കോട്ടയം : ജി 20 ഉച്ചകോടി ഉദ്യോഗസ്ഥ സമ്മേളനത്തിന്റെ ആവേശം ചോരും മുൻപ് ലോകമറിയുന്ന ടൂറിസ്റ്റ് കേന്ദ്രമായി വളർന്ന കുമരകത്തെ ഇളക്കി മറിക്കാൻ ടൂറിസം ഫെസ്റ്റ് വരുന്നു. മന്ത്രി വി.എൻ.വാസവൻ പ്രത്യേക താത്പര്യമെടുത്തുാണ് ആദ്യമായി ടൂറിസം ഫെസ്റ്റ് നടത്തുന്നത്. മേയ് പകുതിയോടെ നടക്കുന്ന ആദ്യ ഫെസ്റ്റിൽ കുമരകത്തെ ടൂറിസം ഗ്രാമമായി പ്രഖ്യാപിക്കും. ടൂറിസം കലണ്ടറിൽ ഉൾപ്പെടുത്തി എല്ലാ വർഷവും ഫെസ്റ്റ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഈ മാസം 24 ന് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം രൂപരേഖ തയ്യാറാക്കും.
വിവിധ ലോക രാഷ്ട്രങ്ങളിലെ പ്രമുഖർ പങ്കെടുത്ത ഉച്ചകോടിയ്ക്ക് വേദിയായിട്ടും കുമരകത്തെ ഗ്രാമത്തനിമ ലോകത്തിന് മുന്നിൽ കാണിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തിയില്ലെന്ന വിമർശനം ഉയർന്നിരുന്നു. നല്ല റോഡും വൈദ്യുതിയും അടക്കം ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടതിന്റെ പ്രയോജനം നാട്ടുകാർക്ക് ലഭിച്ചതിനപ്പുറം കുമരകത്തിന് നേട്ടമുണ്ടാക്കാനായില്ലെന്നായിരുന്നു ജനപ്രതിനിധികൾ അടക്കമുള്ളവരുടെ വിമർശനം. നാലു ദിവസം നീളുന്ന കുമരകം ഫെസ്റ്റിൽ കലാപരിപാടികൾ, സെമിനാർ, ഫുഡ് കോർട്ട് അടക്കം കുമരകത്തിന്റെ രുചിയും സാംസ്കാരിക തനിമയും പ്രദർശിപ്പിക്കുന്ന പരിപാടികൾക്കാണ് മുൻഗണന. കലാകായിക മത്സരങ്ങളും ഘോഷയാത്രയും ഉണ്ടാകും.
''വേമ്പനാട്ടുകായലിലൂടെയുള്ള സഞ്ചാരവും റിസോർട്ടുകളിലെ താമസവും മാത്രമല്ല ടൂറിസം. കുമരകം ഗ്രാമത്തിന്റെ കലാ സാംസ്കാരിക ഉൾത്തുടിപ്പുകൾ കൂടി പുറംലോകത്തെ അറിയിക്കാനാണ് ആദ്യമായി കുമരകം ഗ്രാമ പഞ്ചായത്ത് മുൻ കൈയെടുത്ത് ഫെസ്റ്റ് നടത്തുന്നത്. ജനകീയ പങ്കാളിത്തത്തോടെ ഉത്തരവാദിത്വ ടൂറിസത്തിന്റെ ലോക മാതൃകയായി മാറിയ കുമരകത്തെ ടൂറിസം ഗ്രാമമായി പ്രഖ്യാപിക്കുന്നതിലൂടെ വിനോദ സഞ്ചാര മേഖലയിൽ വൻകുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്.
-ധന്യസാബു (കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
''ആഭ്യന്തര ടൂറിസ്റ്റുകളുടെ ഒഴുക്ക് സ്കൂൾ അവധികാലത്ത് ഉണ്ടായിട്ടുണ്ട്. വിദേശരാജ്യ പ്രതിനിധികൾക്ക് കുമരകത്തെ കൂടുതൽ അറിയാൻ ഉച്ചകോടിയോടെ കഴിഞ്ഞു. ഇത് വിദേശ വിനോദ സഞ്ചാരികളുടെ വർദ്ധനവിന് ഇടയാക്കും. ടൂറിസം ഗ്രാമമായി പ്രഖ്യാപിക്കുന്ന
കുമരകം ഫെസ്റ്റ് വലിയ പ്രയോജനം ചെയ്യും.
-സലീം ദാസ് (ചേംബർ ഒഫ് വേമ്പനാട് ഹോട്ടൽ ആൻഡ് റിസോർട്ട് പ്രതിനിധി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |