തിരുവല്ല : തിരക്കേറെയുള്ള തിരുവല്ല - കായംകുളം സംസ്ഥാന പാതയിൽ മുത്തൂർ റോഡിലേക്ക് തിരിയുന്ന കാവുംഭാഗം ഏറങ്കാവ് ജംഗ്ഷൻ യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. നാല് വശങ്ങളിലേക്കുള്ള റോഡുകളാണ് ഇവിടെ സംഗമിക്കുന്നത്. റോഡ് വികസിപ്പിച്ചതോടെ ഇവിടെ ഗതാഗതക്കുരുക്കും പതിവാണ്. മുത്തൂരിൽ നിന്നുള്ള വാഹനങ്ങൾ കായംകുളം റോഡിലേക്ക് പ്രവേശിക്കുന്നതും തിരുവല്ല ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ മുത്തൂർ റോഡിലേക്ക് പ്രവേശിക്കുന്നതും കായംകുളം മാവേലിക്കര, ശ്രീവല്ലഭക്ഷേത്രം റോഡ് എന്നിവിടങ്ങളിൽ നിന്നും വാഹനങ്ങൾ കടന്നുവരുന്നതും ജംഗ്ഷനിൽ വീർപ്പുമുട്ടുന്ന സ്ഥിതിയാകും. തിരുവല്ല - കായംകുളം പാത നവീകരിച്ചപ്പോൾ നടപ്പാത നിർമ്മിക്കുകയും നിലവിലെ റോഡിന് വീതികൂട്ടാതിരുന്നതും യാത്രാക്ലേശം സൃഷ്ടിക്കുന്നുണ്ട്. മിക്കപ്പോഴും ചീറിപ്പായുന്ന വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നതും പതിവാണ്. ഇരുചക്ര വാഹന യാത്രക്കാർക്കാണ് കൂടുതൽ ഭീഷണി. സിഗ്‌നൽ സംവിധാനം ഇല്ലാത്തതിനാൽ തോന്നിയപോലെയാണ് വാഹനങ്ങൾ പോകുന്നത്. വളവായതിനാൽ എതിരെയെത്തുന്ന വാഹനങ്ങൾ കാണാനാകാത്തതും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. സംസ്ഥാനപാതയിൽ ഗതാഗതം സ്തംഭിച്ചാൽ രോഗികളുമായി പോകുന്ന ആംബുലൻസ് പോലും കുരുക്കിൽപ്പെടും. ഇത് രോഗികളുടെ ജീവഹാനിക്കും സാദ്ധ്യതയുണ്ട്. ഹെവി ലോഡുമായി പോകുന്ന അന്തർ സംസ്ഥാന വാഹനങ്ങളും ടോറസുകളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് മുത്തൂർ റോഡിലൂടെ പ്രധാന റോഡിലേക്ക് എത്തുന്നത്. ഇവിടെ ഗതാഗതം നിയന്ത്രിക്കാൻ പൊലീസുകാരുടെ സേവനം മിക്കപ്പോഴും ലഭ്യമല്ലാത്തതും യാത്രക്കാരെ കുരുക്കിലാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |