മലപ്പുറം: നമ്മുടെ ദാഹമകറ്റാൻ മാമ്പഴത്തിന്റെയും പൈനാപ്പിളിന്റെയും രുചിയോടെ നീരയെത്തും. മറ്റു ശീതളപാനീയങ്ങളുടെ നിരയിലേക്ക് എത്തുന്നതോടെ നീരകമ്പനികൾ ലാഭത്തിലാവുകയും ചെയ്യും.
നിലവിലെ നീര പെട്ടെന്ന് കേടാവുമ്പോൾ, പുതിയ പാനീയം ഒൻപതു മാസംവരെ കേടുകൂടാതിരിക്കും. ലാഭത്തിലേക്കുള്ള വഴിയും ഇതുതന്നെ. വേഗത്തിൽ കേടാവുന്ന നീര മാർക്കറ്റ് ചെയ്യാനുള്ള പ്രയാസവും പാസ്ചറൈസേഷൻ സംവിധാനങ്ങളില്ലാത്തതും പദ്ധതിയെ നഷ്ടത്തിലാക്കിയിരുന്നു.
ഏതു പഴച്ചാറും പാസ്ചറൈസ് ചെയ്യാനുള്ള ട്രെട്രാപാക്ക് പ്ലാന്റിന്റെ നിർമ്മാണം പാലക്കാട്ടെ മുതലമടയിൽ പുരോഗമിക്കുകയാണ്. 25 കോടി ചെലവിട്ട് കൺസോർഷ്യം ഒഫ് കോക്കനട്ട് പ്രൊഡ്യൂസർ കമ്പനീസ് ഇൻ കേരളയാണ് ഇതു സ്ഥാപിക്കുന്നത്. കേരളത്തിലെ ആദ്യപ്ളാന്റാണിത്.
പാസ്ചറൈസിംഗ്, പാക്കിംഗ് മെഷീനുകൾ യൂറോപ്പിൽ നിന്ന് ഇറക്കുമതി ചെയ്യും. ഒരു കോടി രൂപ ചെലവിൽ പ്ലാന്റിന്റെ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. 18 കോടി രൂപ കിഫ്ബിയിൽ നിന്ന് വായ്പയായി അനുവദിച്ചിട്ടുണ്ട്.
ട്രെട്രാപാക്ക് കമ്പനിയുടെ പൂനെയിലെ പ്രൊഡക്ട് ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സെന്ററാണ് നീരയുത്പന്നങ്ങൾ രൂപപ്പെടുത്തിയത്. 2018ൽ കേന്ദ്ര സർക്കാർ 6.25 കോടി രൂപ സബ്സിഡി അനുവദിച്ചിരുന്നു.
# വില കുറയും
200 മില്ലി നീരയ്ക്ക്
40 രൂപ
പഴച്ചാർ ചേർത്താൽ
25 രൂപയ്ക്ക് ലഭിക്കും
1,000 ലിറ്ററോളം:
നിലവിലെ പ്രതിദിന
നീര ഉത്പാദനം
10,000 ലിറ്റർ :
പാസ്ചറൈസ് ചെയ്യുന്ന
പ്ളാന്റിലെ ഉത്പാദനം
'പാസ്ചറൈസേഷൻ സംവിധാനമുണ്ടെങ്കിൽ എത്ര നീര വേണമെങ്കിലും ഉത്പാദിപ്പിക്കാം. മുതലമട പഞ്ചായത്തിൽ മാത്രം മൂന്ന് ലക്ഷം തെങ്ങുണ്ട്. ഇതിൽ 5,000 തെങ്ങ് ചെത്തിയാൽ മതി പ്ലാന്റിനുള്ള 10,000 ലിറ്റർ ലഭിക്കും.'
പി.വിനോദ് കുമാർ,
ചെയർമാൻ, കൺസോർഷ്യം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |