശയുണ്ട്, സ്ത്രീകൾക്കില്ല. അങ്ങനെയെങ്കിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കും മുഖ്യമന്ത്രി പിണറായി വിജയനും മീശയില്ലല്ലോയെന്ന് ക്ലാസ് എടുത്ത കേരളാ സ്റ്റേറ്റ് ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം ചില്ല അനിൽ സംശയം പ്രകടിപ്പിച്ചു. അതോടെ ഒരു കുട്ടി നൂറ് രൂപാ നോട്ടുമായി മുന്നോട്ടുവന്നു. ഇതിലെ ഫോട്ടോയിൽ മൂക്കിന് താഴെ ഗാന്ധിക്ക് ചെറിയ മീശയുണ്ടെന്നായിരുന്നു കുട്ടിയുടെ വാദം. അതോടെ ചിരിപടർന്നു. സ്ത്രീ,പുരുഷൻ,ഭിന്നലിംഗം എന്നിവയെ കുറിച്ച് കുട്ടികൾക്ക് മനസിലാകുന്ന വിധം രസകരമായി സമ്മർ സ്‌കൂളിൽ അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |