ആലപ്പുഴ : കായൽവിനോദ സഞ്ചാരത്തിനായി ജലഗതാഗത വകുപ്പ് ആരംഭിച്ച വേഗ,സീ കുട്ടനാട് ബോട്ടുകൾ റെക്കാഡ് കളക്ഷൻ നേട്ടത്തിൽ. കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം പാക്കേജിലൂടെ എത്തുന്ന സഞ്ചാരികളും ഇതിൽ നിർണായക പങ്കു വഹിക്കുന്നു.
ഇരുബോട്ടുകളുടെയും നിർമ്മാണത്തിന് ചെലവായ തുക ചുരുങ്ങിയ സമയം കൊണ്ട് തിരികെ ലഭിച്ചുവെന്നതാണ് ശ്രദ്ധേയം. വേഗയിൽ കഴിഞ്ഞ ഒന്നരവർഷക്കാലത്തിനുള്ളിൽ 2.80കോടി രൂപ കളക്ഷൻ ലഭിച്ചു. 2022 ഒക്ടോബറിൽ നീരണിഞ്ഞ പുതിയ സീ കുട്ടനാട് ബോട്ടിന് ഇതുവരെ ലഭിച്ച കളക്ഷൻ 95ലക്ഷം രൂപയാണ്. ഇത് റെക്കാഡാണ്. 1.90 കോടിയായിരുന്നു വേഗയുടെ നിർമ്മാണ ചിലവ്.
സീസൺ ആരംഭിച്ചതോടെ എല്ലാ ദിവസവുംഇരുബോട്ടുകളുടെയും മുഴുവൻ സീറ്റുകളും സഞ്ചാരികളെക്കൊണ്ട് നിറയുന്നുണ്ട്. അടുത്ത 30 വരെ അഡ്വാൻസ് ബുക്കിംഗാണ്. കെ.എസ്.ആർ.ടി.സിയുടെ മലബാർ, മലയോര ഡിപ്പോകളിൽ നിന്നാണ് ബഡ്ജറ്റ് ടൂറിസം പാക്കേജിലൂടെ സഞ്ചാരികൾ ആലപ്പുഴയുടെ കായൽ സൗന്ദര്യം നുകരാനായി എത്തുന്നത്. കായൽപ്പരപ്പിലെ യാത്രയ്ക്ക് പതിനായിരത്തിലധികം രൂപ ഹൗസ് ബോട്ടുകൾ ഈടാക്കുമ്പോഴാണ് അഞ്ചു മണിക്കൂറിന് 400 രൂപയ്ക്ക് സുരക്ഷിതമായ ബോട്ട് യാത്രയാ്ര സീ കുട്ടനാട് ഒരുക്കുന്നത്.
വാട്ടർ ടാക്സിക്കും പ്രിയം
പറശ്ശിനിക്കടവ്, മുഹമ്മ എന്നിവടങ്ങളിലാണ് നിലവിൽ വാട്ടർ ടാക്‌സിയുള്ളത്. മുഹമ്മ ബോട്ടുജെട്ടിയിൽ നിന്ന് പുറപ്പെടുന്ന വാട്ടർ ടാക്‌സിയ്ക്ക് ഒരു മണിക്കൂർ യാത്രക്ക് ഒരാൾക്ക് 150 രൂപ വീതം 10പേർക്ക് 1500രൂപയാണ് ചാർജ്. 15മിനിട്ട് യാത്രയ്ക്ക് ഒരാൾക്ക് 40രൂപ വീതം 400 രൂപയും.
സുന്ദരം വേഗ ബോട്ട് യാത്ര
ആലപ്പുഴ ബോട്ടുജെട്ടിയിൽനിന്ന് രാവിലെ 11ന് യാത്ര ആരംഭിച്ച് വൈകിട്ട് 4ന് തിരിച്ചെത്തും
പുന്നമട, മുഹമ്മ, കായിപ്പുറം, പാതിരാമണൽ, ആർ ബ്ലോക്ക് തുടങ്ങിയയിടങ്ങളിലൂടെ സഞ്ചാരം
ഭക്ഷണം ഉൾപ്പെടെ എ.സി സീറ്റിന് 730 രൂപ, നോൺ എസിക്ക് 530 രൂപ
കുടുംബശ്രീയുടെ നാടൻഭക്ഷണങ്ങളും ഐസ്‌ക്രീം, ചായ, സ്‌നാക്‌സ് എന്നിവയും ബോട്ടിൽ
ബുക്കിംഗിന് : 940050325, 9400050326.
റെക്കാഡ് കളക്ഷൻ
ഒന്നര വർഷത്തിനുള്ളിൽ വേഗ ബോട്ടിന് ലഭിച്ചത് : 2.80 കോടി
2022 ഒക്ടോബർ മുതൽ ഇതുരെ സീ കുട്ടനാടിന് : 95 ലക്ഷം
"ബഡ്ജറ്റ് ടൂറിസം പാക്കേജ് വിജയകരമായതോടെ, കായൽ സഞ്ചാരികളെ ആകർഷിക്കുന്നതിനായി ആധുനിക സംവിധാനത്തോടെ കൂടുതൽ ബോട്ടുകൾ നിർമ്മിക്കും. കുറഞ്ഞ ചെലവിൽ സഞ്ചാരികൾക്ക് അന്തർദ്ദേശീയ നിലവാരമുള്ള സുരക്ഷിത ബോട്ടുകളിൽ സഞ്ചരിക്കാൻ അവസരമുണ്ടാകും.
- ജലഗതാഗത വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |