സ്വന്തമായി നിലപാടുള്ള കലാകാരന്മാർ നമ്മുടെ സമൂഹത്തിൽ വിരളമാണ്. എന്നാൽ അതിനപവാദമായിരുന്നു മാമുക്കോയ. ഏതു വിഷയത്തിലും കൃത്യമായ നിലപാടും അഭിപ്രായവുമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ആ നിലപാടിന്റെ മൂർച്ഛ എത്രത്തോളമുണ്ടെന്നത് വ്യക്തമാക്കുന്ന രണ്ട് സംഭവങ്ങളെ കുറിച്ച് ഒരിക്കൽ മാമുക്കോയ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബാബറി മസ്‌ജിദിന്റെ തകർച്ചയും, മനുഷ്യൻ നാടകത്തെയും സംബന്ധിച്ചതായിരുന്നു അവ.
ബാബറി മസ്‌ജിദിന്റെ തകർച്ച എന്നുപറഞ്ഞാൽ പ്രചരണം കൊണ്ട് അതിന്റെ വികാരം കയറ്റി വിട്ടതാണ് എന്ന് മാമുക്കോയ അഭിപ്രായപ്പെട്ടിട്ടുണ്ട്. ''ബാബറി മസ്‌ജിദ് എത്രയോ വർഷമായിട്ട് പ്രാർത്ഥനയും നിസ്‌കാരവുമില്ലാതെ അടിച്ചിട്ടിരുന്നതാണ്. ഞാൻ അവിടെ പോയി കണ്ടയാളാണ്. പള്ളി പോയതല്ല നമ്മൾ കാണേണ്ടത്. അവിടത്തെ ജനങ്ങൾ ഇന്നുവരെ 100 രൂപയുടെ നോട്ട് കണ്ടിട്ടില്ല. അൻപതും അറുപതും രൂപയ‌്ക്ക് കൂലിപ്പണി ചെയ്യുന്നവരാണ് അവരിലധികവും. ഒരു രാഷ്‌ട്രീയക്കാരും നേതാക്കളും ഇതു പറഞ്ഞിട്ടില്ലല്ലോ?''- മാമുക്കോയയുടെ വാക്കുകൾ.
മനുഷ്യൻ എന്ന നാടകം ചെയ്യുന്ന സമയത്ത് ശരീയത്ത് നിയമത്തിന് എതിരാണെന്ന് വിവാദമുയർന്നിരുന്നു. മാമുക്കോയ ആയിരുന്നു നാടകത്തിലെ പ്രധാന വേഷം അവതരിപ്പിച്ചത്. വിവാദങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. മനുഷ്യൻ എന്ന നാടകം ശരയത്തിന് എതിരല്ലായിരുന്നു. ശരീയത്ത് എന്താണെന്ന് വ്യക്തമായിട്ട് പഠിക്കാത്തവരാണ് അത് പറഞ്ഞത്. ബാപ്പ ജീവിച്ചിരിക്കെ മകൻ മരിച്ചുപോയാൽ ആ മകന്റെ മക്കൾക്ക് സ്വത്തിന് അവകാശമില്ല. ഇതായിരുന്നു നാടകത്തിന്റെ തീം. ഞാൻ അത് ഒരിക്കലും അംഗീകരിക്കില്ല. ഇനിയത് ശരീയത്ത് ആണെങ്കിലും അംഗീകരിക്കില്ല. ഞാൻ മരിക്കുന്നതിന് മുമ്പ് എന്റെ മകന്റെ മക്കൾക്ക് സ്വത്തിന് അവകാശമില്ലെന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്. ബന്ധവും മനുഷ്യത്ത്വവും നോക്കാതെ എന്ത് നിയമമാണുള്ളത്. അത് അംഗീകരിക്കില്ല എന്നാണ് നാടകത്തിലൂടെ പറഞ്ഞത്.
ഇന്ന് ഉച്ചയോടെയാണ് മലയാള സിനിമയുടെ ഹാസ്യത്തിന്റെ സുൽത്താൻ വിട പറഞ്ഞത്. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഏപ്രിൽ 24ന് മലപ്പുറം കാളികാവ് പൂങ്ങാട് അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ഉദ്ഘാടന ചടങ്ങിനിടെ കുഴഞ്ഞുവീണതിനെ തുടർന്നാണ് മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ തലച്ചോറിലേക്കുള്ള രക്തസ്രാവം കൂടി ബോധം നഷ്‌ടമായതോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. മരുന്നുകളോട് പ്രതികരിക്കാതിരുന്ന അദ്ദേഹത്തിന്റെ നില വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |