
ലോകത്തിലേറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന ഇന്ത്യയ്ക്ക് ലോക ക്ഷീരഭൂപടത്തിൽ മുൻപന്തിയിലാണ് സ്ഥാനം. ലോകത്താകെയുള്ള കന്നുകാലി സമ്പത്തിന്റെ 20 ശതമാനത്തോളം ഇന്ത്യയിലാണ്. കേരളത്തിൽ എട്ടുലക്ഷം കുടുംബങ്ങളിലായി 25 ലക്ഷത്തിലധികം ജനങ്ങൾ ക്ഷീരമേഖലയെ ആശ്രയിച്ചാണ് കഴിയുന്നത്. ഇപ്പോഴിതാ, സംസ്ഥാനത്തെ പാലുൽപാദനം വർദ്ധിപ്പിക്കാൻ കറവയിൽ പുതിയ സമയക്രമം ഏർപ്പെടുത്താനുള്ള ആലോചനയിലാണ് ക്ഷീരവകുപ്പ്. രാവിലെ ആറിനും വൈകിട്ട് ആറിനുമായി കറവ സമയം നിജപ്പെടുത്തും.ഇതേക്കുറിച്ച് മിൽമയുമായി ചർച്ചകൾക്കും വകുപ്പ് തയ്യാറെടുക്കുകയാണ്.
ഇങ്ങനെ വന്നാൽ സൊസൈറ്റികളിൽ ഏഴര മണിവരെ പാൽ എടുക്കാനാകും. ഗുജറാത്തിൽ ഈ മാതൃക വിജയകരമായി നടപ്പാക്കുന്നുണ്ട്. ഇത് കേരളത്തിനും അനുയോജ്യമാണെന്നാണ് വിദഗ്ധാാഭിപ്രായം. അതുകൊണ്ടുതന്നെ മിൽമ പാൽ ശേഖരണസമയം പുനഃക്രമീകരിക്കുന്നത് സംബന്ധിച്ച് വലിയ സ്വീകാര്യതയാണ് ക്ഷീരകർഷകരിൽനിന്ന് ലഭിക്കുന്നത്. പദ്ധതി നടപ്പിലായാൽ കേരളത്തിലെ ക്ഷീരമേഖലയിൽ കുതിച്ചുചാട്ടം പ്രതീക്ഷിക്കാം. മിൽമയുടെ പാൽ സംഭരണസമയം മാറ്റുമ്പോൾ കറവയ്ക്ക് 12 മണിക്കൂർ ഇടവേള നൽകുന്നവിധം രാവിലെ ആറ് മുതൽ 9.30 വരെയും, വൈകിട്ട് നാല് മുതൽ 7.30 വരെയും എന്ന രീതിയിലാക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നുണ്ട്.
ഉത്പാദനക്ഷമത കൂടും
നിലവിൽ രാവിലെയും ഉച്ചയ്ക്ക് ശേഷവുമുള്ള കറവ തമ്മിലുള്ള സമയവ്യത്യാസം എട്ട് മണിക്കൂറാണ്. ഭൂരിഭാഗം ക്ഷീരസംഘങ്ങളിൽ നിന്നും രാവിലത്തെ പാൽ 7.30നകം മിൽമയുടെ പാൽവണ്ടികൾ വന്ന് ചില്ലിംഗ് പ്ലാന്റിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് കറക്കുന്ന പാൽ ക്ഷീരസംഘങ്ങളിൽ നിന്നും ശേഖരിച്ച് മിൽമയുടെ വാഹനം 1.30നും 3.30നും ഇടയിൽ ചില്ലിംഗ് പ്ലാന്റിലെത്തിക്കും. ഈ രീതിയിൽ സഹകരണ സംഘങ്ങളിലെ സംഭരണസമയത്തിന് അനുസരിച്ച് കറവനടത്താനും കറവകൾക്കിടയിലെ ഇടവേള ചുരുക്കാനും ക്ഷീരകർഷകർ നിർബന്ധിതരായെന്നതാണ് വസ്തുത. ഇതിന്റെ ഫലമായി പശുക്കൾക്ക് ആരോഗ്യപരമായും ഉൽപാദനപരമായും കഷ്ടതകൾ ഏറെയുണ്ടെന്ന് മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഒരു ദിവസം രാവിലെയും ഉച്ചയ്ക്ക് ശേഷവും രണ്ടു കറവകൾക്കിടയിലെ ഇടവേള എട്ടു മണിക്കൂറാണെങ്കിൽ അടുത്ത കറവ പിറ്റേന്ന് രാവിലെയാണ് . ഇങ്ങനെയുണ്ടാകുന്ന സമയ വ്യത്യാസം 15 - 16 മണിക്കൂറും. അത്യുൽപ്പാദനശേഷിയും 15 ലിറ്ററിന് മേൽ കറവയുള്ളതുമായ പശുക്കളിൽ ഇതുണ്ടാക്കുന്ന ശാരീരിക സമ്മർദ്ദം വലുതാണ്. കറവ നടക്കാതെ അകിടിൽ നിറയുന്ന പാൽ അകിടുവീക്ക രോഗങ്ങൾളുണ്ടാക്കും. ഇത് കർഷകർക്ക് വൻ നഷ്ടമുണ്ടാക്കും.
സാമ്പത്തിക മെച്ചമേറെ
രണ്ടു കറവകൾക്കിടയിലെ ഇടവേള വർദ്ധിപ്പിക്കുമ്പോൾ അത് പശുക്കളുടെ പ്രതിദിന പാലുൽപ്പാദനത്തിലും മെച്ചപ്പെട്ട ഫലങ്ങളുണ്ടാക്കും. പ്രസവം കഴിഞ്ഞ് രണ്ടുമാസത്തിൽ പരമാവധി കറവയിലെത്തിയ ഒരു പശുവിന് രാവിലെ എട്ട് ലിറ്ററും തുടർന്ന് എട്ട് മണിക്കൂർ കഴിഞ്ഞ് കറക്കുമ്പോൾ നാല് ലിറ്ററുമാണ് കറവ. എന്നാൽ കറവസമയത്തിൽ പന്ത്രണ്ട് മണിക്കൂർ ഇടവേള വരുമ്പോൾ പാലുൽപാദനം വർദ്ധിപ്പിക്കും. രണ്ടാമത്തെ കറവയിൽ ആദ്യത്തെ കറവയിൽ കിട്ടിയതിനോടുത്ത അളവിൽതന്നെ പാൽ ലഭിക്കും. അതായത് നിലവിൽ എട്ടു മണിക്കൂർ ഇടവിട്ട് കറക്കുമ്പോൾ രാവിലെ എട്ടും വൈകിട്ട് നാലു ലീറ്ററും അടക്കം ആകെ 12 ലിറ്ററാണ് ഉൽപ്പാദനം. കറവ ഇടവേള പന്ത്രണ്ട് മണിക്കൂർ ആകുമ്പോൾ ആകെ ഉൽപാദനം 13 ലിറ്റർ വരെയാകും. പ്രതിദിനം ഒരു ലീറ്ററിന്റെ ഉൽപാദന വ്യത്യാസം. പാലളവ് മാത്രമല്ല പാലിലെ ശരാശരി കൊഴുപ്പിലും വർദ്ധനയുണ്ടാവും. ഉൽപാദന മികവുള്ള പശുക്കളിൽ കറവ ഇടവേള കൂട്ടുമ്പോൾ പാലളവ് ഇനിയും ഉയർന്നേക്കും. ദിവസം ഒന്നോ രണ്ടോ ലീറ്ററോ പാൽ കൂടിയാൽ തന്നെ അത് ക്ഷീരകർഷകരെ സംബന്ധിച്ച് സാമ്പത്തികനേട്ടമാണ്.
ചെറുതല്ലാത്ത ആശ്വാസം
നിലവിലെ രാവിലെ 6.30നും 7.30നും ഇടക്കുള്ളതും വൈകിട്ട് 3 മണിക്കുള്ളതുമായ പാൽ സംഭരണ സമയം ക്ഷീരകർഷകർക്കുണ്ടാക്കുന്ന സമ്മർദ്ദം ചെറുതല്ല. കറവസമയത്തിലെ ഇടവേള കുറവായതിനാൽ കർഷകരിൽ ഭൂരിഭാഗംപേർക്കും മറ്റൊരു ജോലിക്കോ കുടുംബ ആവശ്യങ്ങൾക്കോ പോകാൻ സാഹചര്യമില്ല. ഈ രീതിയിലും കർഷകർക്ക് ആശ്വാസമാകുന്നതാണ് പുതിയക്രമീകരണം.
സഹായങ്ങൾ പ്രഖ്യാപിച്ച് സർക്കാർ
സംസ്ഥാനത്തെ ക്ഷീരോത്പാദന രംഗത്ത് സ്വയംപര്യാപ്തമാകുകയാണ് കേരളത്തിന്റെ ലക്ഷ്യം. കേരളത്തിന് പ്രതിദിനം 16 ലക്ഷം ലിറ്റർ പാലാണ് ആവശ്യം. നിലവിൽ 14 ലക്ഷം ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നുണ്ട്. ക്ഷീരകർഷകർ എത്ര കൂടുതൽ പാൽ ഉത്പാദിപ്പിച്ചാലും ഏറ്റെടുക്കാനും അവയെ പാലുത്പന്നങ്ങളാക്കാനുമുള്ള പ്രായോഗികശേഷി നിലവിൽ മിൽമയ്ക്കുണ്ട്. സ്‌കൂളുകളിൽ മിൽമ അറ്റ് സ്‌കൂൾ എന്ന പേരിൽ പാർലർ ഏർപ്പെടുത്തുന്നത് ഉൾപ്പെടെ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കാൻ തയ്യാറെടുക്കുകയാണ് ക്ഷീരവകുപ്പ്. ക്ഷീരഗ്രാമം പദ്ധതിയിൽ തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം കൂടി ഉൾപ്പെടുത്തി പദ്ധതി കൂടുതൽ വ്യാപകമാക്കാനാണ് ശ്രമം. അതി ദരിദ്രർക്ക് 90 ശതമാനം സബ്സിഡിയിൽ പശുവിനെ നൽകാനുള്ള പദ്ധതിക്കും തുടക്കമായി. തീറ്റപ്പുല്ല് ഉത്പാദനം വർദ്ധിപ്പിക്കുക, കിടാരി പാർക്കുകൾ വ്യാപകമാക്കി മികച്ചയിനം പശുക്കളെ കർഷകർക്ക് ലഭ്യമാക്കുക എന്നിവയും സർക്കാർ ആലോചിക്കുന്നുണ്ട്. പദ്ധതികൾ കടലാസിൽ ഒതുങ്ങാതെ യഥാസമയം അർഹതപ്പെട്ടവരിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |