കൊച്ചി: കുമ്പളങ്ങിയിൽ മുപ്പത്തൊന്നുകാരനെ യുവാക്കൾ സംഘം ചേർന്ന് വെട്ടിക്കൊന്നു. പഴയ പോസ്റ്റ് ഓഫീസിന് സമീപം നടുവിലത്തറവീട്ടിൽ ഇറച്ചിവെട്ട് തൊഴിലാളിയായ അനിൽകുമാറാണ് (കണ്ണൻ മുതലാളി) കൊല്ലപ്പെട്ടത്. സംഭവത്തിൽ കുമ്പളങ്ങി സ്വദേശി ജിതിൻ പിടിയിലായി. അറസ്റ്ര് രേഖപ്പെടുത്തിയിട്ടില്ല. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്. കുമ്പളങ്ങി സ്വദേശികളായ ഷാരോൺ, ജിജോ എന്നിവർ ഒളിവിലാണ്. ഇവരാണ് പ്രധാന പ്രതികളാണെന്നാണ് സൂചന.
ഞായറാഴ്ച രാത്രി ഒരുമണിയോടെ കുമ്പളങ്ങി പഞ്ചായത്ത് ഓഫീസിന് സമീപമാണ് സംഭവം. നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട അനിൽകുമാർ. പഞ്ചായത്ത് ഓഫീസിന് സമീപത്തെ വീട്ടിൽ വച്ച് അനികുമാറും പ്രതികളും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
മദ്യലഹരിയിലായിരുന്ന അനിൽകുമാർ ചടങ്ങ് നടക്കുന്ന വീട്ടിലെ ബൈക്ക് കേടുവരുത്തിയതാണ് തർക്കത്തിലേക്ക് നയിച്ചത്. തുടർന്ന് വാക്കുത്തർക്കത്തിലേർപ്പെട്ട എല്ലാവരെയും വീട്ടുകാർ ഇവിടെ നിന്നും നീക്കി. ഈ ദേഷ്യത്തിൽ സമീപത്തെ ഇറച്ചിവെട്ട് കടയിൽനിന്ന് അനിൽകുമാർ കത്തിയുമായി എത്തുകയും ഇയാളിൽ നിന്ന് കത്തി വാങ്ങി ജിതിനും സംഘവും തിരിച്ച് ആക്രമിക്കുകയുമായിരുന്നു. അനിൽകുമാറിന്റെ വലതുകാൽമുട്ടിനാണ് വെട്ടേറ്റത്. തുടർന്ന് ഇയാൾക്കൊപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചയോടെ അനിലിനെ ചോരവാർന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജിതിനെ കുമ്പളങ്ങിയിലെ വീട്ടിൽനിന്നാണ് പൊലീസ് പിടികൂടിയത്. എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. കുമ്പളങ്ങി പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |